ആകാശവിസ്മയത്തിലേക്ക് കണ്ണെത്തിച്ച് കതാറ പ്ലാനറ്റോറിയം
text_fieldsദോഹ: ആകാശത്തെ കണ്ണെത്താത്ത ദൂരത്തിലേക്ക് ‘കണ്ണെത്തിച്ച്’ ഖത്തറിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രം തുറന്നു. അല്‍ തുറായ പ്ലാനറ്റോറിയം ദേശീയദിനത്തിലാണ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. വിവിധരാജ്യങ്ങളുടെ ഖത്തറിലെ നയതന്ത്രപ്രതിനിധികള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. വിജ്ഞാനവും വിനോദവും പകരുന്ന രീതിയിലാണ് പ്ലാനറ്റോറിയം. ക്ഷീരപഥങ്ങളുടെ ത്രിമാനമാതൃക നേരില്‍ ആസ്വദിക്കാനുള്ള സൗകര്യം പ്ലാനറ്റോറിയത്തിലുണ്ട്. ലോകത്തെ മറ്റുപ്രധാന പ്ലാനറ്റോറിയങ്ങളില്‍ നിന്നുള്ള അറിവുകളും ദൃശ്യങ്ങളും കൂടി ഡിജിസ്റ്റാര്‍ സംവിധാനത്തില്‍ സന്ദര്‍ശകര്‍ക്ക് ലഭിക്കും. ബഹിരാകാശ അറിവുകള്‍ക്കപ്പുറം ഭൂമിയെക്കുറിച്ചും കടലുകളെക്കുറിച്ചും സൂര്യനെ സംബന്ധിച്ചും ഒട്ടേറെ ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമാകും. സൗരയൂഥത്തിെൻറ വിവിധ മാതൃകകള്‍, സ്പേസ് ഷട്ടിലിെൻറയും ബഹിരാകാശ സഞ്ചാരികള്‍ ധരിക്കുന്ന സ്യൂട്ടിെൻറയും മാതൃകകള്‍ തുടങ്ങി പ്രവാചകെൻറ കാലത്തെ സവിശേഷ ജ്യോതിശാസ്ത്ര സംഭവങ്ങളെക്കുറിച്ചുള്ള ദൃശ്യവിവരണങ്ങള്‍ വരെ ഉണ്ട്. അറിവുകള്‍ അല്‍ തുറായ എന്ന പേരില്‍ നിന്നുതന്നെയാണ് തുടങ്ങുന്നത്. പ്രഭയേറിയ ഏഴു നക്ഷത്രങ്ങളുടെ കൂട്ടത്തെയാണ് ജ്യോതിശാസ്ത്രത്തില്‍ ഇൗ വാക്ക് സൂചിപ്പിക്കുന്നത്.
ആധുനിക ജ്യോതിശാസ്ത്രജ്ഞര്‍ പ്ലാഡിസ് എന്നു വിളിക്കുന്ന ഈ നക്ഷത്ര സമൂഹത്തിെൻറ ഇന്ത്യന്‍ പേര് കാര്‍ത്തിക എന്നാണ്. ചരിത്രാതീകാലംമുതലേ കാര്‍ത്തിക നക്ഷത്രത്തെക്കുറിച്ച് അറബ് ജനതക്ക് അറിവുണ്ടായിരുന്നു. പൗരാണിക അറബി ഗ്രന്ഥങ്ങളില്‍ ഈ നക്ഷത്രസമൂഹത്തെക്കുറിച്ച് ഒട്ടേറെ പരാമര്‍ശങ്ങളുമുണ്ട്. ആകാശത്തെ ഏറ്റവും സുന്ദരദൃശ്യമായാണ് ഈ നക്ഷത്ര സമൂഹത്തെ ഇവിടുത്തെ പൂര്‍വികര്‍ കണക്കാക്കിയിരുന്നത്. 2,240 ചതുരശ്രമീറ്ററാണ് വാനനിരീക്ഷണശാലയുടെ വിസ്തൃതി. ഇനി കതാറ സന്ദർശകരുടെ മുഖ്യ ആകര്‍ഷണകേന്ദ്രമായി മാറുക ഈ വാനനിരീക്ഷണ കേന്ദ്രമാകുമെന്ന് കതാറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈതി പറഞ്ഞു. പ്ലാനറ്റോറിയത്തിെൻറ മുഖ്യഹാളില്‍ 200പേര്‍ക്കുള്ള ഇരിപ്പിടങ്ങളുണ്ട്. നാലെണ്ണം അംഗപരിമിതര്‍ക്കും നാലെണ്ണം മുതിര്‍ന്ന പൗരന്മാര്ക്കുമാണ്. 22 മീറ്റര്‍ നീളമുള്ള കൂറ്റന്‍ സ്ക്രീനില്‍ ബഹിരാകാശ സംബന്ധിയായ അറിവുകള്‍ ദ്വിമാന, ത്രിമാന രൂപങ്ങളില്‍ കാണാം. ഇംഗ്ലീഷിലും അറബിയിലും വിവരണങ്ങള്‍ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
