ദേശങ്ങൾ താണ്ടി ദോഹയിൽനിന്ന് ഒരു ട്രെയിൻ യാത്ര
text_fieldsദോഹ: ഗൾഫ് രാജ്യങ്ങളിലുള്ളവർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് ആറ് രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള ജി.സി.സി റെയിൽ പദ്ധതി. 2030 ഡിസംബറോടെ പദ്ധതി നടപ്പാക്കുമെന്ന് അടുത്തിടെ അധികൃതർ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതിലേക്ക് ബന്ധിപ്പിക്കുന്ന ഖത്തർ-സൗദി റെയിൽ കരാറാണ് ഖത്തറിൽ താമസിക്കുന്നവർ ഏറെ ഉറ്റുനോക്കുന്നത്. ഖത്തർ-സൗദി റെയിൽ ലിങ്ക് കരാറിന്റെ കരട് രൂപത്തിന് ഖത്തർ മന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയിരുന്നു.
ഈ കരാർ പൂർത്തിയാകുന്നതോടെ ഏറെ പ്രതീക്ഷയർപ്പിക്കുന്ന ജി.സി.സി റെയിൽ പദ്ധതിയിലേക്ക് ഖത്തർ-സൗദി റെയിൽ പാതയെ ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
2022ൽ ഖത്തർ സന്ദർശനത്തിനെത്തിയ അന്നത്തെ സൗദി ഗതാഗത, മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽ ജാസിറും ഖത്തർ ഗതാഗത മന്ത്രിയായിരുന്ന ജാസിം സൈഫ് അഹ്മദ് അൽ സുലൈതിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലായിരുന്നു ഇരു രാജ്യങ്ങൾക്കുമിടയിലെ റെയിൽ ഗതാഗത സാധ്യതകളെ കുറിച്ച് ആദ്യ ചർച്ച നടന്നത്.
അനുയോജ്യമായ റെയിൽ ഗതാഗത പദ്ധതി സംബന്ധിച്ച പഠനത്തിന് തുടക്കം കുറിക്കാനും അന്ന് ധാരണയായി. തുടർന്ന് തയാറാക്കിയ സൗദിയുമായുള്ള റെയിൽവേ ലിങ്ക് കരാർ കരടുരൂപത്തിനാണ് മന്ത്രിസഭ ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. പ്രായോഗിക തലത്തിലേക്ക് പദ്ധതി നീങ്ങുന്നതിന്റെ സൂചകമാണ് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം.
ഖത്തറിലെ ആദ്യത്തെ മെയിൻലൈൻ റെയിൽവേ പദ്ധതിയാണിത്. ഏകദേശം 100 കിലോമീറ്റർ നീളമുള്ള പുതിയ പാത ദോഹയിൽ നിന്ന് സൗദി അറേബ്യയുടെ അതിർത്തിയായ അബു സംറ വരെ നീളും.
സൗദിയിലെ ദമ്മാമിൽ നിന്ന് യു.എ.ഇയിലെ ഗുവൈഫാത്തിലേക്കുള്ള നിർദിഷ്ട ജി.സി.സി റെയിൽ പാതയുമായി ദോഹ-അബു സംറ പാതയെ ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്.
എന്നാൽ, ജി.സി.സി റെയിൽ പദ്ധതിയുടെ ഭാഗമായി ഖത്തറിൽ നിന്ന് ദമ്മാമിലേക്ക് നേരിട്ട് മറ്റൊരു സമുദ്ര പാതയും നിർദേശിക്കുന്നുണ്ട്. ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയുമായി ഈ പാതയെ ബന്ധിപ്പിക്കാനാണ് പദ്ധതി.
അതേസമയം, ഖത്തർ റെയിലിന്റെ ദീർഘദൂര റെയിൽ പദ്ധതിയിൽ അഞ്ച് പ്രധാന ലൈനുകളാണ് ഉൾപ്പെടുന്നത്. ഇവയിലൊന്നാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്ന ദോഹ-അബൂസംറ പാത.
മിസൈദ് -റാസ് ലഫാൻ ചരക്കു പാത, ദോഹ-ദുഖാൻ പാത, ദോഹ-അൽ ഷമാൽ പാത എന്നിവയാണ് പദ്ധതിയിലെ മറ്റ് റെയിൽ ശൃംഖലകൾ. ദോഹയിൽ നിന്ന് ബഹ്റൈനിലേക്ക് ഒരു ഹൈ സ്പീഡ് പാസഞ്ചർ ലൈനും ഖത്തർ റെയിലിന്റെ പദ്ധതിയിലുണ്ട്.
പുതിയ ദോഹ- അബൂ സംറ 100 കിലോമീറ്റർ റെയിൽ പാത 2030ഓടെ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദോഹ-അബൂ സംറ റെയിൽ കരാറും ജി.സി.സി റെയിൽ പദ്ധതിയും പൂർത്തിയാകുന്നതോടെ ദോഹയിൽനിന്ന് ആറ് ഗൾഫ് രാജ്യങ്ങളിലെ നഗരങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാം. ദോഹയിൽനിന്ന് ദമ്മാമിലേക്കും, അവിടെ നിന്ന് കുവൈത്തിലെത്തി തിരിച്ച് യു.എ.ഇയിലെ ഗുവൈഫാത്ത് വഴി ഒമാനിലെ മസ്കത്ത് വരെ ആളുകൾ പോയിവരുന്ന കാലം വിദൂരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

