ലോകകപ്പിന് മുമ്പൊരു സൂപ്പർ കപ്പ്
text_fieldsദോഹ: ലോകകപ്പിനു മുമ്പായി ഖത്തറിലെ കാൽപന്ത് ആരാധകർ കാത്തിരുന്ന പോരാട്ടത്തിന് നാൾ കുറിച്ചു. 2022 ലോകകപ്പിലെ കിരീടജേതാക്കളെ നിർണയിക്കാനായി അണിഞ്ഞൊരുങ്ങിയ ലുസൈൽ സ്റ്റേഡിയത്തിൽ ലോകകപ്പിനും മുമ്പൊരു മിന്നും പോരാട്ടം നടക്കും. സ്റ്റേഡിയത്തിന്റെ ട്രയൽ റൺ ആയി മാറുന്ന ലുസൈൽ സൂപ്പർ കപ്പിന് സെപ്റ്റംബർ ഒമ്പതിനാണ് പന്തുരുളുക. സൗദി പ്രോ ലീഗ് ജേതാക്കളായ അൽ ഹിലാലും ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ജേതാക്കളും തമ്മിലാവും വാശിയേറിയ മത്സരം. ഇതോടൊപ്പം ലോകപ്രശസ്ത ഗായക സംഘത്തിന്റെ സംഗീതവിരുന്നുമുണ്ടാകും. കാണികൾക്ക് പ്രവേശനത്തിനുള്ള ടിക്കറ്റ്, മറ്റു വിശദാംശങ്ങൾ എന്നിവ പിന്നീട് അറിയിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.
ലോകകപ്പിനുള്ള എട്ട് സ്റ്റേഡിയങ്ങളിൽ ഏഴിലും ഇതിനികം നിരവധി മത്സരങ്ങൾക്ക് പന്തുരുണ്ടുകഴിഞ്ഞതാണ്. ഫിഫ അറബ് കപ്പും ക്ലബ് ലോകകപ്പും അമീർ കപ്പും ഉൾപ്പെടെ വിവിധ ചാമ്പ്യൻഷിപ്പുകൾക്ക് കളമൊരുക്കിയാണ് മറ്റു വേദികളെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ലുസൈൽ ഉദ്ഘാടന മത്സരത്തിനായുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞദിവസം കിക്കോഫ് കുറിച്ച ഖത്തർ സ്റ്റാർസ് ലീഗിൽ ആഗസ്റ്റ് 12ന് നടക്കുന്ന അൽഅറബി - അൽറയ്യാൻ മത്സരത്തിന് ലുസൈൽ വേദിയാവുന്നുണ്ട്. ലുസൈലിന് പുറമെ, മറ്റ് ലോകകപ്പ് വേദികളിലും സ്റ്റാർസ് ലീഗ് മത്സരങ്ങളുണ്ട്.
ലോകകപ്പിൽ ഖത്തറിലെ ഏറ്റവും ശ്രദ്ധേയ വേദികളിലൊന്നായാണ് ലുസൈൽ സ്റ്റേഡിയത്തിന്റെ തയാറെടുപ്പ്. 80,000 ഇരിപ്പിടശേഷിയുള്ള സ്റ്റേഡിയം മധ്യേഷ്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയം എന്ന റെക്കോഡിനും അവകാശികളാണ്. 'ലോകകപ്പ് കിക്കോഫിനുമുമ്പ് തങ്ങളുടെ ഒരുക്കങ്ങളിലെ അവസാന നാഴികക്കല്ലാണ് ലുസൈൽ സ്റ്റേഡിയം. ലോകകപ്പിന്റെ ഫൈനൽ വേദിയെന്ന നിലയിൽ ശ്രദ്ധയാകർഷിക്കുന്ന ഈ വേദി ടൂർണമെന്റിന്റെ കേന്ദ്രബിന്ദു കൂടിയാണ്' -സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ താവദി പറഞ്ഞു.
രൂപകൽപനയിലും നിർമാണത്തിലും എൻജിനീയറിങ് വിസ്മയമായി മാറിയ ലുസൈൽ സ്റ്റേഡിയം, മേഖലക്കും ഫുട്ബാൾ ലോകത്തിനും അഭിമാനകരമായ കളിമുറ്റമായാണ് പൂർത്തിയായിരിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ യാസിർ അൽ ജമാൽ പറഞ്ഞു. 'തങ്ങളുടെ പ്രോജക്ട് ടീമിന്റെ സമർപ്പണത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും അടയാളമാണ് ഈ കളിമുറ്റം. ഈ സ്റ്റേഡിയം സാക്ഷാത്കരിക്കാനും ഭൂമിയിലെ ഏറ്റവും വലിയ കായികോത്സവത്തിന്റെ കേന്ദ്ര ബിന്ദുവാക്കി മാറ്റാനും കഠിനാധ്വാനം ചെയ്ത എല്ലാവർക്കുമായി ഈ സ്റ്റേഡിയം സമർപ്പിക്കുന്നു' -യാസിർ അൽ ജമാൽ പറഞ്ഞു.
ലോകകപ്പ് ആരാധകർക്ക് ഏറ്റവും അവിസ്മരണീയമായ അനുഭവമാവും ലുസൈൽ സ്റ്റേഡിയം ഒരുക്കിയിരിക്കുന്നതെന്ന സി.ഇ.ഒ നാസർ അൽ കാതിർ പറഞ്ഞു. സുസ്ഥിരത നിർമാണം, ഖത്തറിന്റെ പാരമ്പര്യം അടയാളപ്പെടുത്തുന്ന രൂപകൽപന ഉൾപ്പെടെ വൈവിധ്യമാർന്ന ഘടകങ്ങളാണ് സ്റ്റേഡിയത്തിന്റെ ആകർഷണം.
അൽഹിലാൽ x ഈജിപ്ഷ്യൻ ചാമ്പ്യന്മാർ
അറബ് മേഖലയിലെ കരുത്തരായ രണ്ട് ക്ലബുകളുടെ പോരാട്ടത്തിനാകും സെപ്റ്റംബർ ഒമ്പതിന് ലുസൈൽ വേദിയാവുന്നത്. റിയാദിൽനിന്നുള്ള അൽഹിലാൽ സൗദി ഫുട്ബാൾ ക്ലബ് ആണ് നിലവിലെ പ്രോ ലീഗ് ജേതാക്കൾ.
ജൂണിൽ സമാപിച്ച സീസണിൽ രണ്ട് പോയന്റ് വ്യത്യാസത്തിൽ അൽഇത്തിഹാദിനെ പിന്തള്ളിയാണ് അൽഹിലാൽ സൗദി ജേതാക്കളായത്. തുടർച്ചയായി മൂന്നാം തവണ ലീഗ് കിരീടമണിഞ്ഞ ഹിലാൽ 18 തവണ ജേതാക്കളായി സൗദി പ്രോ ലീഗിലെ റെക്കോഡിന് അവകാശികൾ കൂടിയാണ്. സൗദി ദേശീയ ടീം അംഗങ്ങളായ അബ്ദുല്ല അൽ ഹംദാൻ, മുഹമ്മദ് കാനോ, ഗോൾ കീപ്പർ മുഹമ്മദ് അൽഉവൈസ്, പരിചയ സമ്പന്നനായ യാസിർ അൽ ഹശ്റാനി, മുഹമ്മദ് അൽ റെയ്ക്, സൽമാൻ അൽ ഫറാജ്, സാലിം അൽ ദൗസരി തുടങ്ങിയ പ്രമുഖ താരനിരയാണ് അൽ ഹിലാലിന്റെ കരുത്ത്. കഴിഞ്ഞ സീസണിൽ 30 കളിയിൽ 67 പോയന്റുമായാണ് ഹിലാൽ ജേതാക്കളായത്. ഇത്തിഹാദ് (65), അൽ നസ്ർ (61) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്.
അതേസമയം, ഈജിപ്ഷ്യൻ പ്രീമിയർ ലീഗിൽ കിരീടപോരാട്ടം അവസാന വട്ട കുതിപ്പിലാണിപ്പോൾ. എട്ട് മത്സരങ്ങൾ ബാക്കിനിൽക്കുന്ന ലീഗിൽ ആഗസ്റ്റ് 29നാണ് അവസാന അങ്കങ്ങൾ. നിലവിലെ പോയന്റ് പട്ടിക പ്രകാരം കൈറോയിൽ നിന്നുള്ള സമാലെകും (60 പോയന്റ്), പിരമിഡ് എഫ്.സിയും (56) ആണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. നിലവിലെ ചാമ്പ്യന്മാരും സമാലെക് ആണ്. അതേസമയം, റെക്കോഡ് ജേതാക്കളായ അൽഅഹ്ലി മൂന്നാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

