കലാ സൗന്ദര്യത്തിന്റെ വിസ്മയ കാഴ്ച; തനിമ ഇൻസൈറ്റ് പെയിന്റിങ് മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsതനിമ ഇൻസൈറ്റ് പെയിന്റിങ് മത്സരാർഥികൾ സംഘാടകരോടൊപ്പം
ദോഹ: കലാസൗന്ദര്യത്തിന്റെ വിസ്മയ കാഴ്ച തീർത്ത് തനിമ ഖത്തർ റമദാനിൽ സംഘടിപ്പിച്ച ഇൻസൈറ്റ് പെയിന്റിങ് മത്സര വിജയികളുടെ പ്രഖ്യാപനവും ചിത്രപ്രദർശനവും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന സമാപന ചടങ്ങിലാണ് മത്സരവിജയികളെ പ്രഖ്യാപിച്ചത്. കെ.വി. സിറാജുദ്ദീന് ഒന്നാം സ്ഥാനവും ശിഹാർ ഹംസ, ഉമാ റാമിയ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി പുരസ്കാരത്തിനർഹരായി. പ്രമുഖ ചിത്രകാരൻ ഇസ്മാഈൽ അസ്സാം വിജയികളെ തെരഞ്ഞെടുത്തത്.
പ്രദർശനം കാണാനെത്തിയവർ
ലൂസൈൽ ആർട് ഫാക്ടറിയിൽ നടന്ന ചടങ്ങിൽ ഖത്തരി കലാകാരൻ ഡോ. മുഹമ്മദ് സുൽതാൻ അൽ ദർവീശ്, ഇന്ത്യൻ കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ്, തനിമ രക്ഷാധികാരി ആർ.എസ്. അബ്ദുൽ ജലീൽ എന്നിവർ വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഖുർആനിക സൂക്തത്തെ ആധാരമാക്കി റമദാനിൽ 'ദിവ്യകാരുണ്യത്തിന്റെ പ്രാപഞ്ചിക അടയാളങ്ങൾ' എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ വിവിധ രാജ്യക്കാരായ 40 പേരാണ് എൻട്രികൾ സമർപ്പിച്ചത്. ലുസൈൽ ആർട് ഫാക്ടറിയിൽ ഒരുക്കിയ ചിത്രപ്രദർശനം ഡോ. മുഹമ്മദ് സുൽതാൻ അൽ ദർവീശ് ഉദ്ഘാടനം ചെയ്തു. രണ്ടുദിവസങ്ങളിലായി നടത്തിയ പ്രദർശനം കാണാൻ നിരവധി പേരാണെത്തിയത്.
സിറാജുദ്ദീന്, ശിഹാർ ഹംസ, ഉമാ റാമിയ
സി.ഐ.സി ഖത്തർ ജനറൽ സെക്രട്ടറി ഇ. അർഷദ്, തനിമ ഖത്തർ കോഓഡിനേറ്റർ സുഹൈൽ ശാന്തപുരം, തനിമ ഡയറക്ടർ സി.കെ. ജസീം, ജനറൽ സെക്രട്ടറി നാസർ വേളം, അസി. ഡയറക്ടർ ഡോ. സൽമാൻ, സെക്രട്ടറി കെ.കെ. മുജീബ്, യൂനുസ്, ഇജാസ് (ആർട് ഫാക്ടറി), തനിമ എക്സിക്യൂട്ടീവ് അംഗങ്ങളായ ലത്തീഫ് വടക്കേക്കാട്, സാലിം വേളം, ബാസിത് ഖാന്, ഷഫാ ബച്ചി എന്നിവർ കലാകാരന്മാർക്കുള്ള സർട്ടിഫിക്കറ്റുകൾ കൈമാറി. ഇൻസൈറ്റ് കൂടുതൽ വിപുലവും ആകർഷകവുമായ രീതിയിൽ വരും വർഷങ്ങളിലും സംഘടിപ്പിക്കുമെന്ന് തനിമ ഡയറക്ടർ ജസീം വ്യക്തമാക്കി. പ്രമുഖ ഐ.ടി കമ്പനിയായ ടി.എസ് ഖത്തറാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. പ്രമുഖ ചിത്രകാരനും തനിമ എക്സിക്യൂട്ടീവ് അംഗവുമായ ബാസിത് ഖാൻ, ആർട്ട് ഫാക്ടറി ഡയക്ടർ ഇജാസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

