മതാഫിൽ അപൂർവമായൊരു കലാസംഗമം
text_fieldsമതാഫ് അറബ് മ്യൂസിയത്തിൽ ആരംഭിച്ച മൂന്ന് പ്രദർശനങ്ങളുടെ ഉദ്ഘാടനം ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി നിർവഹിച്ചപ്പോൾ
ദോഹ: ഖത്തർ മ്യൂസിയത്തിനു കീഴിലെ മതാഫ് മോഡേൺ ആർട്ട് അറബ് മ്യൂസിയത്തിൽ മൂന്ന് ശ്രദ്ധേയ പ്രദർശനങ്ങൾക്ക് തുടക്കം കുറിച്ചു. ആഗസ്റ്റ് ഒമ്പത് വരെയായി മൂന്നു മാസത്തിലേറെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ കലയുടെയും സിനിമയുടെയും വേറിട്ട ലോകത്തിലൂടെയുള്ള കാഴ്ചയൊരുക്കിയാണ് മൂന്ന് പ്രദർശനം ഒരുമിച്ച് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽ ഥാനി പ്രദർശനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
ഖത്തർ മ്യൂസിയംസ് സി.ഇ.ഒ മുഹമ്മദ് സഅ്ദ് അൽ റുമൈഹി, മതാഫ് പ്രസിഡന്റ് ശൈഖ് ഹസൻ ബിൻ മുഹമ്മദ് ബിൻ അലി ആൽ ഥാനി, മീഡിയ സിറ്റി ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ അലി ആൽ ഥാനി എന്നിവർ പങ്കെടുത്തു. അന്തരിച്ച വിശ്രുത ഖത്തരി കലാകാരി വഫ അഹ്മദിന്റെ കലാ പ്രവർത്തനങ്ങളിലൂടെയുള്ള യാത്രയാണ് പ്രധാനം. ആധുനിക ഖത്തരി കലാപ്രവർത്തനത്തിന്റെ ഐക്കൺ ആയി അറിയപ്പെടുത്ത വഫ അഹ്മദിന്റെ ശ്രദ്ധേയമായ 23 ചിത്രങ്ങൾ പ്രദർശനത്തിൽ കാഴ്ചക്കാർക്ക് മുന്നിലെത്തും.
മതാഫ് മ്യൂസിയത്തിൽ ആരംഭിച്ച പ്രദർശനത്തിൽനിന്ന്
‘ഖത്തർ ക്ലോസ് ടു മൈ സോൾ’ എന്ന പേരിൽ അബ്ദുല്ല ബിൻ അലി ആൽ ഥാനിയുടെ കലാ സൃഷ്ടികൾ പ്രദർശിപ്പിക്കും. 1960 മുതൽ ഇന്നുവരെയുള്ള കലയുടെ സഞ്ചാരം കുറിച്ചിടുന്നതാണ് അബ്ദുല്ല ബിൻ അലിയുടെ പ്രദർശനം. ഖത്തരി കല, കലാകാരന്മാർ, പ്രസ്ഥാനങ്ങൾ, രാജ്യത്തിന്റെ ആധുനികവും സമകാലികവുമായ കലയെ രൂപപ്പെടുത്തിയ ആശയങ്ങൾ എന്നിവയുടെ അവലോകനം ഉറപ്പാക്കുന്നു.
അറബ് ലോകത്തെ 40ഓളം ചലച്ചിത്ര പ്രവർത്തകരുടെ സൃഷ്ടികൾ ചേർന്ന ‘യുവർ ഗോസ്റ്റ് ആർ മൈൻ; എക്സ്പാൻഡഡ് സിനിമാസ്, ആംപ്ലിഫൈഡ് വോയ്സസ്’ എന്ന പേരിലാണ് മൂന്നാമത്തെ പ്രദർശനം. കുടിയേറ്റം, പലായനം എന്നിവ ഉൾപ്പെടെ പ്രമേയങ്ങളിലാണ് ഈ പ്രദർശനം നടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.