ഒറ്റപ്പെടലിന്റെ വേദനയകന്നു; ഇബ്തിസാം അമ്മച്ചൂടറിഞ്ഞു
text_fields15 മാസത്തെ ഇടവേളക്കുശേഷം ഇബ്തിസാം മാതാവ് അസ്ഹറിനെ കണ്ട നിമിഷം
ദോഹ: മരണം മുന്നിൽ കണ്ട നിമിഷങ്ങളും വേദനകൾ തിന്നു തീർന്ന മാസങ്ങൾക്കും ശേഷം ഗസ്സയിൽ നിന്നുള്ള കൊച്ചുമിടുക്കി ഇബ്തിസാം ആദ്യമായി അവളുടെ ഉമ്മയുടെ തോളിലേക്ക് ചാഞ്ഞ് മാതൃസ്നേഹം ആവോളം നുകർന്നു. മകളുടെ മുടിയിഴകളിലൂടെ തലോടിയും നെറ്റിയിൽ ഉമ്മവെച്ചും മതിവരാതെ ആ ഉമ്മ അവളെ വീണ്ടും വീണ്ടും താലോലിച്ചു.
ഒപ്പം കൂടിനിന്നവരിലും ബന്ധുക്കളിലും കണ്ണീരും വേദനയും സന്തോഷവും മാറിമറിഞ്ഞ മുഹൂർത്തം. ഖത്തറിന്റെയും തുർക്കിയയുടെയും സംയുക്ത ദൗത്യത്തിനൊടുവിൽ ഒരു ഉമ്മയും മകളും വീണ്ടും ഒന്നായ നിമിഷമായിരുന്നു അത്. യുദ്ധം തീർത്ത മുറിവുകൾക്കുമേൽ സാന്ത്വനമായി ദോഹയിൽ അപൂർവമായൊരു സംഗമം. ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ അരലക്ഷത്തിനടുത്ത് ആളുകളെ കൊന്നാടുക്കുന്ന ഇസ്രായേലിന്റെ ക്രൂരതകൾക്കിടയിൽ അപൂർവമായി മാത്രം സംഭവിക്കുന്ന സമാഗമത്തിന് വ്യാഴാഴ്ച ദോഹ സാക്ഷ്യം വഹിച്ചു.
2023 ഒക്ടോബർ ഏഴു മുതൽ ഇസ്രായേൽ പോർവിമാനങ്ങൾ മരണം വിതച്ച് ഗസ്സയുടെ ആകാശത്തു നിന്ന് മിസൈൽ വർഷം തുടങ്ങിയതിന് പിന്നാലെ ഛിന്നഭിന്നമായ പതിനായിരം കുടുംബങ്ങളിലൊന്നാണ് ഇബ്തിസാമിന്റേതും. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത മണ്ണിൽനിന്ന് യുദ്ധത്തിന്റെ ആദ്യ നാളിൽ ദോഹയിലേക്ക് എത്തിപ്പെട്ടതാണ് പത്തു വയസ്സുകാരിയായ ഇബ്തിസാം. മാതാവ് അസ്ഹർ ഉൾപ്പെടെ ഉറ്റവർ ആരും അവൾക്കൊപ്പമില്ലായിരുന്നു.
ഇബ്തിസാമും മാതാവും സഹമന്ത്രി മർയം അൽ മിസ്നദ്, തുർക്കിയ അംബാസഡർ മുസ്തഫ ഗോക്സു എന്നിവർക്കൊപ്പം
യുദ്ധത്തിൽ പരിക്കേറ്റ 1500ഓളം ഫലസ്തീനികളെ ഖത്തറിലെത്തിച്ച് ചികിത്സിപ്പിക്കാമെന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഒരുക്കിയ എയർ ബ്രിഡ്ജിലൂടെയായിരുന്നു മറ്റു ഗസ്സൻ കുട്ടികൾക്കും സ്ത്രീകൾക്കുമൊപ്പം അവളും ഖത്തറിലെത്തിയത്. ദോഹയിലെത്തി മികച്ച ചികിത്സയും പരിചരണവും ലഭിച്ച് ജീവിതത്തിലേക്ക് തിരികെയെത്തി. പക്ഷേ, കൂട്ടുകാരും സ്വന്തക്കാരുമെല്ലാം നഷ്ടമായ അവൾക്ക് ഉമ്മയുടെയും സാമീപ്യം അന്യമായി.
ഇതിനിടെയാണ് മാതാവ് തുർക്കിയയിൽ ചികിത്സയിലുള്ളതായി അറിയുന്നത്. ഒടുവിൽ ഖത്തറിലെ തുർക്കിയ എംബസിയുടെയും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇടപെടലുകളോടെ ഉമ്മയും മകളും തമ്മിൽ 15 മാസത്തെ ഇടവേളക്കുശേഷം കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങി.
തുർക്കിയയിൽനിന്ന് ചികിത്സ പൂർത്തിയാക്കിയ ഉമ്മ അസ്ഹർ കഴിഞ്ഞ ദിവസം ഹമദ് വിമാനത്താവളത്തിലെത്തിയപ്പോൾ തുർക്കിയ അംബാസഡർ മുസ്തഫ ഗോക്സുവും ഖത്തറിന്റെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മർയം അൽ മിസ്നദും ചേർന്ന് സ്വീകരിച്ചു. പിന്നീടായിരുന്നു വിമാനത്താവള ലോബിയിലെ അതിവൈകാരികമായ ആ കൂടിച്ചേരൽ. ചില്ലുകവാടം കടന്നെത്തിയ ഉമ്മയെ കണ്ട് അവൾ ഇരിപ്പിടത്തിൽനിന്ന് ഓടിയെത്തി. ബൊക്കെ നൽകും മുമ്പേ മാതൃകരങ്ങളാൽ അവൾ വലയം ചെയ്തു. ആനന്ദക്കണ്ണീർ പെയ്തിറങ്ങിയ കാഴ്ചകൾക്ക് സാക്ഷിയായി മന്ത്രി മർയം അൽ മിസ്നദും തുർക്കിയ അംബാസഡറും മറ്റ് ഉദ്യോഗസ്ഥരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

