ലോകകപ്പിൽ അന്നാബികൾക്ക് ആവേശമാകാൻ ആരാധകപ്പട
text_fieldsദോഹ: ഫിഫ ലോകകപ്പിൽ ഖത്തർ ദേശീയ ഫുട്ബാൾ ടീമിന് ഗാലറിയിൽ ആവേശക്കരുത്താവാൻ വൻ ആരാധക സംഘം അണിനിരക്കും. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ തങ്ങളുടെ പ്രിയ ടീമിന് നേരിട്ടെത്തി പിന്തുണ നൽകാൻ ഖത്തരി ആരാധകർക്ക് ഇതോടെ വഴിയൊരുങ്ങും. അന്നാബികൾ കളത്തിലിറങ്ങുമ്പോൾ, കളിക്കാർക്ക് പിന്തുണയായി ആരാധകരുടെ സാന്നിധ്യം വലിയ ഊർജമാകും.
ഫിഫ ലോകകപ്പിൽ ഖത്തർ ഫുട്ബാൾ ടീമിനെ പിന്തുണക്കുന്നതിനായുള്ള 'ഖത്തരി ഫാൻസ് ഡെലിഗേഷൻ പ്രോഗ്രാമിന്' സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സോഷ്യൽ ആൻഡ് സ്പോർട് കോൺട്രിബ്യൂഷൻ ഫണ്ടും ഖത്തർ ഫുട്ബാൾ അസോസിയേഷനും കരാർ ഒപ്പുവെച്ചു.
ഖത്തരി ആരാധകരെ മത്സരവേദികളിൽ എത്തിക്കുന്നതിനായി സമഗ്രമായ യാത്രാ പദ്ധതിക്കാണ് സോഷ്യൽ ആൻഡ് സ്പോർട് കോൺട്രിബ്യൂഷൻ ഫണ്ട് നൽകുന്നത്. ഖത്തർ എയർവേസ് വഴിയുള്ള വിമാന ടിക്കറ്റുകൾ, താമസം, പ്രാദേശിക ഗതാഗത സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള പൂർണ്ണമായ യാത്രാച്ചെലവുകൾ പദ്ധതിക്ക് കീഴിൽ ലഭ്യമാക്കും.
ഖത്തരി ആരാധകർ, സപ്പോർട്ടേഴ്സ് അസോസിയേഷൻ അംഗങ്ങൾ, മാധ്യമപ്രവർത്തകർ, കളിക്കാരുടെ കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെ ഏകദേശം 1,000-ത്തോളം പേർക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തർ ഫുട്ബാൾ ടീമിന് ലോകകപ്പ് വേദിയിൽ ആവേശം പകരാൻ ഈ സഹായ കരാറിലൂടെ സാധിക്കുമെന്ന് ഖത്തർ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി ജനറൽ മൻസൂർ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. സുരക്ഷിതവും വിജയകരവുമായ ഒരു യാത്രയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

