അക്ഷരങ്ങളുടെ ആത്മബന്ധത്തിലേക്കൊരു ഗോൾഡൻ ക്ലിക്ക്
text_fieldsദോഹ പുസ്തകമേളയോടനുബന്ധിച്ച് നടന്ന ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷബീറിന്റെ ചിത്രം
ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ഖത്തർ ഫോട്ടോഗ്രഫി സെന്ററും സാംസ്കാരിക മന്ത്രാലയവും സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിൽ പ്രവാസി മലയാളിക്ക് ഒന്നാം സ്ഥാനം. കുറ്റ്യാടി വേളം സ്വദേശി ഷബീർ വി.എം ആണ് പുസ്തകങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന പിതാവിന്റെയും പുത്രന്റെയും ജീവൻതുടിക്കുന്ന ചിത്രവുമായി ജേതാവായത്. സ്വദേശികളും വിവിധ രാജ്യക്കാരായ പ്രവാസികളും സന്ദർശകരും മാറ്റുരച്ച മത്സരത്തിലാണ് ഖത്തറിലെ ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന ഷബീർ ഒന്നാമനായത്. 3000 റിയാലാണ് സമ്മാനത്തുക.
ഷബീർ വി.എം
മേയ് എട്ട് മുതൽ 17 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന ദോഹ പുസ്തക മേളയോടനുബന്ധിച്ച് സന്ദർശകർക്കായി മൊബൈൽ ഫോൺ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചത്. പുസ്തകമേളയുടെ കാഴ്ചകൾ പ്രമേയമാക്കി ഫോട്ടോ എടുത്ത് ഇൻസ്റ്റഗ്രാം പേജിൽ അപ് ലോഡ് ചെയ്ത് പങ്കുവെക്കാനായിരുന്നു നിർദേശം. മൂന്നു ദിവസങ്ങളിലായി പുസ്തകമേള സന്ദർശിച്ച് വിവിധ ഫോട്ടോകൾ പകർത്തിയ ഷബീറിനെ അവസാന ദിനത്തിലെ ക്ലിക്കാണ് ഒന്നാമനാക്കിയത്. രാത്രി 10 മണിക്ക് പുസ്തകമേള അവസാനിക്കാനിരിക്കെ നല്ല ഫ്രെയിമിനായി നടന്ന ഷബീറിന്റെ കണ്ണുകളിലേക്ക് 9.50നാണ് ഈജിപ്തുകാരായ പിതാവും മകനുമെത്തുന്നത്. വീൽചെയറിൽ ഇരുക്കുന്ന പിതാവിന്, പുസ്തകമേളയുടെ വായനസൗന്ദര്യം പകർന്നുനൽകുന്ന മകൻ തലമുറകൾക്കിടയിലെ സ്നേഹവും അറിവും പകരുന്ന കാഴ്ചയായി. അവരുടെ സമ്മതത്തോടെ പകർത്തിയ ചിത്രം ദൃശ്യഭംഗികൊണ്ടും മികവുറ്റതായി.
അന്നു രാത്രിതന്നെ സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവെച്ചതിനു പിന്നാലെ തന്നെ പലരുടെയും ലൈക്കുകളും അഭിപ്രായങ്ങളും തേടിയെത്തിയതായി ഷബീർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.ഏഴുവർഷമായി ഖത്തറിലുള്ള ഷബീറിന് ജോലി ഐ.ടിയിലാണെങ്കിലും ഫോട്ടോഗ്രഫി ഒരാവേശമാണ്. നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഒന്നാമതെത്തുന്നത് ആദ്യമാണെന്ന് ഷബീർ പറഞ്ഞു. ദോഹയിലുള്ള ജസീറയാണ് ഭാര്യ. ഹെൻസ ഇഹ്ഫത് മകളാണ്. മണ്ണാത്തിമാക്കൂൽ ബഷീറിന്റെയും സഫിയയുടെയും മകനാണ് ഷബീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

