ഒത്തൊരുമയുടെ ഉത്സവം
text_fieldsഅപർണ റെനീഷ് (ഡിസ്ട്രിക്ട് ഗാവൽ കോർഡിനേറ്റർ, എഫ്.സി.സി വനിത വിങ് ഡൻറ്)
ഒത്തൊരുമിച്ച് ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന ഉത്സവമാണ് ഓണം. അതുകൊണ്ട് ഓണാഘോഷങ്ങൾ ഒരിക്കലും ഒഴിവാക്കാറില്ല. പ്രത്യേകിച്ച് പ്രവാസമണ്ണിൽ കാലെടുത്തുവെച്ചനാൾ തൊട്ട്. കുട്ടിക്കാലം മുഴുവൻ തമിഴ്‌നാട്ടിലായിരുന്നു. അവിടെ നാട്ടിലെ ബഹളങ്ങളൊന്നുമുണ്ടാവില്ല. തിരുവോണത്തിന് അമ്മയുടെ സദ്യ ഒരുക്കമാവുേമ്പാഴാവും ഓണം വന്നത് അറിയുന്നത്. സ്കൂളിനൊന്നും ഒഴിവുണ്ടാവില്ല. ചിലപ്പോൾ പരീക്ഷയുമായിരിക്കും. ഒരിക്കൽ സഹോദരി ഓണസദ്യ കഴിക്കാനുള്ള കൊതികൊണ്ട് പരീക്ഷയിൽനിന്നുവരെ മുങ്ങിയത് ഓർക്കുന്നു. സദ്യയുണ്ട്, കൂട്ടുകാരിയിൽനിന്ന് ചോദ്യേപപ്പറും ഒപ്പിച്ച് ഞങ്ങളെയെല്ലാം പറ്റിച്ച അവളുടെ കള്ളി വെളിച്ചത്തായത് പരീക്ഷഫലം വന്നപ്പോഴായിരുന്നു. ഇന്നും ഓണത്തിൻെറ കുസൃതി നിറഞ്ഞ ഓർമയാണത്.
ബാല്യകാലത്തെ ഓണ ഓർമകൾ നാട്ടിലെ സ്കൂളിൽ പഠിച്ച നാലും അഞ്ചും ക്ലാസിലേതായിരുന്നു. രണ്ടുവർഷം മാത്രമായിരുന്നുവെങ്കിലും ഓർമകൾ ഏറെയുണ്ടായി. അമ്മയുടെ തറവാട്ടിലായിരുന്നു ആ രണ്ടുവർഷം താമസിച്ചത്. സഹോദരങ്ങൾക്കും ബന്ധുക്കൾക്കുമൊപ്പമുള്ള ഓണനാളുകൾ. മറ്റുവീടുകളിൽ പൂവിറുക്കാൻ പോവുന്നതും തൊടിയിൽനിന്ന് തുമ്പപ്പൂനുള്ളുന്നതും പാടങ്ങളിൽനിന്ന് സരസ്വതി പൂവും വരിയും പറിച്ചെടുക്കുന്നതും ഇന്നലെ പോലെ ഓർക്കുന്നു. സദ്യകഴിഞ്ഞാൽ കുട്ടിക്കളികളും നാടുചുറ്റലുമായി ആകെ കളർഫുൾ. ഓണാവധിയിൽ ഒത്തൊരുമിച്ച് കൂടുമ്പോഴുള്ള ഇമ്പം അനുഭവിച്ചുതന്നെ അറിയണം. ഇന്നത്തെ കമ്പ്യൂട്ടർ യുഗത്തിലെ മക്കൾക്ക് കിട്ടാതെ പോയ സൗഭാഗ്യമാണത്.
പിന്നെ, ജോലിതേടി ബംഗളൂരുവിലും ശേഷം ഖത്തറിലുമെത്തിയപ്പോൾ ഓണത്തിൻെറ ശൈലി മാറി. നാട്ടിലെ ഓണത്തേക്കാൾ സൗഹൃദങ്ങൾക്ക് കൂടുതൽ നൽകിയത് ഖത്തറായിരുന്നു. എഫ്.സി.സിയിലെ ഓണസദ്യകളും ഓണപ്പരിപാടികളും മറ്റൊരു അനുഭൂതി പകർന്നു. മുന്നൂറിൽപരം ആളുകൾക്ക് ഞങ്ങൾ ഇരുപതു സ്ത്രീകൾ സ്വന്തം വീട്ടിൽനിന്ന് സദ്യയൊരുക്കി വിളമ്പുേമ്പാൾ കിട്ടുന്ന ആ സന്തോഷം വേറെയാണ്. പ്രവാസത്തിലെ ഓണം, ക്രിസ്മസ് വരെ നീളുന്നതാണല്ലോ. കോവിഡ് കാലത്ത് എല്ലാം ഓൺലൈൻ ആയതോടെ ഓണവും ഓൺലൈനിലാക്കാൻ ഒരുങ്ങുകയാണ് ഞങ്ങൾ. എല്ലാവർക്കും നന്മനിറഞ്ഞ ഓണാശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

