ഗസ്സയിലെ കുട്ടികൾക്ക് ഐക്യദാർഢ്യമാവാൻ ഒരു പകൽ
text_fieldsദോഹ: ഗസ്സയിലേക്ക് തീ മഴയായി ഇസ്രായേൽ അധിനിവേശ സേന വർഷിക്കുന്ന ബോംബുകളിൽ ജീവൻ പിടയുന്ന കുട്ടികൾക്ക് ഐക്യദാർഢ്യവുമായി ഓക്സിജൻ പാർക്കിൽ കുട്ടികളും കുടുംബങ്ങളും ഒന്നിക്കുന്നു.
അന്താരാഷ്ട്ര സമൂഹത്തിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും ഐക്യരാഷ്ട്ര സഭയുടെയുമെല്ലാം അഭ്യർഥനകൾ തള്ളി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരപരാധികളെ കൊന്നുതള്ളുന്ന ഇസ്രായേലിന്റെ നടപടികൾക്കെതിരെയാണ് ഖത്തർ ആസ്ഥാനമായ അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രവർത്തന സംഘടന ‘എജുക്കേഷൻ എബൗ ഓൾ’ കുട്ടികൾക്കുവേണ്ടി പ്രത്യേക ഐക്യദാർഢ്യമൊരുക്കുന്നത്. നവംബർ 17 വെള്ളിയാഴ്ച എജുക്കേഷൻ സിറ്റിയിലെ ഓക്സിജൻ പാർക്കിൽ ‘ചിൽഡ്രൻ എബൗ ഓൾ’ എന്ന തലക്കെട്ടിലാണ് സംഗമം.
ഉച്ചക്ക് ഒരു മണി മുതൽ രാത്രി എട്ടു വരെ നീളുന്ന സംഗമത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.
എല്ലാവിഭാഗം ജനങ്ങൾക്കും ഐക്യദാർഢ്യ സംഗമത്തിൽ പങ്കെടുക്കാമെന്ന് ഇ.എ.എ അറിയിച്ചു. മെമ്മോറിയൽ വാക്, മൗനാചരണം, കലാ പ്രദർശനം, ഗസ്സയിലെ കുരുന്നുകൾക്ക് ആദരവായി റോസ് മെമ്മോറിയൽ എന്നിവ ഉൾപ്പെടുന്നതാണ് വിപുലമായ പരിപാടികൾ.
കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ കലാ, കായിക പരിപാടികളും ഇ.എ.എ ഒരുക്കിയിട്ടുണ്ട്. ഫുട്ബാൾ മത്സരം രണ്ടു മണിക്കും, കുട്ടികൾക്കും കുടുംബങ്ങൾക്കുമായുള്ള സമാധാന നടത്തം വൈകീട്ട് നാലിനും രാത്രി ഏഴു മണിക്കുമായും നടക്കും. ഇതിനിടയിൽ ഗസ്സയിലേക്കുള്ള സഹായങ്ങളുടെ ഭാഗമായി ധനശേഖരണവും നടക്കും.
സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ആശുപത്രികളും ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ആക്രമണങ്ങളിൽ ഇതിനകം 4200ലേറെ കുട്ടികൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. 250ഓളം സ്കൂളുകളും തകർന്നു.
രാജ്യത്തെ ആകെ സ്കൂളുകളിൽ 50 ശതമാനത്തിലേറെയും തകർന്നതായാണ് റിപ്പോർട്ട്. ഇ.എ.എ നിർമിച്ച നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും തകർന്നവയിൽ ഉൾപ്പെടുന്നു.
ഗസ്സക്ക് സഹായമെത്തിക്കുന്നതിനായി ഇ.എ.എ നേതൃത്വത്തിൽ ഓൺലൈൻ വഴിയും എസ്.എം.എസ് വഴിയും ധനശേഖരണവും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

