സ്വപ്നങ്ങളെ പങ്കുവെച്ച് കുഞ്ഞെഴുത്തുകാരൻ
text_fieldsകോർട്ട് ഓഫ് സ്റ്റാർസ്: റിട്ടേൺ ഓഫ് ദി കിങ് കവർ പേജ്, ഷഹാൻ
അക്ഷരങ്ങളെയും സർഗസൃഷ്ടികളെയും ഇഷ്ടപ്പെട്ട് പലതും കുത്തിക്കുറിച്ചിരുന്ന കുഞ്ഞ് എഴുത്തുകാരൻ ഷഹാൻ ഒടുവിൽ ഒരു നോവലെഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നു. മൊബൈൽ ഗെയിമുകളിൽ കുട്ടികൾ സമയം കളയുമ്പോൾ ഷഹാൻ അക്ഷരങ്ങളുമായും പുസ്തകങ്ങളുമായുമാണ് കൂട്ടുകൂടുന്നത്. പലതും നോട്ട് പാഡിൽ കുത്തിക്കുറിച്ചിരുന്ന ഷഹാൻ ഒടുവിൽ, സ്വപ്നങ്ങളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും സ്ഥിരോത്സാഹത്തെയും പ്രചോദിപ്പിക്കുന്ന ഫിക്ഷനൽ സ്റ്റോറി എഴുതിയാണ് പ്രസിദ്ധീകരിച്ചത്.
തീവ്രമായ സ്വപ്നവും സൗഹൃദവും, സ്ഥിരോത്സാഹത്തിന്റെ പ്രാധാന്യവും പങ്കുവെക്കുന്ന ഹൃദയസ്പർശിയായ കഥയാണ് ഷഹാൻ എഴുതിയ 'കോർട്ട് ഓഫ് സ്റ്റാർസ്: റിട്ടേൺ ഓഫ് ദി കിങ്'. ടോക്യോയിലെ ഒരു സ്കൂൾ പശ്ചാത്തലത്തിൽ പറയുന്ന ഈ കഥ, ഗാലക്സിയ കസുമി എന്ന പെൺകുട്ടി സ്കൂൾ ബാസ്കറ്റ്ബാൾ ടീമിനെ പുനരുജ്ജീവിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് വിവരിക്കുന്നത്. ദൃഢനിശ്ചയവുമായ ഊർജത്തോടെ തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതും അതിനിടയിലെ പ്രതിസന്ധികളുമാണ് കഥയിൽ വിവരിക്കുന്നത്. ഇതിഹാസമായ റയോട്ടോ മൂൺ എന്ന പരിശീലകൻ ഒടുവിൽ അവരെ പരിശീലിപ്പിക്കാൻ സമ്മതിക്കുമ്പോൾ, അവരുടെ സ്വപ്നം യാഥാർഥ്യമാകുന്നു. എന്നാൽ, ഈ കഥ വിജയം കൈവരിക്കുന്നതിനെ കുറിച്ച് മാത്രമല്ല, ലോകം നിങ്ങളെ സംശയിക്കുമ്പോഴും ദൃഢനിശ്ചയവും ഊർജവും കരുത്താക്കി മുന്നോട്ട് നയിക്കാൻ പ്രചോദിപ്പിക്കുന്നു.
സ്പോർട്സ് ഡ്രാമകൾ, അല്ലെങ്കിൽ അസാധാരണമായ സ്വപ്നങ്ങൾ പിന്തുടരുന്ന കഥകൾ ഇഷ്ടപ്പെടുന്നവർക്കായി, കോർട്ട് ഓഫ് സ്റ്റാർസ്: റിട്ടേൺ ഓഫ് ദി കിങ് കൂടുതൽ പരമ്പരകൾക്കായി കാത്തിരിക്കാം. ഖത്തറിൽ ഉരീദുവിൽ ജോലി ചെയ്യുന്ന കൊണ്ടോട്ടി പുളിക്കൽ സ്വദേശികളായ സഫ് വാൻ പേരൂരാൻ -മുഹ്സിന വളപ്പാൻ എടക്കാട്ട് ദമ്പതികളുടെ രണ്ടാമത്തെ മകനായ ഷഹാൻ ഖത്തറിലെ ഡി.എം.ഐ.എസ് സ്കൂളിലെ എഴാം ക്ലാസ് വിദ്യാർഥിയാണ്.
സ്പോർട്സിലും മികവു തെളിയിച്ച ഷഹാൻ, ഖത്തർ സ്പോർട്സ് ക്ലബിലെ അംഗവും അണ്ടർ -13 ഫുട്ബാൾ ടീം അംഗവുമാണ്. ആമസോണിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പേപ്പർ ബാക്ക് എഡിഷനും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

