തണ്ണിമത്തനുള്ളിൽ മയക്കുമരുന്ന് കടത്ത് 90 കിലോ ഹഷീഷ് പിടികൂടി; നാലുപേർ അറസ്റ്റിൽ
text_fieldsതണ്ണിമത്തനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ലഹരിമരുന്നും പിടിയിലായവരും
ദോഹ: തണ്ണിമത്തനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലഹരിമരുന്ന് ശേഖരം പിടികൂടി. ഭക്ഷ്യാവശ്യത്തിനായി വിദേശ രാജ്യത്തുനിന്നും ഇറക്കുമതിചെയ്യുന്ന തണ്ണിമത്തൻ എന്ന വ്യാജേനയാണ് ഹഷീഷ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. എന്നാൽ, ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെന്റും ഖത്തർ കസ്റ്റംസും ശ്രദ്ധേയമായ നീക്കത്തിലൂടെ തണ്ണിമത്തനുള്ളിൽ ഒളിപ്പിച്ച 90 കിലോ ഹഷീഷ് പിടികൂടി. ഫ്രൂട്സ് ഷിപ്മെന്റിനുള്ളിൽ ചില തണ്ണിമത്തനുകളുടെ മുകൾ ഭാഗം ചെത്തി, അകം തുരന്ന ശേഷം ഫോയിൽ പേപ്പറുകളിൽ പൊതിഞ്ഞ് ഭദ്രമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്നുകളുടെ വൻ ശേഖരം.
ഇവ പുറത്തെടുക്കുന്ന ദൃശ്യം ആഭ്യന്തര മന്ത്രാലയം അധികൃതർ പുറത്തുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യൻ, ആഫ്രിക്കൻ വംശജരായ നാലു പേരെ അറസ്റ്റുചെയ്തു. വ്യാഴാഴ്ച മറ്റൊരു സംഭവത്തിൽ ഹമദ് വിമാനത്താവളം വഴി ലഹരി കടത്താനുള്ള ശ്രമവും അധികൃതർ കണ്ടെത്തി. യാത്രക്കാരന്റെ ബാഗിനുള്ളിൽ ഒളിപ്പിച്ച നാലു കിലോയിലേറെ മയക്കുമരുന്നാണ് കണ്ടെത്തിയത്. ലഹരി, മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്തുന്നതിനെതിരെ അധികൃതർ കർശനമായ മുന്നറിയിപ്പുകളാണ് നൽകുന്നത്. കടുത്ത ശിക്ഷയും നേരിടേണ്ടി വരും. അത്യാധുനിക ഉപകരണങ്ങളും, നൂതന സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് വിമാനത്താവളങ്ങളിലും കര-സമുദ്ര പാതകളിലും ഖത്തർ കസ്റ്റംസ് പരിശോധന നടത്തുന്നത്. ശരീരഭാഷയിലൂടെ തന്നെ ലഹരിക്കടത്ത് തിരിച്ചറിയാനുള്ള സംവിധാനങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

