അപേക്ഷ ഫീസ് 90 ശതമാനം കുറച്ച് ഖത്തർ ഫിനാൻഷ്യൽ സെന്റർ
text_fieldsദോഹ: ഖത്തർ ഫിനാൻഷ്യൽ സെന്ററിന് (ക്യു.എഫ്.സി) കീഴിൽ വ്യാപാരസ്ഥാപന അനുമതിക്കായുള്ള അപേക്ഷ ഫീസ് 90 ശതമാനം കുറച്ചു. നേരത്തേ 5000 ഡോളറായിരുന്ന അപേക്ഷ ഫീസാണ് ക്യു.എഫ്.സി കേവലം 500 ഡോളറായി കുറച്ചത്.
സിംഗ്ൾ ഫാമിലി ഓഫിസുകളുടെ പ്രവർത്തനമൊഴികെ ക്യു.എഫ്.സിയിലെ നോൺ-റെഗുലേറ്ററി പ്രവർത്തനങ്ങൾക്കായുള്ള എല്ലാ ലൈസൻസ് അപേക്ഷകർക്കും പുതിയ ഫീസ് ബാധകമായിരിക്കുമെന്ന് മേഖലയിലെ പ്രധാന ഓൺഷോർ ഫിനാൻസ്യൽ, ബിസിനസ് കേന്ദ്രമായി അറിയപ്പെടുന്ന ക്യു.എഫ്.സി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. എല്ലാത്തരം വ്യാപാര പ്രവർത്തനങ്ങൾക്കും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ക്യു.എഫ്.സിയുടെ നയവുമായി യോജിച്ചാണ് പുതിയ പ്രഖ്യാപനം. സാമ്പത്തികവളർച്ച കൈവരിക്കുന്നതിനായി വ്യാപാരപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കലും ഇതിലൂടെ ലക്ഷ്യമിടുന്നു.
എല്ലാവർക്കും അനുഗുണമായ ഫീസ് ഘടന നൽകുന്നതിലൂടെ ഖത്തറിന്റെ ചലനാത്മക വിപണിയിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്ന കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ എന്നിവക്ക് വിപണി പ്രവേശനം എളുപ്പമാക്കാനും ക്യു.എഫ്.സി ലക്ഷ്യമിടുന്നു.
ഖത്തറിലും മേഖലയിലും പ്രവർത്തനം ആരംഭിക്കാൻ ആഗ്രഹിക്കുന്ന വ്യാപാരപ്രവർത്തനങ്ങൾക്ക് ക്യു.എഫ്.സിയെ കൂടുതൽ ആകർഷകമായ ഒരു പ്ലാറ്റ്ഫോമാക്കി മാറ്റുന്നതിന് സ്വീകരിച്ച നടപടികളിൽ പ്രധാനപ്പെട്ടതാണ് അപേക്ഷയിലെ ഫീസ് ഇളവെന്ന് ക്യു.എഫ്.സി സി.ഇ.ഒ യൂസുഫ് മുഹമ്മദ് അൽ ജെയ്ദ പറഞ്ഞു.
പ്രമുഖ വ്യാപാരകേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്താനും സംരംഭകരെ അവരുടെ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും ഇതു സഹായകമാകുമെന്ന് ക്യു.എഫ്.സി പ്രതീക്ഷിക്കുന്നതായും അൽ ജെയ്ദ കൂട്ടിച്ചേർത്തു. ഖത്തറിലേക്കും മേഖലയിലേക്കുമുള്ള ബിസിനസുകൾക്കുള്ള പ്രധാന കവാടമെന്ന നിലയിൽ നിയന്ത്രണ ചട്ടക്കൂടും പിന്തുണസേവനങ്ങളും ശക്തിപ്പെടുത്തുന്നതിൽ ക്യു.എഫ്.സി പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
ഒരു ഓൺഷോർ അധികാരപരിധി, പൊതുനിയമത്തെ അടിസ്ഥാനമാക്കിയുള്ള നിയമ, ജുഡീഷ്യൽ ചട്ടക്കൂടുകൾ, നൂറുശതമാനം വിദേശ ഉടമസ്ഥാവകാശം, സുതാര്യമായ നികുതി സംവിധാനം, 80ൽ അധികം അധികാരപരിധികളോട് കൂടിയ ഇരട്ടനികുതി കരാറുകൾ, പ്രാദേശികമായി ലഭിക്കുന്ന ലാഭത്തിന് 10 ശതമാനം കോർപറേറ്റ് നികുതി, ഏത് കറൻസിയിലും വ്യാപാരം നടത്താനുള്ള സ്വാതന്ത്ര്യം, ലളിതമായ ലൈസൻസിങ് പ്രക്രിയ എന്നിവ ഉൾപ്പെടെ വിപുലമായ ആനുകൂല്യങ്ങളാണ് ക്യു.എഫ്.സി വാഗ്ദാനം ചെയ്യുന്നത്.
വിപണി പ്രവേശനത്തിനുള്ള സാമ്പത്തിക തടസ്സങ്ങൾ കുറക്കുന്നതിലൂടെ കൂടുതൽ വ്യാപാര പ്രവർത്തനങ്ങൾ എളുപ്പത്തിലും ആത്മവിശ്വാസത്തോടെയും സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും ക്യു.എഫ്.സി നൽകുന്ന പിന്തുണ ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

