ഫലസ്തീനിലെ ആക്രമങ്ങളിൽ നടപടി വേണം; അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കണം
text_fieldsദോഹ: ഫലസ്തീൻ ജനതക്കെതിരായ ആക്രമണങ്ങളിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടെടുക്കണമെന്ന് ഖത്തർ. വിവേചനമോ ഇരട്ടത്താപ്പോ ഇല്ലാതെ നിയമങ്ങൾ സാർവത്രികമായി നടപ്പാക്കിയാൽ മാത്രമേ അന്താരാഷ്ട്ര നിയമവ്യവസ്ഥയിൽ വിശ്വാസ്യത കൈവരൂ എന്നും ഖത്തർ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ 81ാമത് പൊതുസഭ സമ്മേളനത്തോടനുബന്ധിച്ച് അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവെക്കുന്നത് സംബന്ധിച്ച സംഘടിപ്പിച്ച ഉന്നതതല യോഗത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരിയാണ് ഖത്തറിന്റെ നിലപാട് വിശദീകരിച്ചത്.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ആവർത്തിച്ചുണ്ടാകുന്ന നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫലസ്തീനികൾക്ക് സ്വയംനിർണ്ണയാവകാശമുണ്ടെന്ന് ഓർമിപ്പിച്ച അദ്ദേഹം, 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
ദുരിതാശ്വാസ സഹായങ്ങൾ തടസ്സപ്പെടുത്തൽ, ദിനംപ്രതിയുള്ള ആക്രമണങ്ങൾ, മാധ്യമപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ എന്നിവ അടിയന്തരമായി അവസാനിപ്പിക്കണം. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ശക്തർക്ക് ഇളവ് നൽകുകയും ദുർബലർക്കെതിരെ മാത്രം നിയമങ്ങൾ പ്രയോഗിക്കുകയും ചെയ്യുമ്പോൾ അതിന് അർത്ഥമില്ലാതെ പോകുന്നുവെന്നും, നിയമവാഴ്ച ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഗൗരവമായി ഇടപെടണമെന്നും യു.എൻ പൊതുസഭയിലെ പ്രസംഗത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ വാക്കുകൾ അദ്ദേഹം ഓർമിപ്പിച്ചു.
യു.എൻ ചാർട്ടറിനോടും അന്താരാഷ്ട്ര നിയമ തത്വങ്ങളോടുമുള്ള ഖത്തറിന്റെ ഉറച്ച നിലപാട് ആവർത്തിച്ച അദ്ദേഹം, രാജ്യങ്ങളുടെ പരമാധികാരവും തർക്കങ്ങൾ സമാധാനപരമായി പരിഹാരിക്കണമെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

