ഖത്തറിന്റെ വാർഷിക ഉപഭോക്തൃ വിലസൂചികയിൽ 5.93 ശതമാനം വർധന
text_fieldsദോഹ: ഖത്തറിന്റെ ഉപഭോക്തൃ വിലസൂചിക 2022 ഡിസംബറിൽ 5.93 ശതമാനം ഉയർന്ന് 108.20 പോയന്റിലെത്തി. 2021 ഡിസംബറിലേതുമായി താരതമ്യപ്പെടുത്തുമ്പോഴാണിത്. 2022 നവംബറിലെ ഉപഭോക്തൃ വിലസൂചികയുമായി താരതമ്യപ്പെടുത്തുമ്പോൾ 1.24 ശതമാനം വർധനയാണുള്ളത്. ഏഴ് ഗ്രൂപ്പുകളിലെ വിലക്കയറ്റമാണ് വാർഷിക ഉപഭോക്തൃ വില സൂചിക വർധനക്ക് കാരണം.
റിക്രിയേഷൻ ആൻഡ് കൾചർ- 25.36 ശതമാനം, പാർപ്പിടം-വെള്ളം-വൈദ്യുതി-മറ്റ് ഇന്ധനങ്ങൾ- 11.90 ശതമാനം, റസ്റ്റാറന്റുകൾ-ഹോട്ടലുകൾ -10.08 ശതമാനം, ഭക്ഷണ പാനീയങ്ങൾ -1.62 ശതമാനം, വിദ്യാഭ്യാസം 1.09 ശതമാനം, ഫർണിച്ചർ-വീട്ടുപകരണങ്ങൾ 0.95 ശതമാനം, ഗതാഗതം 0.27 ശതമാനം എന്നിവയിലാണ് വർധന രേഖപ്പെടുത്തിയത്. അതേസമയം, ആശയവിനിമയം -3.37 ശതമാനം, ആരോഗ്യം -2.31 ശതമാനം, വസ്ത്രം-പാദരക്ഷകൾ -0.38 ശതമാനം, വിവിധ സാധനങ്ങളും സേവനങ്ങളും -0.08 ശതമാനം എന്നിവയിൽ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2022 ഡിസംബറിലെ ഉപഭോക്തൃ വില സൂചികയുടെ പ്രധാന ഘടകങ്ങളെ 2022 നവംബറുമായി താരതമ്യം ചെയ്യുമ്പോൾ വിനോദവും സംസ്കാരവും -7.33 ശതമാനം, റസ്റ്റാറന്റുകളും ഹോട്ടലുകളും -1.84 ശതമാനം, ഗതാഗതം -1.22 ശതമാനം, വിവിധ സാധനങ്ങളും സേവനങ്ങളും -0.51 ശതമാനം, ഭക്ഷണ പാനീയങ്ങൾ -0.43 ശതമാനം, ഫർണിച്ചർ-ഗാർഹിക ഉപകരണങ്ങൾ -0.10 ശതമാനം എന്നീ ആറ് ഗ്രൂപ്പുകളിൽ വർധനയുണ്ടായി. എന്നാൽ, ആശയവിനിമയത്തിൽ 2.03 ശതമാനവും വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയിൽ 0.42 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
പാർപ്പിടം-വെള്ളം-വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ നാലു ഗ്രൂപ്പുകളിൽ കഴിഞ്ഞ മാസങ്ങളിലെ വില നിലവാരത്തിൽ മാറ്റമുണ്ടായിട്ടില്ല. 2022 നവംബറിലെ സൂചികയുമായി താരതമ്യം ചെയ്യുമ്പോൾ 2022 ഡിസംബറിലെ പാർപ്പിടം-വെള്ളം-വൈദ്യുതി-മറ്റ് ഇന്ധനങ്ങൾ ഒഴികെയുള്ള ഗ്രൂപ്പുകൾ 110.88 പോയൻറുമായി 1.53 ശതമാനം വർധന രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

