56 ഭാഷകൾ, ഒരൊറ്റ പുസ്തകം; വായിച്ച് റെക്കോഡിലേക്ക് ഖത്തർ
text_fields1. ‘റീഡിങ് റിലേ’ ഗിന്നസ് റെക്കോഡിൽ വായിക്കുന്ന ദ ലിറ്റിൽ പ്രിൻസ് പുസ്തകം, 2. ഗിന്നസ് പരിശ്രമത്തിന്റെ ഭാഗമായി
വായിക്കുന്ന മലയാളഭാഗം
ദോഹ: അപൂർവമായൊരു ലോക റെക്കോഡ് കുറിച്ച് ലോകകപ്പ് വരവേൽപ് വ്യത്യസ്തമാക്കാൻ ഒരുങ്ങുകയാണ് ഖത്തർ. ഒരു പുസ്തകം, ഏറ്റവും കൂടുതൽ ഭാഷയിൽ വായിച്ച് പൂർത്തിയാക്കിക്കൊണ്ടുള്ള 'റീഡിങ് റിലേ' എന്ന ഗിന്നസ് ലോക റെക്കോഡിലേക്ക് ഖത്തർ ഇന്ന് കിക്കോഫ് കുറിക്കും. മ്യൂസിയം ഓഫ് ഇസ്ലാമിക് ആർടിന് കീഴിൽ ബുധനാഴ്ച വൈകീട്ട് ആറിനാണ് ഗിന്നസ് ബുക്ക് പരിശ്രമം.
വിവിധ എംബസികൾ വഴി തിരഞ്ഞെടുത്ത വായനക്കാരും ഓരോ ഭാഷയിലുമായി രണ്ടു പേരടങ്ങുന്ന ജഡ്ജസുമാരുമായി നൂറ്റമ്പതോളം പോരാണ് വായനയത്നത്തിൽ അണിനിരക്കുന്നത്. ഫ്രഞ്ച് എഴുത്തുകാരൻ ആന്റണി ഡി സെന്റ് എക്സ്പറിയുടെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ 'ദ ലിറ്റിൽ പ്രിൻസ്' ആണ് 56 ഭാഷകളിലായി വായിക്കുന്നത്. 1943ൽ ഏഴുതിയ 'ദ ലിറ്റിൽ പ്രിൻസിന്' ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പുസ്തകം എന്ന റെക്കോഡ് കൂടിയുണ്ട്. ബ്രെയിൽ ലിപി ഉൾപ്പെടെ 300ൽ അധികം ഭാഷകളിലാണ് പുസ്തകം മൊഴിമാറ്റിയത്. ഇവയിൽ 56 ഭാഷകളിലാണ് ഖത്തറിൽ വായിക്കുന്നത്.
മൂലഭാഷയായ ഫ്രഞ്ചിൽ തുടങ്ങി അറബിക്, സ്പാനിഷ്, ഐറിഷ്, ഇംഗ്ലീഷ്, ഡച്ച്, റുമേനിയൻ, പോർചുഗീസ്, ജർമൻ, തമിഴ്, ജാപ്പനീസ്, ഉർദു തുടങ്ങിയ ഭാഷകളിലായി വായന പുരോഗമിക്കും. 16ാമത് ഭാഷയായി കന്നഡ, 22ാമതായി മറാഠി, 24ാമതായി ബംഗാളി, 33ാമതായി ഹിന്ദി, 40ാമത് ഭാഷയായി മലയാളം എന്നീ ഇന്ത്യൻഭാഷകളിലും പുസ്തകം വായിക്കപ്പെടുന്നുണ്ട്. 56ാമത്തെതായി അറബിക് ആംഗ്യഭാഷയിലാണ് ഗിന്നസ് പരിശ്രമം അവസാനിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി റിഹേഴ്സൽ പൂർത്തിയാക്കിയിരുന്നു. റെക്കോഡ് ശ്രമത്തിന് സാക്ഷികളാവാൻ ഗിന്നസ് പ്രതിനിധികളുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

