ഖത്തർ റാസ് ലഫാനിൽ സ്ഫോടനം; 54 പേർക്ക് പരിക്ക്, 18 പേരെ കാണാതായി
text_fieldsദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ സ്ഫോടനത്തിൽ 54 പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിൽ 18 പേരെ കാണാതായതായും ഇവർക്കായുള്ള വിപുലമായ തിരച്ചിൽ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
ഇന്നലെ പുലർച്ചെ ബർസാൻ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് സ്ഫോടനവും തുടർന്ന് തീപിടുത്തവുമുണ്ടായത്. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് വഴിവെച്ചതെന്ന് അധികൃതർ വിശദീകരിച്ചു.
അപകടം നടന്നയുടൻ തന്നെ എമർജൻസി റെസ്‌പോൺസ് ടീമുകൾ സ്ഥലത്തെത്തി പ്ലാന്റിലെ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി ഖത്തർ എനർജി വ്യക്തമാക്കി. തീ അണച്ചതിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സിന് കീഴിലുള്ള ‘ഖത്തരി ഇന്റർനാഷണൽ സെർച്ച് ആന്റ് റെസ്‌ക്യൂ ഗ്രൂപ്പ്’, സിവിൽ ഡിഫൻസ് ടീമുകളുമായി ചേർന്ന് സംയുക്തമായാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

