ഖത്തറിൽ ഒരു മാസം പേയ്‌മെന്റ് സംവിധാനങ്ങൾ വഴി 5.25കോടി ഇടപാടുകൾ
text_fieldsദോഹ: വിവിധ പേയ്‌മെന്റ് സംവിധാനങ്ങൾ വഴി ആഗസ്റ്റ് മാസത്തിൽ 5.25കോടി ഇടപാടുകൾ നടന്നതായി ഖത്തർ സെൻട്രൽ ബാങ്ക്. ആകെ ഇടപാടുകളുടെ മൂല്യം 16.137ശതകോടി റിയാലാണെന്നും സാമൂഹിക മാധ്യമ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. ഓരോ പേയ്‌മെന്റ് സംവിധാനങ്ങളുടെയും ഇടപാടുകൾ പ്രത്യേകം പ്രത്യേകമായും വ്യക്തമാക്കിയിട്ടുണ്ട്. നേരിട്ടുള്ള വിൽപന ഇടപാടുകളിലാണ് പേയ്മെന്റുകളുടെ 51ശതമാനവും ഉൾപ്പെടുന്നത്. അതേസമയം ഇ-കൊമേഴ്‌സ് 26ശതമാനവും മൊബൈൽ പേയ്മെന്റകേൾ 2ശതമാനവുമാണുള്ളത്. അതേസമയം ഓൺലൈൻ പണമിടപാടിനായി ഖത്തർ സെൻട്രൽ ബാങ്ക് നടപ്പിലാക്കിയ ‘ഫവ്‌റാൻ’ സേവനം വഴി ഇൻസ്റ്റന്റ് പേയ്‌മെന്റ് സോവനം ഉപയോഗിച്ചവർ 21ശതമാനവുമാണ്.
മൂന്നാം ധനകാര്യ മേഖലാ സ്ട്രാറ്റജിക് പ്ലാനിന് അനുസരിച്ച് രൂപപ്പെടുത്തിയ നൂതന സേവനമാണ് ഫവ്‌റാൻ. പേയ്‌മെന്റ് സിസ്റ്റങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഇലക്ട്രോണിക് പേയ്‌മെന്റ് സിസ്റ്റങ്ങളുടെയും പണ ഇടപാടുകളുടെയും മേഖലയിൽ ഏറ്റവും പുതിയ രീതികൾ സ്വീകരിക്കുന്നതിന്‍റെയും ഭാഗമായി സെൻട്രൽ ബങ്ക് വികസിപ്പിച്ചതാണ് ഈ സേവനം. നൂതന ഇൻസ്റ്റന്റ് പേയ്‌മെന്റ് സേവനമായ ഫവ്‌റാൻ രാജ്യത്ത് ഒരു ഡിജിറ്റൽ പേയ്‌മെന്റ് സംവധാനം വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഖത്തറിലെ വ്യക്തികൾക്കും കമ്പനികൾക്കും ഇടയിൽ പണം കൈമാറുന്നതിന് ആവശ്യമായ സമയം കുറക്കുന്ന സംവിധാനം, പേയ്‌മെന്റ് പ്രക്രിയ സുഗമമാക്കാനും മെച്ചപ്പെടുത്താനും കാരണമായിട്ടുണ്ട്.
ഖത്തറിലെ പോയിന്റ് ഓഫ് സെയിൽ, ഇ കൊമേഴ്‌സ് ഇടപാടുകൾ ആഗസ്റ്റിൽ ശ്രദ്ധേയമായ വളർച്ചയാണ് കൈവരിച്ചത്. ഏറ്റവും പുതിയ കാർഡ് പേയ്‌മെന്റ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, പോയിന്റ് ഓഫ് സെയിൽ(പി.ഒ.എസ്) ടെർമിനലുകളിലൂടെയും ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും രാജ്യത്ത് രജിസ്റ്റർ ചെയ്ത ഇടപാടുകളുടെ ആകെ മൂല്യം 12.477ശതകോടി റിയാലാണ്. ഇ കൊമേഴ്‌സ് ഇടപാടുകളുടെ മൂല്യം 4.243ശതകോടി റിയാലാണെന്നും ആകെ 94.25ലക്ഷം ഇടപാടുകൾ നടന്നതായും ഖത്തർ സെൻട്രൽ ബാങ്ക് വെളിപ്പെടുത്തി. അതേസമയം, കഴിഞ്ഞ മാസം പോയിന്റ് ഓഫ് സെയിൽ ഇടപാടുകളുടെ മൂല്യം 8.234ശതകോടി റിയാലാണ്. 40.792 ദശലക്ഷം ഇടപാടുകളാണ് ഈ മേഖലയിൽ ആകെ നടന്നത്. ആഗസ്റ്റിലെ ഇൻസ്റ്റന്റ് ട്രാൻസ്ഫർ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം, ഇൻസ്റ്റന്റ് പേയ്‌മെന്റ് സിസ്റ്റമായ ഫവ്‌റാൻ സർവീസിൽ 12.33ലക്ഷം രജിസ്റ്റർ ചെയ്ത അക്കൗണ്ടുകളുണ്ട്. ഇതിൽ ഇടപാടുകളുടെ മൊത്തം മൂല്യം 27.8കോടി റിയാലും മൊത്തം ഇടപാടുകളുടെ എണ്ണം 3.33ലക്ഷവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

