You are here
തൊഴിലാളിക്ക് ഉടമ അവകാശം നൽകിയില്ലെങ്കിൽ സർക്കാർ നൽകും
ദോഹ: തൊഴിലാളി ക്ഷേമനിധി സംബന്ധിച്ച കരട് നിയമം ശൂറാ കൗൺസിൽ ചർച്ച ചെയ്തു. തൊഴിലാളിക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ നൽകുന്നതിൽ തൊഴിൽദാതാവ് വീഴ്ച വരുത്തുമ്പോൾ അത് സർക്കാർ മുൻകൈയെടുത്ത് നൽകുന്നതിനായുള്ള പ്രത്യേക ക്ഷേമനിധി സംബന്ധിച്ച കരട് നിയമമാണിത്. തൊഴിൽ മന്ത്രാലയമാണ് വർക്കേഴ്സ് സപ്പോർട്ട് ഫണ്ട്–ഇൻഷുറൻസ് നിയമം എന്ന പേരിൽ കരട് നിയമത്തിന് രൂപം നൽകിയത്. ചർച്ചകൾക്ക് ശേഷം കൂടുതൽ പഠനത്തിനായി കരട് നിയമം നിയമ, നിയമനിർമ്മാണകാര്യ സമിതിക്ക് വിട്ടു.
പുതിയ നിയമത്തിന് കീഴിൽ തൊഴിലാളികൾക്ക് പിന്തുണ നൽകുന്നതിനായി വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് എന്ന പേരിൽ തൊഴിൽമന്ത്രാലയം ക്ഷേമനിധി രൂപീകരിക്കും. മന്ത്രിതല സമിതിക്ക് കീഴിൽ സ്വതന്ത്ര നിയമവിദഗ്ധനായിരിക്കും ഫണ്ടിെൻറ മേൽനോട്ടം വഹിക്കുക. തൊഴിൽ തർക്ക പരിഹാര സമിതി പരിഗണിക്കുന്ന പരാതികളിലെ തീർപ്പനുസരിച്ചാണ് തൊഴിലാളിക്ക് സർക്കാർ സാമ്പത്തിക ആനുകൂല്യങ്ങൾ ഫണ്ടിൽ നിന്നും വകയിരുത്തുക. കമ്പനി സാമ്പത്തികമായി പാപ്പരാകുക, കരിമ്പട്ടികയിൽ ഉൾപ്പെടുക തുടങ്ങിയ സാഹചര്യത്തിൽ തൊഴിലാളിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലും ഫണ്ടിൽ നിന്നും സാമ്പത്തിക സഹായങ്ങൾ ലഭിക്കും.
മന്ത്രിസഭ നിയന്ത്രിക്കുന്ന തൊഴിലാളി ക്ഷേമനിധിയുടെ 60 ശതമാനം തുകയും തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിൽ നിന്നും പുതിയത് ഇഷ്യൂ ചെയ്യുന്നതിൽ നിന്നും വകയിരുത്തും.
കൂടുതൽ പഠനങ്ങൾക്കായി നിയമ, നിയമനിർമാണ സമിതിക്ക് വിട്ട കരട് നിയമം, ശേഷം പുതിയ ശുപാർശകൾ സഹിതം ശൂറാ കൗൺസിലിന് വീണ്ടും സമർപ്പിക്കും.