ചരിത്രം സൂക്ഷിച്ച 50 ആണ്ട്; 50 വർഷം പിന്നിട്ട് ഖത്തറിന്റെ ദേശീയ മ്യൂസിയം
text_fieldsഖത്തർ പഴയ ദേശീയ മ്യൂസിയം,
ദോഹ: രാജ്യത്തിന്റെ പൈതൃകവും ചരിത്രവും കാത്തുസൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്ത്, അഞ്ച് പതിറ്റാണ്ട് പിന്നിടുകയാണ് ഖത്തർ ദേശീയ മ്യൂസിയം. രാജ്യത്തെ താമസക്കാർക്കും പൗരന്മാർക്കും ചരിത്ര അറിവുകളുമായി അരനൂറ്റാണ്ടുകാലം ഒരു സുപ്രധാന സാംസ്കാരിക നാഴികക്കല്ലായി ഖത്തർ ദേശീയ മ്യൂസിയം പ്രവർത്തിച്ചു.
1975 ജൂൺ 23ന് ആയിരുന്നു ഖത്തർ ദേശീയ മ്യൂസിയം സ്ഥാപിതമായത്. അന്നത്തെ അമീറായിരുന്ന ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനിയുടെ ആശയമായിരുന്നു രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യങ്ങളും രേഖപ്പെടുത്തുന്നതിനായി ഒരു ദേശീയ മ്യൂസിയം എന്നത്.
1949 വരെ അമീറായിരുന്ന ശൈഖ് അബ്ദുല്ല ബിൻ ജാസിം ആൽഥാനിയുടെ ചരിത്ര കൊട്ടാരവും പരിസരവുമാണ് മ്യൂസിയമായി രൂപകൽപന ചെയ്ത് പുനഃസ്ഥാപിച്ചത്. പിന്നീട് 2019 മാർച്ചിലാണ് പഴയ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന അതേ സ്ഥലത്ത് ഇപ്പോൾ കാണുന്ന പുതിയ കെട്ടിടം നിർമിച്ച് അതിലേക്ക് മ്യൂസിയം മാറിയത്. ശൈഖ് അബ്ദുല്ല ബിൻ ജാസിം ആൽഥാനിയുടെ കൊട്ടാരത്തിന് ചുറ്റും വളർന്നിരുന്ന മരുഭൂമിയിലെ റോസാപ്പൂവിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ കെട്ടിടത്തിന് രൂപം നൽകിയതും. ഫ്രഞ്ച് ആർക്കിടെക്റ്റ് ജീൻ നൗവലിന്റെ രൂപകൽപനയാണ് ഇന്ന് കാണുന്ന ദേശീയ മ്യൂസിയത്തിന്റെ കെട്ടിടം.
പുതിയ മ്യൂസിയം
രാജ്യത്തെ പ്രമുഖ സാംസ്കാരിക സംഘടനയായ ഖത്തർ മ്യൂസിയംസിന്റെ 20ാം വാർഷികവും ദേശീയ മ്യൂസിയത്തിന്റെ 50ാം വാർഷികവും ഒന്നിച്ചെത്തുന്നു എന്നതും യാദൃച്ഛികമാണ്. ഈ ചരിത്ര മുഹൂർത്തങ്ങൾ അടയാളപ്പെടുത്തുന്നതിനായി കഴിഞ്ഞ 50 വർഷത്തിനിടയിലെ ഖത്തറിന്റെ സാംസ്കാരിക യാത്രയെ ആദരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ. ഖത്തർ ക്രിയേറ്റ്സ് ഒരുക്കുന്ന 18 മാസം നീണ്ടുനിൽക്കുന്ന എവലൂഷൻ നേഷൻ എന്ന ആഘോഷ പരിപാടിയിൽ ഖത്തർ മ്യൂസിയവും പങ്കെടുക്കും.
ഖത്തർ ദേശീയ മ്യൂസിയം രാജ്യത്തിന്റെ സാംസ്കാരിക സ്വത്വത്തിനും ഓർമകൾക്കും ഒരു തെളിവായി നിലകൊള്ളുന്നുവെന്നാണ് 50ാം വാർഷികവേളയിൽ ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി പറഞ്ഞു.
രാജ്യത്തിന്റെ പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും കഥകൾ പ്രദർശിപ്പിച്ചിരിക്കുന്ന ഇടമാണ് ഖത്തർ ദേശീയ മ്യൂസിയം. 50 വർഷം മുമ്പ് ഖത്തർ ദേശീയ മ്യൂസിയം സ്ഥാപിച്ച അതേ ദർശനത്തിൽനിന്നാണ് ഖത്തർ മ്യൂസിയംസിന്റെയും പിറവി. സാംസ്കാരിക കൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ഖത്തറിന്റെ പൈതൃകത്തെ ഭാവിയിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് മ്യൂസിയം എന്ന് ശൈഖ അൽ മയാസ പറഞ്ഞു.
രാജ്യത്തിന്റെ ഭൂതകാലത്തെയും വർത്തമാന കാലത്തെയും ബന്ധിപ്പിക്കുന്ന ദേശീയ മ്യൂസിയം, ലോക സാംസ്കാരിക കേന്ദ്രമായി ഇതിനോടകം മാറിക്കഴിഞ്ഞു. കഴിഞ്ഞ 50 വർഷത്തിനിടയിൽ നിരവധി ആഗോള അംഗീകാരങ്ങളും ഖത്തർ ദേശീയ മ്യൂസിയത്തെ തേടിയെത്തി. മ്യൂസിയം പാർക്ക്, ഷോപ്പ്, ഗാലറികൾ, ഓഡിയോ വിഷ്വൽ വാൾ തുടങ്ങിയ വിനോദ വിജ്ഞാനങ്ങളുടെ ചരിത്ര കേന്ദ്രമാണ് ഇവിടം. ദോഹ കോർണിഷിനോട് ചേർന്ന് ചരിത്ര ശേഷിപ്പുകളുമായി തലയുയർത്തി നിൽക്കുകയാണ് ഖത്തറിന്റെ ദേശീയ മ്യൂസിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

