ഹമദ് വഴി യാത്രക്കാർ 4.5 കോടി
text_fieldsഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ദോഹ: പോയ വർഷത്തിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ചത് 4.59 കോടി യാത്രക്കാരെന്ന് റിപ്പോർട്ട്. 2022നെ അപേക്ഷിച്ച് 31 ശതമാനം വർധനയാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. മേഖലയിലെ ഏറ്റവും വലിയ ട്രാൻസിറ്റ് ഹബായി ഹമദ് വിമാനത്താവളം മാറിയതിന്റെ സാക്ഷ്യമായാണ് യാത്രക്കാരിലെ റെക്കോഡ് വളർച്ച സൂചിപ്പിക്കുന്നത്. ഖത്തർ വേദിയായ ഫിഫ ലോകകപ്പ് സമയത്തെ യാത്രക്കാരുടെ എണ്ണത്തെയും ഇത്തവണത്തെ കണക്കുകൾ മറികടന്നു.
2014ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ യാത്രക്കാരുടെ എണ്ണത്തിൽ നിരന്തര വളർച്ചക്കാണ് ഹമദ് വിമാനത്താവളം സാക്ഷ്യം വഹിച്ചത്. പ്രവർത്തനം ആരംഭിച്ചതിന് ശേഷം യാത്രക്കാരുടെ എണ്ണം വാർഷികാടിസ്ഥാനത്തിൽ 63 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. വിമാനത്താവളം വഴി കടന്നുപോയ ആകെ യാത്രക്കാരുടെ എണ്ണം 303 ദശലക്ഷത്തിലധികമായിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഒ.എ.ജിയുടെ ഗ്ലോബൽ എയർലൈൻ ഷെഡ്യൂൾസ് ഡേറ്റ പ്രകാരം 2023ലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഹമദ് വിമാനത്താവളവും ഇടംനേടി.
കഴിഞ്ഞ വർഷം 2,52,059 വിമാനങ്ങളുടെ നീക്കം റിപ്പോർട്ട് ചെയ്തു. റെക്കോഡുകൾ കേവലം സംഖ്യകളല്ലെന്നും, പ്രതീക്ഷകൾക്കപ്പുറത്തേക്കുള്ള മികവിലേക്ക് ഞങ്ങളെ അവ നയിക്കുകയാണെന്നും സേവനങ്ങൾ മികവുറ്റതാക്കുന്നതിൽ പരിശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

