44 പരിശീലന സ്ഥാപനങ്ങൾക്ക് പ്രവർത്തനം പുനരാരംഭിക്കാം
text_fieldsദോഹ: വിദ്യാഭ്യാസ മേഖലയിലെ 44 വിവിധ പരിശീലന സ്ഥാപനങ്ങൾക്ക് പ്രവർത്തനം പുനരാരംഭിക്കാൻ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. വിവിധ ട്യൂഷൻ കേന്ദ്രങ്ങൾ, കമ്പ്യൂട്ടർ കേന്ദ്രങ്ങൾ, മറ്റ് പരിശീലന സ്ഥാപനങ്ങൾ തുടങ്ങിയവക്കാണ് 2020-21 അധ്യയന വർഷത്തിൽ വീണ്ടും തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കുന്നതിൻെറ ഭാഗമായാണിത്. 19 ട്യൂഷൻ കേന്ദ്രങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള 12 പരിശീലന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആറ് അഡ്മിനിസ്ട്രേറ്റിവ് പരിശീലന കേന്ദ്രങ്ങൾ, നാല് കമ്പ്യൂട്ടർ പരിശീലന കേന്ദ്രങ്ങൾ, ഭാഷ പരിശീലനം നൽകുന്ന രണ്ടു കേന്ദ്രങ്ങൾ, മറ്റ് വിദ്യാഭ്യാസ പരിശീലനങ്ങൾ നൽകുന്ന ഒരു കേന്ദ്രം എന്നിവക്കാണ് തുറന്നുപ്രവർത്തിക്കാൻ അനുമതി. ഇവ ഏതൊക്കെ എന്നതടക്കമുള്ള വിവരങ്ങൾ മന്ത്രാലയത്തിൻെറ വെബ്സൈറ്റിൽ ലഭ്യമാണ്.
അൽമഷാഫ്, ഗറാഫ അൽറയ്യാൻ, അൽഗറാഫ, അൽ കർതിയാത്ത്, ഉംലഖ്ബ, അൽ ലഖ്ത, മദീന ഖലീഫ, സലത്ത അൽജദീദ്, മഅ്മൂറ, മദീന ഖലീഫ അൽ ജനൂബിയ, അൽ വാബ്, നുഐജ, അൽ റയ്യാൻ അൽജദീദ്, ഐൻ ഖാലിദ്, അൽ ഖീസ, മുഐദർ എന്നീ മേഖലകളിൽ 19 ട്യൂഷൻ സെൻററുകളാണ് പ്രവർത്തിക്കുന്നത്. ഭിന്നശേഷിക്കാർക്കുള്ള പരിശീലനവും വിദ്യാഭ്യാസവും നൽകുന്ന 12 കേന്ദ്രങ്ങളാണുള്ളത്. അൽദുഹൈൽ, അൽ മഅ്മൂറ, മദീന ഖലീഫ അൽ ജബൂബിയ, അൽ മർകിയ, അൽ ദഫ്ന, ഉംലഖ്ബ, അൽകർതിയാത്ത്, അൽതുമാമ, അൽവാബ്, അൽഅസീസിയ എന്നിവിടങ്ങളിലാണ് ഇവയുള്ളത്.
അഡ്മിനിസ്ട്രേറ്റിവ് പരിശീലനത്തിനുള്ള ആറ് കേന്ദ്രങ്ങൾ അൽവക്റ, അൽ മിർഖബ് അൽജദീദ്, ബിൻഉംറാൻ, അൽലഖ്ത, നുഐജ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
നാല് കമ്പ്യൂട്ടർ സെൻററുകൾ മതാർ ഖദീം, അൽവാബ്, മഅ്മൂറ, മുശൈരിബ് എന്നിവിടങ്ങളിലുണ്ട്. ഭാഷ പരിശീലനം നൽകുന്ന രണ്ടു കേന്ദ്രങ്ങൾ അൽ അസീസിയ, അൽവക്റ എന്നിവിടങ്ങളിലുമുണ്ട്. അബൂഹമൂറിൽ എജുക്കേഷനൽ പരിശീലന കേന്ദ്രവും ഉണ്ട്. വിദ്യാഭ്യാസ പരിശീലന മേഖലകളിൽ സ്വകാര്യ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് സുപ്രധാനമാണെന്ന് മന്ത്രാലയം പറയുന്നു. ഉന്നത നിലവാരത്തിലുള്ള സേവനങ്ങൾ വിദ്യാർഥികൾക്ക് നൽകാനായി ഇത്തരം സ്ഥാപനങ്ങൾക്ക് കർശനമായ ചട്ടങ്ങളാണ് മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻെറ എജുക്കേഷൻ സെേൻറഴ്സ് വകുപ്പിന് കീഴിലാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഈ മേഖലയിൽ സ്ഥാപനം നടത്തുന്നവർക്ക് മികച്ച സൗകര്യങ്ങളും അവസരങ്ങളുമാണ് മന്ത്രാലയം നൽകുന്നത്.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിട്ട രാജ്യത്തെ സ്കൂളുകൾ കഴിഞ്ഞ സെപ്റ്റംബർ ഒന്നുമുതലാണ് തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയത്. എന്നാൽ, ആദ്യ ആഴ്ചകളിൽതന്നെ ചിലയിടങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ആ സ്കൂളുകളുടെ ഭാഗങ്ങൾ പൂട്ടിയിരുന്നു. തുടർന്ന് ആവശ്യമുള്ളവർക്ക് ഓൺലൈൻ ക്ലാസും അല്ലാത്തവർക്ക് നേരിട്ടുള്ള ക്ലാസും തിരഞ്ഞെടുക്കാനുള്ള അവസരവും നൽകുന്ന സംവിധാനം നിലവിൽവന്നു. എന്നാൽ, പിന്നീട് എല്ലാ സ്കൂളുകളിലും റൊട്ടേഷനൽ ഹാജർ സംവിധാനം നിലവിൽ വന്നു. ഇത് പ്രകാരമാണ് ഇപ്പോൾ സ്കൂളുകൾ പ്രവർത്തിക്കുന്നത്. ആഴ്ച അടിസ്ഥാനമാക്കി വിദ്യാർഥികളുടെ ഹാജർ രേഖപ്പെടുത്തുന്ന സംവിധാനമാണിത്. വിദ്യാർഥികളുടെ ഹാജർ നിർബന്ധമാണ്. ഒരാഴ്ച ഒരുവിഭാഗം വിദ്യാർഥികളാണ് സ്കൂളിൽ നേരിട്ടെത്തേണ്ടത്.
അടുത്ത ആഴ്ച അടുത്ത ഗ്രൂപ് വിദ്യാർഥികളും എത്തണം. ഏത് ആഴ്ചയാണോ നേരിട്ട് കുട്ടികൾക്ക് സ്കൂളിൽ എത്തേണ്ടതില്ലാത്തത് ആ ദിവസങ്ങളിൽ അവർക്ക് ഓൺലൈൻ ക്ലാസുകളും തുടരും. സ്കൂളുകളിൽ കുട്ടികൾ എത്തുന്ന കാര്യത്തിൽ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് നാഷനൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാനും എച്ച്.എം.സി ഇൻഫെക്ഷ്യസ് ഡിസീസ് മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ നേരത്തേ തന്നെ അറിയിച്ചിരുന്നു. മുമ്പ് ചില കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഇവർക്ക് വൈറസ് ബാധയേറ്റത് സ്കൂളിൽനിന്നല്ല, പുറത്തുനിന്നാണെന്ന് കെണ്ടത്തിയിട്ടുണ്ട്. അതിനാൽ തന്നെ സ്കൂളുകളിൽനിന്നുള്ള കോവിഡ് ബാധയുടെ നിരക്ക് ഏെറ കുറവാണ്. സ്കൂളുകളിൽനിന്ന് രോഗവ്യാപനമുണ്ടാകുമെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യ മന്ത്രാലയത്തിൻെറ പ്രത്യേക സംഘം സ്കൂളുകളിൽ കൃത്യമായ പരിശോധനക്കെത്തും. കോവിഡ് പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടോ എന്ന് കൃത്യമായ നിരീക്ഷണവും നടക്കുന്നുണ്ട്. സ്കൂൾ വിദ്യാർഥികളുെട മൊത്തം കോവിഡ് പോസിറ്റിവ് നിരക്ക് ഒരു ശതമാനത്തിൽ താഴെ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

