കോവിഡ് കാലത്ത് ഗൾഫിൽനിന്ന് തിരിച്ചെത്തിയത് 4.11 ലക്ഷം ഇന്ത്യക്കാർ
text_fieldsദോഹ: കോവിഡ് വ്യാപനം രൂക്ഷമായ 2020 ജൂൺ മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് 4.11 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെത്തിയതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇവരിൽ പകുതിയിൽ ഏറെയും യു.എ.ഇ, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നായിരുന്നുവെന്ന് എം.പിമാരുടെ ചോദ്യത്തിന് ഉത്തരമായി വി. മുരളീധരൻ സഭയെ അറിയിച്ചു.
യു.എ.ഇയിൽനിന്ന് 1.52 ലക്ഷവും സൗദി അറേബ്യയിൽനിന്ന് 1.18 ലക്ഷവും പ്രവാസികളാണ് കോവിഡ് ലോക്ഡൗൺ കാലത്ത് ഇന്ത്യയിൽ മടങ്ങിയെത്തിയത്. വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ ഇ-മൈഗ്രേറ്റ് കണക്കുകൾ പ്രകാരമാണ് ഈ റിപ്പോർട്ടെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, കോവിഡ് രൂക്ഷമായ ഈ ഘട്ടത്തിൽ ഏറ്റവും കുറവ് പ്രവാസികൾ മടങ്ങിയ ഗൾഫ് രാജ്യം ബഹ്റൈനാണ് (11,749 പേർ). കുവൈത്ത് (51,206), ഒമാൻ (46,003), ഖത്തർ (32361) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളുടെ കണക്ക്.
ഇതേ കാലയളവിൽ 1,41,172 ഇന്ത്യക്കാർ തൊഴിൽ തേടി ഗൾഫിലേക്ക് പോയതായും മന്ത്രി അറിയിച്ചു. ഖത്തറിലേക്കാണ് (51,496) ഏറ്റവും കൂടുതൽ പ്രവാസികൾ മടങ്ങിയെത്തിയത്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർക്ക് തൊഴിൽ നൽകുന്ന യു.എ.ഇയിലേക്ക് ഈ കാലയളവിൽ 13,567 പേർ മാത്രമാണ് എത്തിയത്. ബഹ്റൈൻ (8158), കുവൈത്ത് (10,160), ഒമാൻ (21,340), സൗദി അറേബ്യ (36,451) എന്നിങ്ങനെയാണ് മറ്റ് ഗൾഫ് രാഷ്ട്രങ്ങളിലെത്തിയ ഇന്ത്യക്കാരുടെ കണക്കുകൾ.
എം.പിമാരായ ബെന്നി ബഹനാൻ, എ. ചെല്ലകുമാർ, ആന്‍റോ ആന്‍റണി, അടൂർ പ്രകാശ്, മുഹമ്മദ് ഫൈസൽ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വി. മുരളീധരൻ സഭയെ ഇക്കാര്യം അറിയിച്ചത്.
കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗണും യാത്രാനിയന്ത്രണങ്ങളും പ്രഖ്യാപിച്ച വേളയിൽ തൊഴിൽ നഷ്ടത്തെ തുടർന്നും, കുടുംബത്തിൽ തിരികെയെത്താനുള്ള തീരുമാനത്തെ തുടർന്നുമെല്ലാമായിരുന്നു പ്രവാസികളുടെ മടക്കയാത്ര.
വിദേശകാര്യ മന്ത്രാലയം വ്യോമയാന മന്ത്രാലയവുമായി ചേർന്ന് നടത്തിയ വന്ദേഭാരത് മിഷൻ ദൗത്യം വഴി പ്രവാസികളുടെ മടക്കയാത്ര സുരക്ഷിതമാക്കിയതായും മന്ത്രി വ്യക്തമാക്കി.
2020 മാർച്ച് മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ വേതനമോ ശമ്പളമോ ലഭ്യമാകാത്തത് സംബന്ധിച്ച് 17,848 പരാതികൾ ലഭിച്ചതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

