ഖത്തറിൽ ഈ വർഷം രണ്ടാം പാദത്തിൽ പിടികൂടിയത് 41 പാരിസ്ഥിതിക ലംഘനങ്ങൾ
text_fieldsദോഹ: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2025 രണ്ടാം പാദത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 41 പാരിസ്ഥിതിക ലംഘനങ്ങൾ. ഓട്ടോ ജൈറോ എയർ ക്രാഫ്റ്റ് ഉപയോഗിച്ച് 10 വ്യോമ നിരീക്ഷണങ്ങളാണ് രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയത്. മൊത്തം 12.6 മണിക്കൂർ നീണ്ട പരിശോധനയിൽ നിരീക്ഷണങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചിരുന്നു.
ടെറസ്ട്രിയൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റും വൈൽഡ്ലൈഫ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റും ഓട്ടോഗൈറോ വിമാനത്തിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയതെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ എക്സ്റ്റേണൽ നേച്ചർ റിസർവ്സ് ഓഫിസ് ഡയറക്ടർ മുഹമ്മദ് നഹർ അൽ നൈമി പറഞ്ഞു.
പരിശോധനയിൽ 33 നിയമലംഘനങ്ങൾ ടെറസ്ട്രിയൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റും എട്ട് എണ്ണം വൈൽഡ്ലൈഫ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റുമാണ് കണ്ടെത്തിയത്. അനധികൃത ഭൂവിനിയോഗം, മണ്ണിന്റെയും സസ്യങ്ങളുടെയും നശീകരണം, അലക്ഷ്യമായ മാലിന്യ നിർമാർജനം, ലൈസൻസില്ലാത്ത കെട്ടിട നിർമാണം തുടങ്ങി പരിസ്ഥിതിക്ക് ദോഷകരമായ മറ്റു പ്രവർത്തനങ്ങളും പരിശോധനയിൽ കണ്ടെത്തി.
പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിന് അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നിരീക്ഷണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനയിൽ ഓട്ടോ ജൈറോ കോപ്ടർ ഉപയോഗിച്ചതെന്ന് അൽ നൈമി പറഞ്ഞു. കടൽത്തീരം മുതൽ വന്യജീവികളും മരങ്ങളും ഉൾപ്പെടെയുള്ള സംരക്ഷിത മേഖലകളുടെ നിരീക്ഷണത്തിനായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കഴിഞ്ഞവർഷം മേയിൽ അവതരിപ്പിച്ചതാണ് ഓട്ടോ ജൈറോ കോപ്ടർ. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ച ചെറു നിരീക്ഷണ കോപ്ടറാണിത്.
പരിസ്ഥിതിക്ക് കാവലൊരുക്കി ഓട്ടോ ജൈറോ കോപ്ടറുകൾ
പരിസ്ഥിതി, ജൈവ വൈവിധ്യങ്ങളുടെ സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകുന്ന രാജ്യമാണ് ഖത്തർ. പരിസ്ഥിതിയിലെ മാറ്റങ്ങളും വെല്ലുവിളികളും കൃത്യമായി വിലയിരുത്താൻ സ്മാർട്ട് സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായി 2024 മേയ് മാസത്തിലാണ് മന്ത്രാലയം ഓട്ടോ ജൈറോ ഉപയോഗിച്ചുള്ള വ്യോമ പാരിസ്ഥിതിക നിരീക്ഷണ പരിപാടിക്ക് ആദ്യമായി തുടക്കമിട്ടത്. ആദ്യ പറക്കലിൽ പരിസ്ഥിതി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇയും പങ്കെടുത്തിരുന്നു. അതിനുശേഷം ഓട്ടോ ജൈറോ കോപ്ടർ, മന്ത്രാലയത്തിന്റെ സാങ്കേതിക നിരീക്ഷണ വിഭാഗത്തിന്റെ ഒരു പ്രധാന ഭാഗമായി. സമുദ്രതീരങ്ങൾ നിരീക്ഷിക്കുന്നതിനും കൃത്യമായ പാരിസ്ഥിതിക വിവരങ്ങൾ നൽകുന്നതിനും ശാസ്ത്രീയ ഗവേഷണത്തെ പിന്തുണക്കുന്നതിനും ഖത്തറിലെ ജൈവവൈവിധ്യവും പാരിസ്ഥിതിക മാറ്റങ്ങളും നിരീക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നു.
തീരസംരക്ഷണം, സമുദ്ര ജീവജാലങ്ങളുടെ നിരീക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, സമുദ്ര, കര പരിസ്ഥിതിയുടെ സംരക്ഷണം, വായു നിലവാര നിരീക്ഷണം, തീരദേശ മലിനീകരണം തടയൽ, രാജ്യത്തെ സസ്യജാലങ്ങളെക്കുറിച്ചുള്ള പഠനം എന്നിവയാണ് ഓട്ടോ ജൈറോ കോപ്ടറിന്റെ പ്രധാന സേവനം. ഉയർന്ന റെസല്യൂഷൻ കാമറകളും തത്സമയ ആശയവിനിമയ സംവിധാനങ്ങളും ഘടിപ്പിച്ചിട്ടുള്ള ഓട്ടോ ജൈറോ കോപ്ടറിൽ പൈലറ്റ്, പരിസ്ഥിതി ഇൻസ്പെക്ടർമാർ, ഓപറേഷൻ ടീമുകൾ എന്നിവർ തമ്മിൽ തത്സമയ ഏകോപനം സാധ്യമാക്കുന്നു. ഖനന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും സസ്യജാലങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും ഇത്തരം സവിശേഷതകൾ ഫലപ്രദമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

