ഖത്തറിൽ നിന്നെത്തിയത് 4000 വീടുകൾ
text_fieldsദോഹ: സുസ്ഥിരതയും പൈതൃകവും മുഖമുദ്രയാക്കി സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബാളിന്റെ ശേഷിപ്പുകൾ ഇപ്പോൾ ലോകത്തിന്റെ മറ്റൊരുഭാഗത്ത് ആശ്വാസമാവുന്നതിന്റെ നിർവൃതിയുണ്ട് ഖത്തർ ലോകകപ്പിന് പിന്നിൽ പ്രവർത്തിച്ചവർക്ക്. കഴിഞ്ഞ നവംബർ, ഡിസംബർ വേളയിൽ ഖത്തറിൽ ലോകകപ്പ് അരങ്ങേറുമ്പോൾ പലയിടങ്ങളിൽനിന്നായി എത്തിച്ചേർന്ന ആരാധകർ രാപ്പാർത്ത കണ്ടെയ്നറുകൾ ഇന്ന് കിടപ്പാടം നഷ്ടമായ ആയിരങ്ങൾക്ക് അഭയകേന്ദ്രമാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ തുർക്കിയയെയും സിറിയയെയും പിടിച്ചുലച്ച ഭൂകമ്പത്തിൽ വീടുകൾ തകർന്ന പതിനായിരങ്ങൾക്കാണ് ഖത്തർ ലോകകപ്പ് കാലത്ത് ഉപയോഗിച്ച കണ്ടെയ്നറുകൾ തുണയായത്. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിനുപിന്നാലെ വിവിധ ഘട്ടങ്ങളിലായി എത്തിച്ച 4000ത്തോളം കണ്ടെയ്നർ കാബിനുകൾ ഇപ്പോൾ തുർക്കിയയിലും സിറിയയിലും വീടുകളായി മാറി.
ദുരന്തത്തിനു പിന്നാലെ തന്നെ ഇരുരാജ്യങ്ങളിലേക്കും 10,000 കാബിനുകൾ കപ്പൽമാർഗം എത്തിക്കുമെന്ന് ഖത്തർ ഡെവലപ്മെന്റ് ഫണ്ട് പ്രഖ്യാപിച്ചിരുന്നു. പിന്നീട്, ഘട്ടംഘട്ടമായാണ് കണ്ടെയ്നർ കാബിനുകളുടെ യാത്രയാരംഭിച്ചത്.
എല്ലാവിധ താമസ സൗകര്യങ്ങളോടെയുമായിരുന്നു ലോകകപ്പ് വേളയിൽ കണ്ടെയ്നർ സംവിധാനങ്ങൾ സജ്ജീകരിച്ചത്. ചുമരുകളും രണ്ട് കിടക്കകളും ചെറുമേശയും കസേരയും എയർ കണ്ടീഷനും ടോയ്ലറ്റുമായി വിശാലമായ കണ്ടെയ്നർ കാബിൻ ലോകകപ്പ് പോലെയുള്ള വലിയ മേളകളുടെ അടിസ്ഥാനസൗകര്യ നിർമിതികളിൽ വിപ്ലവമായി മാറി. പടിഞ്ഞാറൻ മാധ്യമങ്ങളുടെ വിമർശനങ്ങളുടേയെല്ലാം മുനയൊടിക്കുന്നതായിരുന്നു താമസക്കാരിൽനിന്ന് ലഭിച്ച സ്വീകാര്യത. ചുരുങ്ങിയ ചെലവിൽ താമസിച്ച് ലോകകപ്പ് മത്സരങ്ങൾ കണ്ടുമടങ്ങിയവർ പരിസ്ഥിതി സൗഹൃദം കൂടിയായ കണ്ടെയ്നർ കാബിനുകളെ പ്രശംസിച്ചു.
കളികഴിഞ്ഞ് ഇവയെല്ലാം കാലിയായപ്പോഴാണ് തുർക്കിയയിലും സിറിയയിലും വീട് നഷ്ടപ്പെട്ടവർ പുതിയ അവകാശികളായി മാറുന്നത്. ഒന്നരമാസം മുമ്പുണ്ടായ ഭൂകമ്പത്തിൽ 52,000 ത്തിലധികം പേരാണ് മരണമടഞ്ഞത്. ലക്ഷക്കണക്കിന് ആളുകൾക്ക് വീട് നഷ്ടമായി.
ഹതായ് പ്രവിശ്യയിൽ സ്ഥാപിച്ച കാബിൻ വീടുകൾ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ സന്ദർശിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

