3.6 കോടി റിയാൽ നികുതി വെട്ടിപ്പ്; 13 കമ്പനികൾക്കെതിരെ നടപടി
text_fieldsദോഹ: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ കമ്പനികൾക്കെതിരെ നടപടിയെടുത്ത് ജനറൽ ടാക്സ് അതോറിറ്റി (ജി.ടി.എ). ഖത്തറിലെ 13 കമ്പനികൾ, 3.6 കോടി റിയാൽ നികുതിവെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. നടപടിക്രമങ്ങളുടെ ഭാഗമായി ഈ കമ്പനികളെ പബ്ലിക് പ്രോസിക്യൂഷന് ശിപാർശ ചെയ്തു. ജനറൽ ടാക്സ് അതോറിറ്റി വിവിധ സർക്കാർ അതോറിറ്റികളുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്.
കമ്പനികൾ അവരുടെ യഥാർഥ വരുമാനം മറച്ചുവെച്ച നികുതി ക്രമക്കേടുകൾ കണ്ടെത്തിയതായി അന്വേഷണങ്ങളിൽനിന്ന് മനസ്സിലായി. പ്രോസിക്യൂഷന് മുന്നിൽ കൈമാറിയ കമ്പനികൾ ഖത്തറിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നും 2018ലെ നികുതി നിയമ പ്രകാരം വ്യാജവിവരങ്ങൾ നൽകി നികുതി വെട്ടിപ്പുകൾ നടത്തിയതായും ജി.ടി.എ വ്യക്തമാക്കി. കമ്പനികൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ പറഞ്ഞു.നികുതി വെട്ടിപ്പ് ഒരു ഗൗരവമേറിയ സാമ്പത്തിക കുറ്റകൃത്യമാണെന്നും എല്ലാ നികുതിദായകരും സമയപരിധിക്കുള്ളിൽനിന്ന് നികുതി റിട്ടേണുകൾ സമർപ്പിക്കണമെന്നും നിയമങ്ങൾ പാലിക്കണമെന്നും ജി.ടി.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

