നിങ്ങളാണ് ഹൃദയവും ആത്മാവും പുഞ്ചിരിയും; വളന്റിയർമാർക്ക് ഫിഫയുടെ ആദരം
text_fieldsകതാറ ആംഫി തിയറ്ററിൽ നടന്ന ഫിഫ വളന്റിയർ പ്രോഗ്രാമിൽ പങ്കെടുക്കാനെത്തിയവർ
ദോഹ: 'ലോകകപ്പിന്‍റെ ഹൃദയവും ആത്മാവും പുഞ്ചിരിയും നിങ്ങളാണ്. ലോകകപ്പിന്‍റെ ആവേശത്തിലേക്ക് വന്നണയുന്ന ഏതൊരു വിദേശിക്കു മുന്നിലും വിമാനത്താവളത്തിലും ഹോട്ടലിലും സ്റ്റേഡിയത്തിലുമെല്ലാം നിങ്ങളാണ് ആദ്യ മുഖം. നിങ്ങളുടെ പുഞ്ചിരിയാണ് ഖത്തറിന്‍റെ മണ്ണിലേക്ക് അവരെ വരവേൽക്കുന്നത്. സ്റ്റേഡിയത്തിൽ അവരെ ഇരിപ്പിടത്തിലേക്ക് നയിക്കുന്നതും ടീമുകളുടെ വിജയത്തിലും ഗോളുകളിലും അവരുടെ സന്തോഷം പങ്കിടുന്നതിലുമെല്ലാം തോൽവിയിലെ നിരാശക്ക് സാക്ഷിയാവുന്നതിലുമെല്ലാം നിങ്ങളുണ്ട്. ജീവിതകാലം മുഴുവൻ ഓർമകൾ സമ്മാനിക്കുന്ന അവിശ്വസനീയമായ ഒരു യാത്രയായിരിക്കുമിത്'- കതാറയിലെ വിശാലമായ ആംഫി തിയറ്ററിൽ നിറഞ്ഞുകവിഞ്ഞ വളന്റിയർമാരെ സാക്ഷിയാക്കി ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റിനോയുടെ ആവേശകരമായ വാക്കുകൾ മുഴങ്ങിയപ്പോൾ ഹാർഷാരവത്തോടെ വരവേറ്റു.
വളന്റിയർ പ്രോഗ്രാമിൽ പങ്കെടുക്കുന്ന വനിതകൾ
ഫിഫ ലോകകപ്പിന്‍റെ വളന്റിയർ പ്രോഗ്രാമിന് തുടക്കംകുറിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഫിഫ അധ്യക്ഷൻ. തിങ്കളാഴ്ച രാത്രിയിലായിരുന്നു ക്ഷണിക്കപ്പെട്ട 3500ഓളം വളന്റിയർമാർ പങ്കെടുത്ത പരിപാടിക്ക് കതാറ വേദിയായത്. ഫിഫ അറബ് കപ്പിലും ഫിഫ ക്ലബ് ലോകകപ്പിലുമായി ഖത്തറിലെ വിവിധ ടൂർണമെന്‍റുകളിൽ സേവനം ചെയ്തവർ പരിപാടിയിൽ പങ്കാളികളായി. കളിയും തമാശയും തിരഞ്ഞെടുക്കപ്പെട്ട വളന്റിയർമാരുടെ അനുഭവങ്ങൾ പങ്കുവെച്ചുമായിരുന്നു രണ്ടു മണിക്കൂറോളം നീണ്ട പരിപാടി നടന്നത്.
ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി, സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി, ലോകകപ്പിന്‍റെ ബ്രാൻഡ് അംബാസഡർമാരിൽ ഒരാളായ ടിം കാഹിൽ, മുൻ ടെന്നിസ് താരവും സ്പോർട്സ് അവതാരകനുമായ മുഹമ്മദ് സഅദൂൻ അൽ കുവാരി, മന്ത്രിമാർ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവരും അതിഥികളായി ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ പങ്കാളികളായ വളന്റിയർമാരുടെ സേവനങ്ങളെ എസ്.സി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി അഭിനന്ദിച്ചു.
ഫിഫ ലോകകപ്പിനുള്ള വളന്റിയർ അപേക്ഷക്ക് തിങ്കളാഴ്ച തുടക്കം കുറിച്ചതിനു പിന്നാലെയാണ് ക്ഷണിക്കപ്പെട്ട സംഘത്തിനു മുന്നിൽ വളന്റിയർ പ്രോഗ്രാമിന് തുടക്കം കുറിച്ചത്. 82 രാജ്യങ്ങളിൽനിന്നുള്ള 3500 വളന്റിയർമാർ ചടങ്ങിൽ പങ്കാളികളായി. നൃത്തപരിപാടികളും ലോഞ്ചിന്‍റെ ഭാഗമായി നടന്നു. 20,000ത്തോളം വളന്റിയർമാരുടെ സേവനമാണ് ലോകകപ്പിന് ആവശ്യമായി വരുന്നത്. അറബ് കപ്പിൽ 5,000 വളന്റിയർമാരാണ് പ്രവർത്തിച്ചത്. ലോകകപ്പിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നും താൽപര്യമുള്ളവർക്ക് വളന്റിയർ സേവനത്തിനായി അപേക്ഷിക്കാം. ഒക്ടോബർ ഒന്നിന് 18 വയസ്സ് പൂർത്തിയായിരിക്കണം. അറബിക്, ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കാൻ കഴിയുന്നവർക്ക് മുൻഗണന ലഭിക്കും.
വളന്റിയർമാരെ സ്വാഗതംചെയ്ത് അമീർ
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി
ദോഹ: ഖത്തര്‍ ലോകകപ്പിനുള്ള എല്ലാ വളന്റിയര്‍മാരെയും സ്വാഗതംചെയ്ത് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി. ട്വിറ്റർ സന്ദേശത്തിലൂടെയായിരുന്നു അമീർ ലോകകപ്പിന്‍റെ ഭാഗമാകുന്ന വളന്റിയർ സമൂഹത്തെ സ്വാഗതം ചെയ്തത്. 'അറബ് മേഖല ആദ്യമായി ആതിഥ്യംവഹിക്കുന്ന ലോകകപ്പിന്‍റെ ഭാഗമായി അതുല്യമായ അനുഭവം എല്ലാവർക്കുമുണ്ടാവട്ടെയെന്ന് ആശംസിക്കുന്നു. അറബ് സംസ്‌കാരവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മറ്റു സംസ്കാരങ്ങളും തമ്മിൽ ആശയ വിനിമയത്തിലൂടെയും പങ്കുവെക്കലിലൂടെയും മികച്ചൊരു മാതൃക സൃഷ്ടിക്കപ്പെടട്ടെ. ലോകകപ്പിന് വേദിയാകുന്നതിലൂടെ ലക്ഷ്യമിടുന്നതും ഇതുതന്നെയാണ്'-അമീർ കുറിച്ചു.
കതാറ ആംഫി തിയറ്ററിൽ നടന്ന ഫിഫ വളന്റിയർ പ്രോഗ്രാമിൽ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്റിനോ, ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

