ഖത്തർ നഗരത്തിൽ 3300 പാർക്കിങ് സെൻസറുകൾ
text_fieldsപാർക്കിങ് മാനേജ്മെൻറ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സൂചന ബോർഡ്
ദോഹ: തിരക്കേറിയ പൊതു ഇടങ്ങളിലെ പാർക്കിങ് കൂടുതൽ എളുപ്പമാക്കുന്ന പബ്ലിക് പാർക്കിങ് മാനേജ്മെൻറ് പ്രോജക്ടിന്റെ ഭാഗമായി 3300 പാർക്കിങ് സെൻസറുകൾ സ്ഥാപിച്ച് അധികൃതർ. വെസ്റ്റ്ബേ, കോർണിഷ്, സെൻട്രൽ ദോഹ എന്നിവിടങ്ങളിലായാണ് 18,000 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കുന്ന രീതിയിൽ സെൻസറുകൾ സ്ഥാപിച്ചുകഴിഞ്ഞത്. സ്മാർട്ട് ഖത്തർ പ്രോഗ്രാം (ടാസ്മു) പദ്ധതിക്കു കീഴിലാണ് നഗരത്തിലെ പാർക്കിങ് ലളിതവും അനായാസവുമാക്കുന്നതിനായി പാർക്കിങ് മാനേജ്മെൻറ് സംവിധാനം നടപ്പാക്കുന്നത്.
പാർക്കിങ് റിസർവ്, ചാർജ് ഈടാക്കൽ, നിയമലംഘനങ്ങൾ തടയൽ തുടങ്ങിയ വിവിധ സംവിധാനങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്മാർട്ട് ഖത്തർ പ്രോഗ്രാം. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ 3300 പാർക്കിങ് സെൻസറുകൾ സ്ഥാപിച്ചുകഴിഞ്ഞതായി മുനിസിപ്പാലിറ്റി മന്ത്രാലയം ട്രാഫിക് ഓഫിസ് ഡയറക്ടർ എൻജി. താരിഖ് അൽ തമിമി പറഞ്ഞു. ആദ്യഘട്ടത്തിൽ 80 സൈൻ ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. സാങ്കേതികസംവിധാനങ്ങളോടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയാക്കിയ സാഹചര്യത്തിൽ നിർദിഷ്ട ഇടങ്ങളിൽ മാത്രം വാഹന പാർക്കിങ്ങുകൾ അനുവദിക്കുകയാണ് ലക്ഷ്യം.
വാഹന പാർക്കിങ് മാനേജ്മെൻറ് സംവിധാനം പൂർത്തിയാവുന്നതോടെ വാഹനത്തിരക്ക് നിയന്ത്രിക്കാനും നഗര ജീവിതം കൂടുതൽ സുഖകരവും ഗുണപ്രദവുമാക്കിമാറ്റാൻ കഴിയുമെന്നും അൽ തമിമി പറഞ്ഞു. പൊതു ഇടങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ ഒരുങ്ങുന്ന ഡ്രൈവർക്ക് പാർക്കിങ് ഇടം എളുപ്പത്തിൽ കണ്ടെത്താനും സുഗമമായി വാഹനം ഒതുക്കാനും സൗകര്യം ഒരുക്കുന്നതിനൊപ്പം, പാർക്കിങ് ഫീസ് നിർണയിക്കാനുള്ള സാങ്കേതികവിദ്യയും വികസിപ്പിച്ചിട്ടുണ്ട്.
തിരക്കേറിയ മേഖലകളിലെ ക്യൂ ഒഴിവാക്കാനും പാർക്കിങ് ലളിതമാക്കാനും ഒപ്പം ഡിജിറ്റലൈസിലൂടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും കഴിയും. പൊതുജനങ്ങളെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുകയെന്നതും പ്രഥമ ലക്ഷ്യമാണ്. 18,210 പാർക്കിങ് ലോട്ടുകൾ പൂർത്തിയാക്കിയതായി അശ്ഗാൽ ദോഹ സിറ്റി ഡിസൈൻ ടീം എൻജി. മുഹമ്മദ് അലി അൽ മർറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

