ഹാമൂർ മത്സ്യ ഉൽപാദനത്തിൽ 30 ശതമാനം വർധന
text_fieldsമുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ മത്സ്യവളർത്തൽ
ദോഹ: ഖത്തറിൽ ഹാമൂർ മത്സ്യ ഉൽപാദനത്തിൽ 30 ശതമാനം വാർഷിക വർധന രേഖപ്പെടുത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം റിപ്പോർട്ട്. മന്ത്രാലയത്തിന്റെ ഭക്ഷ്യസുരക്ഷ പദ്ധതി 2019-2023ന് കീഴിലാണ് ബ്രൗൺ സ്പോട്ടഡ് ഗ്രൂപെർ എന്നറിയപ്പെടുന്ന ഹാമൂർ മത്സ്യം ഉൽപാദിപ്പിക്കുന്നത്. ദേശീയ ഭക്ഷ്യസുരക്ഷ പരിപാടിക്ക് കീഴിൽ ആരംഭിച്ച പദ്ധതികളിലൂടെ 2023 ആകുമ്പോഴേക്കും മത്സ്യ ഉൽപാദനത്തിൽ 90 ശതമാനം സ്വയംപര്യാപ്തതയും ചെമ്മീൻ ഉൽപാദനത്തിൽ 100 ശതമാനം സ്വയം പര്യാപ്തതയുമാണ് രാജ്യം ലക്ഷ്യമിടുന്നത്.
മത്സ്യകൃഷിയിൽ 2021ലെ നേട്ടങ്ങൾ സംബന്ധിച്ച മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ മത്സ്യ ഉൽപാദനം ഊർജിതമാക്കുന്നതിനായി മത്സ്യ ഫാമുകളിലേക്ക് റാസ് മത്ബഖ് അക്വാറ്റിക് റിസർച് സെൻററിൽനിന്നും മത്സ്യക്കുഞ്ഞുങ്ങളെയും ചെമ്മീൻ ലാർവകളെയും നൽകുന്ന സംരംഭ സംരംഭത്തിന് മന്ത്രാലയം നേരേത്ത തുടക്കം കുറിച്ചിരുന്നു. ഇതിനുപുറമേ, ഖത്തർ സമുദ്രത്തിൽ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന്റെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ കടലിൽ നിക്ഷേപിക്കുന്ന പദ്ധതികളും അധികൃതർ തുടരുന്നുണ്ട്.
മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2020ൽ റാസ് മത്ബഖ് അക്വാറ്റിക് റിസർച് സെൻററിൽ 700,000 ഹാമൂർ, 786,000 അൽശഅം, 21000 സാഫി, 46000 യൂറോപ്യൻ സീ ബ്രീം കുഞ്ഞുങ്ങളെയാണ് ഉൽപാദിപ്പിച്ചത്. 67 ലക്ഷം ചെമ്മീൻ ലാർവകളെയും 30 ഗ്രാം വീതമുള്ള മാർക്കറ്റിങ് സൈസ് ഇനത്തിൽ 17 ടൺ കൊഞ്ച് മത്സ്യവും കേന്ദ്രത്തിൽ ഉൽപാദിപ്പിച്ചു.
അതേസമയം, രാജ്യത്തെ മത്സ്യത്തൊഴിലാളികൾക്ക് മന്ത്രാലയം വലിയ പിന്തുണയാണ് നൽകിവരുന്നത്. മത്സ്യം സൂക്ഷിക്കുന്നതിനുള്ള പെട്ടികളും ഐസും സൗജന്യമായാണ് നൽകുന്നത്. ബോട്ടുകൾ വാങ്ങുന്നതിനും മന്ത്രാലയം ധനസഹായം അനുവദിക്കുന്നുണ്ട്. അയക്കൂറ മത്സ്യത്തെ പിടിക്കുന്നതിനായുള്ള പ്രത്യേക ബോട്ടുകൾക്ക് 10000 റിയാലാണ് മന്ത്രാലയം നൽകിയത്. 194 ബോട്ടുകൾ പദ്ധതിയുടെ ഗുണഭോക്താക്കളായി. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങുന്നതിനും ബോട്ടുകളുടെ അകറ്റുപ്പണികൾ നടത്തുന്നതിനുമായി ഖത്തർ ഡെവലപ്മെൻറ് ബാങ്കുമായി സഹകരിച്ച് പലിശരഹിത വായ്പയും മന്ത്രാലയം കർഷകർക്ക് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

