ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ 27 റഫറിമാർ
text_fieldsദോഹ: നവംബറിൽ ഖത്തറിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാനുള്ള മാച്ച് ഒഫിഷ്യൽസിനെ ഫിഫ റഫറീസ് കമ്മിറ്റി പ്രഖ്യാപിച്ചു. 27 റഫറിമാരും 54 അസിസ്റ്റന്റ് റഫറിമാരുമടക്കം 81 പേരെയാണ് ഒഫിഷ്യൽസായി തിരഞ്ഞെടുത്തത്. ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന അണ്ടർ 17 ലോകകപ്പ് നവംബർ മൂന്നു മുതൽ 27 വരെ ആസ്പയർ സോണിലാണ് മത്സരങ്ങൾ നടക്കുക. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ഫൈനൽ അരങ്ങേറുക.
ഫുട്ബാൾ വിഡിയോ സപ്പോർട്ട് (എഫ്.വി.എസ്) സംവിധാനം പരീക്ഷിക്കാനുള്ള അവസരം ടൂർണമെന്റിൽ ഒരുക്കുന്നുണ്ട്. കഴിഞ്ഞ വർഷം കൊളംബിയയിൽ നടന്ന ഫിഫ വനിത അണ്ടർ 20 ലോകകപ്പിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നടന്ന ഫിഫ വനിതാ അണ്ടർ 17 ലോകകപ്പിലും ഫുട്ബാൾ വിഡിയോ സപ്പോർട്ട് വിജയകരമായി പരീക്ഷിച്ചിരുന്നു. ഈ വർഷം ചിലിയിൽ നടക്കുന്ന ഫിഫ അണ്ടർ 20 ലോകകപ്പിലും മൊറോക്കോയിൽ നടക്കുന്ന ഫിഫ വനിത അണ്ടർ 17 ലോകകപ്പിലും ഇത് ഉപയോഗിക്കാനാണ് തീരുമാനം.
മാച്ച് ഒഫിഷ്യൽസിനെ പിന്തുണക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ ഒരു മാർഗമെന്ന നിരന്തര ആവശ്യങ്ങളെ തുടർന്നാണ് എഫ്.വി.എസ് വികസിപ്പിച്ചത്. വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) സിസ്റ്റത്തിൽ നിന്ന് വ്യത്യസ്തമായി, എഫ്.വി.എസിൽ പ്രത്യേക വിഡിയോ മാച്ച് ഒഫിഷ്യൽസില്ല. അതിനാൽ, മത്സരത്തിന്റെ ഗതി മാറ്റാൻ സാധ്യതയുള്ള എല്ലാ സംഭവങ്ങളും പരിശോധിക്കപ്പെടില്ല. പകരം, മത്സരത്തിൽ പരിമിതമായ എണ്ണം റിവ്യൂ എടുക്കാൻ അവസരം നൽകുന്നു. ഗോൾ, പെനാൽറ്റി, ചുവപ്പ് കാർഡ് എന്നിവ തോന്നിയാൽ റിവ്യൂ ആവശ്യപ്പെടാം. കളിക്കാർക്കും തങ്ങളുടെ കോച്ചിനോട് റിവ്യൂ എടുക്കാൻ എഫ്.വി.എസ് വഴി ശുപാർശ ചെയ്യാവുന്നതാണ്.
ഭാവിയിലെ താരങ്ങളെ വാർത്തെടുക്കുന്നതിൽ ഫിഫ അണ്ടർ 17 ലോകകപ്പ് ഒരു നാഴികക്കല്ലാണെന്ന് ഫിഫ റഫറീസ് കമ്മിറ്റി ചെയർമാൻ പിയർലൂയിജി കൊളിന പറഞ്ഞു. ഒഫിഷ്യൽസിന് അവരുടെ കരിയർ കൂടുതൽ വികസിപ്പിക്കാനുള്ള അവസരം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

