കണ്ണീരൊപ്പാൻ 26.4 ദശലക്ഷം റിയാൽ സഹായം
text_fieldsദോഹ: ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയത്തിന് കീഴിലെ സകാത് കാര്യ വകുപ്പ് ഈ വർഷം ജൂണിൽ നിർധന കുടുംബങ്ങൾക്കായി 26.4 ദശലക്ഷം റിയാലിന്റെ അടിയന്തര സഹായം നൽകി. ഖത്തറിലെ നിർധനരായ 4100 കുടുംബങ്ങൾക്കാണ് മന്ത്രാലയത്തിന്റെ സഹായമെത്തിയത്. ആകെ നൽകിയ തുകയിൽ സ്ഥിരം സഹായവും ഉൾപ്പെടുമെന്ന് സകാത് കാര്യ വകുപ്പ് മേധാവി സഅദ് ഉമ്രാൻ അൽ കുവാരി പറഞ്ഞു.
സകാത് കാര്യ വകുപ്പിൽ രജിസ്റ്റർ ചെയ്ത അർഹരായ ഗുണഭോക്തൃ കുടുംബങ്ങൾക്ക് സകാത് ചട്ടങ്ങൾ പാലിച്ച് എല്ലാ പണവും വിതരണം ചെയ്തതായും അൽ കുവാരി കൂട്ടിച്ചേർത്തു.
നിർധന കുടുംബങ്ങൾക്ക് പ്രതിമാസ സഹായ ഇനത്തിൽ 87 ലക്ഷം റിയാലും ഗുണഭോക്താക്കളുടെ ആവശ്യാനുസരണം ഒറ്റത്തവണ സഹായമായി 1.77 കോടി റിയാലും നൽകിയതായും അദ്ദേഹം അറിയിച്ചു.
സകാത്തിനായി സമർപ്പിച്ച അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനും സമിതിയുടെ തീരുമാനം അറിയുന്നതിനും സഹായഭ്യർഥന സമർപ്പിക്കാനും ഗുണഭോക്താക്കൾക്ക് വെബ്സൈറ്റിൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്നും സകാത് കാര്യവകുപ്പ് മേധാവി വ്യക്തമാക്കി.
കമ്പനി ഉടമകൾക്ക് നിർബന്ധിത സകാത് കടമ നിർവഹിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനായി കോർപറേറ്റ് സകാത് കണക്കാക്കുന്നതിനുള്ള സൗജന്യസേവനവും വെബ്സൈറ്റിലുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. വ്യക്തികൾക്കും കമ്പനികൾക്കും സകാത് വകുപ്പിന്റെ www.zakat.gov.qa എന്ന വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള കാര്യാലയങ്ങൾ വഴിയോ അവരുടെ സകാത് കുടിശ്ശിക അടച്ച് തീർക്കാം.
ഈ വർഷം മേയിൽ രാജ്യത്തെ നിർധനരായ കുടുംബങ്ങൾക്ക് സകാത് ഇനത്തിൽ 16 ദശലക്ഷത്തിലധികം റിയാലാണ് അധികൃതർ അനുവദിച്ചത്. ഇതിൽ ഏഴ് ദശലക്ഷത്തിലധികം റിയാൽ പ്രതിമാസ സഹായവും ഉൾപ്പെടും. രാജ്യത്ത് പ്രവർത്തിക്കുന്ന കമ്പനികൾ അവരുടെ സകാത് കണക്കാക്കി ഖത്തറിനുള്ളിൽ യോഗ്യരായവർക്കും സകാത് കാര്യ വകുപ്പിൽ രജിസ്റ്റർ ചെയ്തവർക്കും നൽകുന്നതിന് മുൻഗണന നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

