സ്വപ്നങ്ങൾ ബാക്കിയാക്കിയ കുട്ടികളുടെ ഓർമക്കായി ‘241 പ്രദർശനം’
text_fieldsഖത്തർ ചാരിറ്റി, മുശൈരിബ് മ്യൂസിയംസുമായി സഹകരിച്ച് ആരംഭിച്ച 241 പ്രദർശനം
ദോഹ: ജീവനും സ്വപ്നങ്ങളും നഷ്ടപ്പെട്ട കുട്ടികളെ ഓർമിപ്പിച്ചും, പറയാതെപോയ ഒരു കഥയുടെ ഒരധ്യായം തുറന്നിട്ടും ഗസ്സയിലെ കുരുന്നുകളുടെ ഓർമക്കായി ‘241 പ്രദർശനം’ ഉദ്ഘാടനം ആരംഭിച്ചു. ഖത്തറിലെ ഉദാരമതികളായ ജനങ്ങളുടെ സ്പോൺസർഷിപ്പിൽ, ഖത്തർ ചാരിറ്റിയുടെ ‘റുഫാഖ’ സംരംഭത്തിലൂടെ സഹായം ലഭിച്ചിരുന്നതും, ഗസ്സയിൽ നടന്ന വംശഹത്യയിൽ രക്തസാക്ഷികളുമായ 241 കുട്ടികളുടെ സ്മരണാർഥമാണ് പ്രദർശനം ഒരുക്കിയത്. ഖത്തർ ചാരിറ്റി, മുശൈരിബ് മ്യൂസിയംസുമായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രകാശിക്കുന്ന 241 ലൈറ്റ് ബോക്സുകളിലൂടെ ഈ കുട്ടികളുടെ കഥകൾക്ക് ജീവൻ നൽകുന്ന പ്രദർശനം ദോഹയിലെ മുശൈരിബ് ഡൗൺടൗണിലെ കമ്പനി ഹൗസിന്റെ മുറ്റത്ത് ഔട്ട് ഡോർ ഇൻസ്റ്റലേഷൻ ആയാണ് സംവിധാനിച്ചിട്ടുള്ളത്. ഓരോ ലൈറ്റ് ബോക്സിലും ഒരു കുട്ടിയുടെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓരോ കുട്ടിയും വലുതാകുമ്പോൾ എന്താവാനാണ് ആഗ്രഹിച്ചിരുന്നതെന്ന് എടുത്തുകാണിക്കുന്ന പ്രദർശനത്തിൽ എടുത്തുകാണിക്കുന്നു. ഡിസൈനുകൾ, വിഡിയോകൾ, ക്യൂറേറ്റ് ചെയ്ത വസ്തുക്കൾ എന്നിവയും ലൈറ്റ് ബോക്സുകൾക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ബഹുമുഖ സംവേദന രീതി സന്ദർശകർക്ക് വൈകാരികവും ചിന്തോദ്ദീപകവുമായ അനുഭവം നൽകുന്നു.
241 കുരുന്നു ജീവിതങ്ങളുടെ കൂട്ടായ ഓർമകൾ ഒപ്പിയെടുത്ത, ശ്രദ്ധേയവും ഹൃദയഭേദകവുമായ കാഴ്ചയാണ് പ്രദർശനം. ‘‘ഈ കുട്ടികളുടെ ജീവിതം മാനുഷിക നഷ്ടത്തെയാണ് സൂചിപ്പിക്കുന്നതെ’’ന്ന് ഖത്തർ ചാരിറ്റിയിലെ കമ്യൂണിക്കേഷൻ ആൻഡ് കമ്യൂണിറ്റി ഇംപാക്ട് എക്സിക്യൂട്ടിവ് ഡയറക്ടർ അഹ്മദ് ഫക്റൂ പറഞ്ഞു.അവരുടെ കഥകൾ ദുർബലരായ സമൂഹങ്ങളെ സംരക്ഷിക്കുകയും പിന്തുണക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകുന്നു. ‘റുഫാഖ‘ സംരംഭത്തിന്റെ ഭാഗമായ ഈ പ്രദർശനത്തിലൂടെ, ഈ കുട്ടികളുടെ ഓർമകളും സ്വപ്നങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടെന്നും മറ്റു സമൂഹവുമായി പങ്കുവെക്കപ്പെടുന്നുണ്ടെന്നും ഞങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു.
ഖത്തർ ചാരിറ്റിയുടെ ‘റുഫാഖ‘ സംരംഭത്തിലൂടെ നിലവിൽ ഗസ്സയിൽ 19,816 പേർക്ക് സ്പോൺസർഷിപ് നൽകുന്നുണ്ട്. അനാഥർ, കുടുംബങ്ങൾ, വിദ്യാർഥികൾ, ഭിന്നശേഷിക്കാർ എന്നിവരെല്ലാം ഇതിൽ ഉൾപ്പെടുന്നു. അതേസമയം, ഫലസ്തീനിലെ മൊത്തം സ്പോൺസർ ചെയ്യപ്പെട്ട വ്യക്തികളുടെ എണ്ണം 25,164 ആണ്. “പ്രദർശനത്തിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ മുശൈരിബ് മ്യൂസിയത്തിന്റെ സാംസ്കാരികവും മാനുഷികവുമായ ഉത്തരവാദിത്തമാണ് നിർവഹിക്കപ്പെടുന്നതെന്ന് മുശൈരിബ് മ്യൂസിയംസ് ജനറൽ മാനേജർ അബ്ദുല്ല അൽ നാമ പറഞ്ഞു. മ്യൂസിയങ്ങൾ ഭൂതകാലം രേഖപ്പെടുത്തുക മാത്രമല്ല, അവ വർത്തമാനകാലവുമായി ഇടപെടുകയും അതിലെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും മനുഷ്യന്റെ മനഃസാക്ഷിയെ സ്പർശിക്കുന്ന വിഷയങ്ങളെ ഓർമിപ്പിക്കുന്ന വേദിയായി മാറുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടന ചടങ്ങിൽ ഓരോ കുട്ടിക്കും ഹൃദയസ്പർശിയായ ആദരാഞ്ജലി അർപ്പിച്ചു. അവരുടെ ജീവിതത്തെയും പൂർത്തിയാക്കാൻ കഴിയാതെപോയ സ്വപ്നങ്ങളെയും അനുസ്മരിച്ചു. 241 കുട്ടികളുടെയും പേരുകൾ ചടങ്ങിൽ ഒന്നൊന്നായി വായിച്ചു. ഓരോ പേര് ഉച്ചരിക്കുമ്പോഴും, ലൈറ്റ് ബോക്സിലെയും പ്രധാന സ്ക്രീനിലെയും കുട്ടിയുടെ ചിത്രം പൂർണ വർണത്തിലേക്ക് മാറി. പ്രതീക്ഷകളും സ്വപ്നങ്ങളും ഓർമിക്കേണ്ട കഥയുമുള്ള വ്യക്തിയായിരുന്നു ഓരോ കുട്ടിയും എന്ന അവബോധം സന്ദർശകരെ ബോധ്യപ്പെടുത്തി.
മുശൈരിബ് ഡൗൺ ടൗൺ ദോഹയിലെ കമ്പനി ഹൗസിന്റെ കോർട്ട്യാർഡിൽ ഡിസംബർ 18 വരെ പ്രദർശനം തുടരും. എല്ലാ ദിവസവും വൈകീട്ടു നാലു മുതൽ രാത്രി 10 വരെ സന്ദർശകർക്ക് പ്രവേശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

