23 ദിവസം, മൂന്നു വമ്പൻ ടൂർണമെന്റുകൾ; സുസജ്ജമെന്ന് ടെന്നിസ് ഫെഡറേഷൻ
text_fieldsഖലീഫ ഇന്റർനാഷനൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സ്
ദോഹ: ഖലീഫ ഇന്റർനാഷനൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സ് കോർട്ടുകളിൽ അടുത്ത 23 ദിവസത്തിനുള്ളിൽ മൂന്നു പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ പൂർണ സജ്ജമെന്ന് ഖത്തർ ടെന്നിസ്, സ്ക്വാഷ് ആൻഡ് ബാഡ്മിന്റൺ ഫെഡറേഷൻ അറിയിച്ചു.
ഖത്തർ ടോട്ടൽ എനർജീസ് ഓപൺ ആണ് ആദ്യം അരങ്ങേറുന്നത്. ശേഷം ഖത്തർ എക്സോൺ മൊബീൽ ഓപൺ ടെന്നിസ് ടൂർണമെന്റ് നടക്കും. തുടർന്ന് ഈ മാസം 26 മുതൽ മാർച്ച് അഞ്ചു വരെ ഉരീദു ഖത്തർ മേജർ പ്രീമിയർ പാഡൽ ടൂർണമെന്റിനും ഖലീഫ കോംപ്ലക്സ് കോർട്ട് വേദിയാകും.
തിങ്കളാഴ്ച ആരംഭിക്കുന്ന ഖത്തർ ടോട്ടൽ എനർജീസ് ഓപൺ ഉൾപ്പെടെ മൂന്നു ടൂർണമെന്റുകൾക്കും ഖലീഫ രാജ്യാന്തര ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സ് സജ്ജമാണെന്ന് ഫെഡറേഷൻ സെക്രട്ടറി ജനറൽ താരിഖ് സൈനൽ പറഞ്ഞു. ഉരീദു ഖത്തർ മേജർ പ്രീമിയർ പാഡൽ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുകയെന്നത് ഖത്തർ ഫെഡറേഷനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. പുരുഷ-വനിത ചാമ്പ്യൻഷിപ്പുകൾ പൂർത്തിയാക്കിയശേഷം നേരിട്ടാണ് ഈ ചാമ്പ്യൻഷിപ്പിന് തയാറാകുന്നത്. മൂന്നു ടൂർണമെന്റുകളും ഖത്തരി റഫറിമാരുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുമെന്നും ഫസ്റ്റ് ലെവൽ കോഴ്സുകളിലൂടെ പരിശീലനം നേടിയ പുതിയ റഫറിമാരുടെ പങ്കാളിത്തം ടൂർണമെന്റുകളിലുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ ചാമ്പ്യനും കഴിഞ്ഞ സീസണിൽ രണ്ടു ഗ്രാൻഡ്സ്ലാം കിരീടം നേടുകയും ചെയ്ത ലോക ഒന്നാം താരം ഇഗ സ്വിറ്റെക്കിന്റെ നേതൃത്വത്തിലുള്ള വലിയ താരനിര തന്നെ ഖത്തർ ടോട്ടൽ എനർജീസ് ഓപണിൽ റാക്കറ്റേന്തുമെന്ന് ടൂർണമെന്റ് ഡയറക്ടർ സഅദ് അൽ മുഹന്നദി പറഞ്ഞു.
ലോക മൂന്നാം നമ്പർ താരം ജെസിക പെഗുല, നാലാം നമ്പർ താരം കരോലിൻ ഗാർസിയ, നിലവിലെ ആസ്ട്രേലിയൻ ഓപൺ ചാമ്പ്യനും 2020ൽ ദോഹയിൽ ജേതാവുമായ അരീന സബലെങ്ക തുടങ്ങിയവരും ഇത്തവണ ഖത്തറിലെത്തുന്നുണ്ടെന്നും അൽ മുഹന്നദി കൂട്ടിച്ചേർത്തു.
ലോക മൂന്നാം നമ്പർ താരമായ തുനീഷ്യക്കാരി ഓൻസ് ജാബിർ പരിക്കിനെ തുടർന്ന് പിന്മാറി. ഓൻസ് ടൂർണമെന്റിൽ പങ്കെടുക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അവൾ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വരാനിരിക്കുന്ന ടൂർണമെന്റുകളിൽ വിജയാശംസ നേരുന്നതായും അൽ മുഹന്നദി പറഞ്ഞു.
ഫാൻസ് വില്ലേജ്, കുട്ടികളുടെ ഏരിയ, വി.ഐ.പി വില്ലേജ് എന്നിവ ടൂർണമെന്റിൽ സജ്ജമാക്കുന്നതിനാൽ ആരാധകർക്ക് മികച്ച അന്തരീക്ഷമായിരിക്കും ഇവിടെ ലഭിക്കുകയെന്നും ടിക്കറ്റുകൾ ടെന്നിസ് കോംപ്ലക്സിന് മുന്നിലുള്ള ടിക്കറ്റ് ഓഫിസ് വഴിയോ ഫെഡറേഷൻ വെബ്സൈറ്റ് വഴിയോ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

