2027 ഏഷ്യൻ കപ്പ് ആതിഥേയത്വം: അവസാന ബിഡ് ഫയലും ഖത്തർ കൈമാറി
text_fields2027ലെ എ.എഫ്.സി ഏഷ്യൻ കപ്പ് ആതിഥേയത്വത്തിനായുള്ള ഖത്തറിെൻറ അന്തിമ ബിഡ് ഫയൽ ഖത്തർ ഫുട്ബാൾ അസോസിയേഷന് മലേഷ്യയിലെ ഖത്തർ സ്ഥാനപതി ഫഹദ് ബിൻ മുഹമ്മദ് കഫൂദ് കൈമാറുന്നു
ദോഹ: 2027ലെ എ.എഫ്.സി ഏഷ്യൻ കപ്പ് ആതിഥേയത്വത്തിനായുള്ള അന്തിമ ബിഡ് ഫയലും ഖത്തർ ഫുട്ബാൾ അസോസിയേഷൻ കൈമാറി. മലേഷ്യയിലെ ഖത്തർ സ്ഥാനപതി ഫഹദ് ബിൻ മുഹമ്മദ് കഫൂദാണ് 20 ബിഡ് ബുക്ക് എ.എഫ്.സിക്ക് കൈമാറിയത്. ഏഷ്യൻ ഫുട്ബാൾ നിർദേശിച്ച സമയത്തിനുള്ളിൽ തന്നെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ക്യു.എഫ്.എ ബിഡിങ് ഫയലുകൾ കൈമാറിയിരിക്കുന്നത്.
2027ലെ ഏഷ്യൻ കപ്പ് ആതിഥേയത്വം എന്തുകൊണ്ടും ക്യു.എഫ്.എക്ക് ലഭിക്കണമെന്ന ആത്മവിശ്വാസത്തിലാണ് ഖത്തർ ഫുട്ബാൾ അസോസിയേഷൻ. 1988, 2011 വർഷങ്ങളിലെ എ. എഫ്.സി ഏഷ്യൻ കപ്പ് ഉൾപ്പെടെ വമ്പൻ എ.എഫ്.സി ടൂർണമെൻറുകൾക്ക് ഖത്തർ ഇതിനകം ആതിഥേയത്വം വഹിച്ചുകഴിഞ്ഞിട്ടുണ്ട്. 2020ലെ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് കിഴക്കൻ, പശ്ചിമമേഖല മത്സരങ്ങളിൽ ഫൈനലൊഴികെ വിജയകരമായി പൂർത്തിയായി. ഡിസംബർ 19ന് അൽ വക്റ ജനൂബ് സ്റ്റേഡിയത്തിൽ ഫൈനൽ പോരാട്ടവും നടക്കും. ഏഷ്യൻ കപ്പിെൻറ 19ാം എഡിഷന് ആതിഥ്യമരുളാൻ എന്തുകൊണ്ടും ഖത്തർ തയാറാണെന്നും 2022 ഫിഫ ലോകകപ്പിനുള്ള അത്യാധുനിക കായിക സംവിധാനങ്ങൾ ഖത്തറിന് പ്രധാന അനുകൂല ഘടകങ്ങളാണെന്നും ക്യു.എഫ്.എ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി പറഞ്ഞു.
2027ലെ ഏഷ്യൻ കപ്പ് അവിസ്മരണീയ മുഹൂർത്തമാക്കാൻ ഖത്തറിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022ലെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട വേദികളും പ്രധാന റോഡ് ശൃംഖലകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഖത്തറിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഹോട്ടൽ റൂമുകളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. ഇതിനകം തന്നെ പ്രവർത്തനമാരംഭിച്ച മെേട്രാ സേവനം പ്രതിദിനം ആയിരങ്ങൾക്കാണ് സുരക്ഷിത ഗതാഗതത്തിന് സഹായകമാകുന്നത്. ഉന്നത നിലവാരത്തിൽ അന്താരാഷ്ട്ര തലത്തിലെ വമ്പൻ കായിക ചാമ്പ്യൻഷിപ്പുകൾക്ക് ഖത്തർ വേദിയാകുന്നത് ചൂണ്ടിക്കാട്ടുന്നതാണ് എ.എഫ്.സിക്ക് സമർപ്പിച്ച അന്തിമ ബിഡ് ഫയലുകളുടെ ഉള്ളടക്കം.2027ലെ ഏഷ്യൻ കപ്പിെൻറ ആതിഥേയത്വത്തിൽ നിന്ന് ഖത്തറിനെ തടയാൻ ഇളവുകളില്ലെന്നും പ്രസിഡൻറ് വിശദീകരിച്ചു.
ബിഡ് ഫയൽ തയാറാക്കുന്നതിൽ അഹോരാത്രം പരിശ്രമിച്ച മുഴുവൻ അതോറിറ്റികൾക്കും പിന്നിൽ പ്രവർത്തിച്ചവർക്കും നന്ദി അറിയിക്കുകയാണ്. ഇനി ആതിഥേയത്വത്തിനായുള്ള കാത്തിരിപ്പാണ്. ദൈവാനുഗ്രത്താൽ സാധ്യമാകട്ടെയെന്നും ശൈഖ് ഹമദ് ആൽഥാനി പറഞ്ഞു. ഈ വർഷം ആഗസ്റ്റ് 26, ഒക്ടോബർ 29, നവംബർ 26 തീയതികളിലായിരുന്നു യഥാക്രമം ഒന്ന് മുതൽ മൂന്ന് വരെയുള്ള ബിഡ് ഫയലുകൾ ഖത്തർ എ.എഫ്.സിക്ക് കൈമാറിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.