ഫലസ്തീനികള്‍ക്കായുള്ള ഹ്യൂമാനിറ്റേറിയന്‍ ഫോറം ആരംഭിച്ചു
text_fieldsദോഹ: ‘നമ്മളൊരുമിച്ച് പ്രതീക്ഷകള്‍ നെയ്യുന്നു’ എന്ന തലക്കെട്ടില്‍ ഫലസ്തീനികള്‍ക്കായുള്ള ഹ്യൂമാനിറ്റേറിയന്‍ ഡവലപ്മെന്‍റ് ഫോറത്തിന് തുടക്കമായി. ഖത്തര്‍ ഡവലപ്മെന്‍റ് ഫണ്ടിന്‍െറ സഹായത്തോടെ ഖത്തര്‍ ചാരിറ്റി സംഘടിപ്പിക്കുന്ന ഫോറത്തില്‍, ഫലസ്തീനി ജനതക്ക് ഒപ്പം നില്‍ക്കുന്ന അവരെ പിന്തുണക്കുന്ന വിവിധ മേഖലകളിലുള്ളവരെ ഒരുമിച്ച് നിര്‍ത്തുകയും സഹകരണം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം വെക്കുന്നത്. ഫലസ്തീനില്‍ നടന്നു കൊണ്ടിരിക്കുന്ന വികസന-മാനുഷിക പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ കൈമാറുകയും ഈ രംഗത്തെ അനുഭവ പരിചയങ്ങള്‍ പങ്കുവെക്കുകയും നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുകയും ഫോറത്തിന്‍െറ ലക്ഷ്യങ്ങളില്‍ പെടുന്നു. ഫലസ്തീനിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ പ്രതിനിധികള്‍ ഒരുമിച്ചിരിക്കുന്നുവെന്നും ഫലസ്തീന്‍ പ്രതിസന്ധി അറബ് ലോകത്തെ സംബന്ധിച്ചും ഇസ്ലാമിക ലോകത്തെ സംബന്ധിച്ചും വളരെയധികം പ്രാധാന്യമേറിയതാണെന്നും ഫോറത്തിന്‍െറ തുടക്കത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് ഖത്തര്‍ ചാരിറ്റി സി.ഇ.ഒ യൂസുഫ് ബിന്‍ ഇബ്രാഹിം അഹ്മദ് അല്‍ കുവാരി പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായും മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുമാണ് ഖത്തര്‍ ചാരിറ്റി ഇത്തരം ഫോറങ്ങള്‍ സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ളവരുടെയും സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഫലസ്തീന്‍ വിഷയത്തില്‍ ആവശ്യമെന്നും ഫോറത്തില്‍ സംബന്ധിച്ച ഖത്തര്‍ ഡവലപ്മെന്‍റ് ഫണ്ട് ഡയറക്ടര്‍ ജനറല്‍ ഖലീഫ ബിന്‍ ജാസിം അല്‍ കുവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
