പ്രവാചകചര്യാ പഠനത്തിന് ശക്തി പകര്‍ന്ന് ഹദീസ് സമ്മേളനത്തിന് സമാപനം
text_fieldsദോഹ: ശൈഖ് അബ്ല്ല ബിന്‍ സൈദ് ആല്‍മഹ്മൂദ് കള്‍ച്ചറല്‍ സെന്‍റര്‍ ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് നടത്തിയ ഹദീസ് സമ്മേളനം പ്രവാചക ചര്യാ അധ്യാപനങ്ങളെ വിശദമായി പഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ആഹ്വാനത്തോടെ സമാപിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഖത്തര്‍ ചാരിറ്റി ഹാളില്‍ ഇന്‍റര്‍നാഷണല്‍ ഹദീസ് സെമിനാര്‍ സെക്രട്ടറിയും പ്രമുഖ ഹദീസ് പണ്ഡിതനുമായ ഡോ. ഹംസ അബ്ദുല്ല അല്‍ മലബാരിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. വിശുദ്ധ ഖുര്‍ആനിന്‍്റെ സമ്പൂര്‍ണ വ്യാഖ്യാനമെന്ന നിലക്ക് ഹദീസിനെ പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ ഇസ്ലാമിക ലോകം ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഹദീസുകളുടെ നിഷേധം അഞ്ജതയില്‍ നിന്ന് ഉണ്ടാകുന്നതാണ്. അത് പരിഹരിക്കാനുള്ള ശ്രമമാണ് നടക്കേണ്ടത്. ഹദീസുകളെ പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും ഇസ്ലാമിക ലോകം തയ്യാറാകണമെന്ന് ഡോ.ഹംസ അല്‍മലെബാരി ആവശ്യപ്പെട്ടു.
ഇസ്ലാമിക അധ്യാപനങ്ങളുടെ അടിസ്ഥാനങ്ങളിലെ രണ്ടാമത്തെ സ്രോതസ്സായ പ്രവാചക ചര്യയെ യഥാവിധി മനസ്സിലാക്കുന്നതിന് ഇത്തരം സമ്മേളനങ്ങള്‍ ഏറെ സഹായകരമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അന്താരാഷ്ട്ര പണ്ഡിത സഭ സെക്രട്ടറി ജനറല്‍ ഡോ. അലി മുഹ്യുദ്ദീന്‍ അല്‍ഖുറദാഗി അഭിപ്രായപ്പെട്ടു. പ്രവാചക സന്ദേശങ്ങളെ അവഗണിച്ച് ഖുര്‍ആനിന്‍്റെ ആളുകളാണെന്ന് മേന്‍മ നടിക്കുന്നവരുണ്ട്. അവരോട് ചോദിക്കാനുള്ളത് നിങ്ങള്‍ ഖുര്‍ആനിനെ സ്നേഹിക്കുന്നൂവെങ്കില്‍ എങ്ങിനെയാണ് പ്രവാചക വചനങ്ങളെ നിഷേധിക്കുക.
ഇസ്ലാമില്‍ പ്രവാചക ചര്യക്കുള്ള പദവി വിശ്വാസികള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം സമ്മേളനങ്ങള്‍ ഈ മേഖലയില്‍ പുത്തനുണര്‍വ് നല്‍കുമെന്ന് ഡോ. ഖുറദാഗി പ്രത്യാശ പ്രകടിപ്പിച്ചു.
ഹദീസിനെ യഥാവിധി പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഇസ്ലാമിക പണ്ഡിത ലോകം നടത്തുന്ന ശ്രമങ്ങള്‍ പ്രത്യേകം എടുത്ത് പറയേണ്ടതാണ്. അബുല്‍ അഅ്ലാ മൗദൂദി, ഹസനുല്‍ ബന്ന, അബ്ദുല്‍ അസീസ് അബ്ദുല്ല ബിന്‍ ബാസ്, ഡോ. യൂസുഫുല്‍ ഖറദാവി തുടങ്ങിയ പണ്ഡിതര്‍ ഈ മേഖലയില്‍ നടത്തിയ സേവനങ്ങള്‍ എടുത്ത് പറയേണ്ടതാണ്. ഖത്തറിന്‍്റെ മണ്ണില്‍ ഇങ്ങനെയൊരു സമ്മേളനം നടക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഡോ. ഖുറദാഗി അഭിപ്രായപ്പെട്ടു.
സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ.സി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രവാചക ചര്യയെ സംബന്ധിച്ച് നടക്കുന്ന ഈ പ്രത്യേക സമ്മേളനത്തിന് എല്ലാ വിധ അനുഗ്രങ്ങളും ഉണ്ടാകട്ടെയെന്ന് ഇസ്ലാമിക പണ്ഡിത സഭ അധ്യക്ഷന്‍ ഡോ.യൂസുഫുല്‍ ഖറദാവി ആശംസിച്ചതായി അധ്യക്ഷന്‍ സദസ്സിനെ അറിയിച്ചു. ഹദീസ് പഠനത്തിന് ഒരു ആമുഖം' എന്ന വിഷയത്തില്‍ ഡോ: ബഹാഉദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി.
മലയാളികളുടെ പഠന ഗവേഷണ വേദിയായ റിസേര്‍ച്ച് ആന്‍്റ് ഡവലപ്പ്മെന്‍റ് ഗ്രൂപ്പിന്‍്റെ വാര്‍ഷിക സംക്ഷേപമായി പ്രസിദ്ധീകരിക്കുന്ന ‘അവഗാഹനം’ മാഗസിന്‍ ഡോ: ഖുറദാഗി, വിദാദ് ഗ്ളോബല്‍ എക്സലന്‍സ് സെന്‍റര്‍ ഗവേഷണ വിഭാഗം മേധാവി പെരുമയില്‍ മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു. ആര്‍ ആന്‍റ് ഡി ഗ്രൂപ്പിന്‍്റെ ബ്ളോഗ് ഉദ്ഘാടനം ഫരീദ് ഖലീല്‍ അസ്സ്വിദ്ദീഖി (ഖത്തര്‍ ചാരിറ്റി) നിര്‍വ്വഹിച്ചു.നാല് സെഷനുകളിലായാണ് സമ്മേളനം നടന്നത്. പ്രഗല്‍ഭ പണ്ഡിതന്‍മാരായ എം.വി മുഹമ്മദ് സലിം മൗലവി, മുഹമ്മദ് കാടേരി, ഖാസിമി അമിനിക്കാട്, കെ.അബ്ദുല്ല ഹസന്‍, മുജീബ് റഹ്മാന്‍ മദനി, ഇ.ന്‍ അബ്ദുല്‍ ഗഫാര്‍, അബ്ദുല്ലത്തീഫ്. എന്‍, ഖാസിമി അമിനിക്കാട്, ജംഷിദ് ഇബ്രാഹീം, അബ്ദുറസാഖ്. എം.എസ്, എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ അബ്ദുറഹുമാന്‍ പുറക്കാട് സ്വാഗതം പറഞ്ഞു.
ഖത്തറിലെ മലയാളികള്‍ക്കിടയില്‍ ആദ്യമായാണ് ഇത്രയും ബൃഹത്തായ ഹദീസ് സമ്മേളനം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
