‘സൂപ്പര്‍ സ്റ്റാര്‍’ അസീസ് നിര്യാതനായി
text_fieldsദോഹ : കലാസംസ്കാരിക-ബിസിനസ് രംഗങ്ങളിലൂടെ നാല് പതിറ്റാണ്ടായി ഖത്തറിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ ‘സൂപ്പര്‍ സ്റ്റാര്‍’ അസീസ്(58) നിര്യാതനായി. ഖത്തറിലെ ആദ്യകാല പ്രവാസിയായ തൃശൂര്‍ വെങ്കിടങ്ങ് മേച്ചേരിപ്പടി കണ്ണോത്ത് വൈശ്യം വീട്ടില്‍ അസീസ് ഇന്നലെ പുലര്‍ച്ചെയാണ് നാട്ടില്‍ മരിച്ചത്. ‘സൂപ്പര്‍ സ്റ്റാര്‍’ എന്നപേരിലുള്ള ഓഡിയോ ,വീഡിയോ കാസറ്റുകളുടെഷോറൂമിലൂടെയാണ് അസീസ് ഖത്തറില്‍ സുപരിചിതനാകുന്നത്. പ്രമുഖതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്റ്റേജ് ഷോ സംഘാടനത്തിലൂടെയാണ് അസീസ് അറിയപെടാന്‍ തുടങ്ങിയത് .
നിരവധി ആല്‍ബങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തിട്ടുള്ള അസീസ് ‘ചൈതന്യം’ എന്ന മലയാള സിനിമയുടെ നിര്‍മ്മാതാവുകൂടിയായിരുന്നു. ഒട്ടനവധി പരീക്ഷണങ്ങളെ നിശ്ചയ ദാര്‍ഢ്യത്തിലൂടെ നേരിട്ട പ്രവാസ ജീവിതമായിരുന്നു അസീസിന്‍െറത്. സ്വന്തം സ്ഥാപനവും വിലപ്പെട്ട രേഖകളും ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിലൂടെ അഗ്നിക്കിരയായപ്പോഴും ആത്മവിശ്വാസത്തോടെ മുന്നേറിയാണ് നഷ്ടപെട്ട ബിസിനസ് മേഖല അദ്ദേഹം തിരിച്ചുപിടിച്ചത്. അന്ന് അസീസിനെ ആശ്വാസിപ്പിക്കാന്‍ കൂടെയുണ്ടായിരുന്നവരില്‍, അന്തരിച്ച ചലച്ചിത്രകാരന്‍ ലോഹിതദാസും, നടന്‍ സുരേഷ്ഗോപിയുമുണ്ടായിരുന്നു. മലയാളസിനിമയിലെ പഴയതും പുതിയതുമായ പ്രമുഖ താരങ്ങളുമായും, കക്ഷി രാഷ്ട്രീയഭേദമന്യെ രാഷ്ട്രീയനേതാക്കളുമായും ഊഷ്മളബന്ധമായിരുന്നു അസീസിന്. കാസറ്റുകളുടെ കാലം കഴിയുകയും , സ്റ്റേജ് ഷോകള്‍ ആവര്‍ത്തനവിരസമാകുകയും ചെയ്തതോടെ അത്തരം മേഖലകളില്‍ നിന്നും അദ്ദേഹം പിന്മാറി. പിന്നീട് തുടക്കം കുറിച്ച മാന്‍പവര്‍ ,ട്രാന്‍സ്പോര്‍ട്ടിംഗ്,ട്രേഡിംഗ് ബിസിനസ് മേഖലകള്‍ ഇപ്പോള്‍ മക്കളാണ് നോക്കിനടത്തുന്നത്. ദോഹയിലെ കലാ-കായിക സാംസ്കാരിക സംഘടനകളുമായി സജീവ ബന്ധം പുലര്‍ത്തിയിരുന്ന അസീസ് ഖത്തറിലെ കണ്ണോത്ത് മഹല്‍ കൂട്ടായ്മയുടെ സ്ഥപകാംഗവും പ്രസിഡന്‍റുമായിരുന്നു. കണ്ണോത്ത് ഹമീദ് ഹാജിയാണ് അസീസിന്‍െറ പിതാവ്. മാതാവ് നബീസ. ഭാര്യ ഖദീജ, മക്കള്‍ ആരിഫ ,ജസ്ന,ജഷ്റ.
അസീസിന്‍െറ വിയോഗത്തില്‍ ഖത്തറിലെ നിരവധി സംഘടനകളും പ്രമുഖവ്യക്തികളും അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
