പഴയ പ്രവാസികള്‍ക്കോര്‍മ്മയുണ്ടാകും ‘ആ ഫോണ്‍ വിളിക്കാലം’
text_fieldsദോഹ: പ്രവര്‍ത്തനം നിലച്ചിട്ടും പഴയ പ്രതാപകാലത്തിന്‍െറ ഓര്‍മ്മത്തുടിപ്പുകളായി നില്‍ക്കുകയാണ് നഗര കാഴ്ചകളില്‍ ഒന്നായ ഈ പബ്ളിക് ടെലഫോണ്‍ ബൂത്തുകള്‍. ദോഹയിലെ ചില ഭാഗങ്ങളില്‍ പ്രവര്‍ത്തന രഹിതമായ ടെലഫോണ്‍ ബൂത്തുകളെ കാണാം. ഇവയെ കുറിച്ച് ന്യൂജന്‍ പ്രവാസികള്‍ക്ക് കാര്യമായി അറിയാന്‍ തരമില്ല. എന്നാല്‍ മൊബൈലുകള്‍ വ്യാപകമല്ലാതിരുന്ന രണ്ടുപതിറ്റാണ്ടോളം മുമ്പ് ടെലഫോണ്‍ ബൂത്തുകള്‍ എന്നത് രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇടങ്ങളായിരുന്നു. പ്രവാസികളുടെ ആശ്രയമായിരുന്നു ഇവ.
വീട്ടുകാരുമായും ഏറ്റവും അടുപ്പമുള്ളവരുമായും കുറച്ചുനേരത്തേക്ക് സംസാരിക്കാന്‍ ചിലപ്പോള്‍ മണിക്കൂറുകളോളം ഇവിടെ ക്യൂ നില്‍ക്കണമായിരുന്നു. പെരുന്നാള്‍ ദിനത്തിലോ വിശേഷ ദിനങ്ങളിലോ ഉള്ള തിക്കും തിരക്കും പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. അന്നെല്ലാം ടെലഫോണ്‍ ബൂത്തുകളില്‍ ഉപയോഗിക്കാന്‍ പ്രത്യേക കാര്‍ഡുകളും ഉണ്ടായിരുന്നു. വിളിക്കുന്നതിന് അനുസരിച്ച് കാര്‍ഡിലെ പണവും കുറയും. പബ്ളിക് ടെലഫോണ്‍ ബൂത്തുകളുടെ വ്യാപനത്തോടുകൂടി കത്തെഴുത്ത് തീരെ കുറഞ്ഞു. എന്നാല്‍ നാട്ടിലും പ്രവാസ ലോകത്തും മൊബൈല്‍ ഫോണുകള്‍ എല്ലാവരുടെയും കൈകളിലും എത്തിയപ്പോള്‍ പബ്ളിക് ടെലഫോണ്‍ ബൂത്തുകള്‍ അന്ത്യശ്വാസം വലിച്ചു. ഇന്ന് വാട്ട്സാപ്പും ഇമോയും അതിനൂതനമായ മറ്റ് മാധ്യമങ്ങളിലൂടെയും ഉറ്റവരോടും ഉടയവരോടും കണ്ട് സംസാരിക്കുകയും നിമിഷം തോറും വിശേഷങ്ങള്‍ കൈമാറുകയും ചെയ്ത കാലത്ത് പബ്ളിക് ടെലഫോണ്‍ ബൂത്തുകളെ കുറിച്ചുള്ള ഓര്‍മകള്‍ കൗതുകം പകരുന്നതാണ്. പതിറ്റാണ്ടുകളായി പ്രവാസം തുടരുന്നവര്‍ ഇതുവഴി പോകുമ്പോള്‍ ആ കാത്തുനിന്നുള്ള ഫോണ്‍വിളികാലത്തെ കുറിച്ച് ഓര്‍ക്കാതിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
