വാണിജ്യ ബില്ലുകളില്‍ ഇന്ന് മുതല്‍ അറബി ഭാഷ നിര്‍ബന്ധം
text_fieldsദോഹ: രാജ്യത്തെ വാണിജ്യ, വ്യാപാര ബില്ലുകളില്‍ ശനിയാഴ്ച മുതല്‍ അറബി ഭാഷ നിര്‍ബന്ധമാക്കും.
വാണിജ്യ ബില്ലുകള്‍, സേവനങ്ങളുടെ പട്ടിക, ഉത്പന്നങ്ങളുടെ ലേബല്‍, ഉത്പന്നങ്ങളുടെ അപകടസാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പ് നോട്ടീസ്, ഉപഭോക്തൃ സേവനം എന്നിവയില്ലെല്ലാമാണ് അറബിക് ഭാഷ നിര്‍ബന്ധമാക്കിയത്. സേവനങ്ങളുമായി ബന്ധപ്പെട്ട ബില്ലുകളും കരാറുകളും അറബിക് ഭാഷയിലായിരിക്കണം. ശനിയാഴ്ച മുതല്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.
വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സമയ പരിധി മാര്‍ച്ച് 31ന് അവസാനിച്ച സാഹചര്യത്തില്‍ സാമ്പത്തിക വാണിജ്യ മന്ത്രാലയം സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന നടത്തും. ഉത്പന്നങ്ങളിലും സേവനങ്ങളിലും വിദേശഭാഷയുടെ അതിപ്രസരം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അറബി ഭാഷ നിര്‍ബന്ധമാക്കിയത്.
വിദേശഭാഷയുടെ അതിപ്രസരം സുതാര്യത ഇല്ലാതാക്കുകയും വ്യത്യസ്ത ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും വിശദാംശങ്ങള്‍ അറിയുന്നത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു. അതേസമയം ലേബലുകളില്‍ ഉത്പന്നത്തിന്റെയോ സേവനത്തിന്റെയോ വിവരങ്ങള്‍ അറബി ഭാഷയില്‍ നല്‍കുമ്പോള്‍ ഇവയെല്ലാം മറ്റ് ഏതെങ്കിലും ഒരു ഭാഷയില്‍ കൂടി നല്‍കാനുള്ള സാധ്യതയും ഉറപ്പാക്കിയിരിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.
ഉത്പന്നങ്ങളില്‍ അറബി ഭാഷ നിര്‍ബന്ധമാക്കിയത് പോലെ തന്നെ ഹോട്ടലുകള്‍, വ്യാപാര സമുച്ചയങ്ങള്‍, കാര്‍ ഷോറൂമുകള്‍, അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ റിസപ്ഷന്‍ ഡെസ്‌കില്‍ ശനിയാഴ്ച മുതല്‍ അറബി സംസാരിക്കുന്ന ഒരു ജീവനക്കാരനെങ്കിലും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഉത്പന്നം വില്‍ക്കുന്നതിന് മുമ്പും അതിനു ശേഷവും ഉപഭോക്താക്കളുടെ പരാതികളും അന്വേഷണങ്ങളും കൈകാര്യം ചെയ്യുന്നതിനായി അറബി ഭാഷ സംസാരിക്കുന്ന ജീവനക്കാരന്‍ ഉപഭോക്തൃ സേവന കേന്ദ്രത്തിലും കാള്‍ സെന്ററുകളിലും അറബി ഭാഷ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.