Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവോട്ടെണ്ണല്‍...

വോട്ടെണ്ണല്‍ ആഘോഷമാക്കി പ്രവാസികള്‍

text_fields
bookmark_border
വോട്ടെണ്ണല്‍ ആഘോഷമാക്കി പ്രവാസികള്‍
cancel

ദോഹ: നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ആഘോഷമാക്കി പ്രവാസികളും. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ആവേശം ഒട്ടും ചോരാതെ ഏറ്റെടുത്ത സജീവ രാഷ്ട്രീയ പ്രവര്‍ത്തകരും അനുഭാവികളും പുലര്‍ച്ചെ അഞ്ച് മുതല്‍ തന്നെ ടെലിവിഷന് മുമ്പില്‍ സ്ഥാനം പിടിച്ചു. 
ആദ്യ ലീഡ് നില മുതല്‍ തന്നെ നാട്ടിലെ ആവേശം അതേപടി ഉള്‍ക്കെള്ളണമെന്ന് നിശ്ചയിച്ചാണ് ബാച്ചിലര്‍ മുറികളിലും സംഘടന ഓഫീസുകളിലും പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത്. എന്നാല്‍, അവധി ദിനമല്ലാത്തത് പ്രവാസികളില്‍ ഒട്ടേറെ പേര്‍ക്ക് ശരിയായ രീതിയില്‍ ആഘോഷത്തില്‍ പങ്കുകൊള്ളാന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണില്‍ ടെലിവിഷന്‍ ലൈവ് സ്ട്രീമിങ് എടുത്തും വിവിധ മാധ്യമങ്ങളുടെയും എന്‍.ഐ.സിയുടെയും വെബ്സൈറ്റുകള്‍ ഉപയോഗിച്ചുമാണ് ഏറെ പേര്‍ തെരഞ്ഞെടുപ്പ് ഫലം അപ്പപ്പോള്‍ അറിഞ്ഞത്.
ഹിലാലിലെ കെ.എം.സി.സി ആസ്ഥാനത്ത് അതിരാവിലെ മുതല്‍ നൂറിലേറെ പ്രവര്‍ത്തകരാണ് ഫലപ്രഖ്യാപനം ആഘോഷമാക്കാന്‍ ഒത്തുചേര്‍ന്നത്. പ്രൊജക്ടര്‍ ഉപയോഗിച്ച് വലിയ സ്ക്രീനില്‍ ടെലിവിഷന്‍ വാര്‍ത്ത കാണാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിരുന്നു. സി.പി.എം അനുകൂല സംഘടനയായ സംസ്കൃതിയുടെ പ്രവര്‍ത്തകര്‍ മുന്‍ ജനറല്‍ സെക്രട്ടറി പി.എന്‍ ബാബുരാജിന്‍െറ വസതിയില്‍ ഒത്തുചേര്‍ന്നാണ് ഫല പ്രഖ്യാപനം കണ്ടത്. 
ഖത്തര്‍ സമയം ആറര മുതല്‍ ലീഡ് നില പറഞ്ഞുതുടങ്ങിയപ്പോള്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നത് ആദ്യഘട്ടത്തില്‍ യു.ഡി.എഫ് അനുഭാവികള്‍ ആശ്വാസത്തോടെയാണ് കണ്ടത്. എന്നാല്‍, ഈ ആശ്വാസവുമായി ഓഫീസിലേക്കും മറ്റും തിരിച്ചവര്‍ അവിടെയത്തെുമ്പോഴേക്കും ചിത്രം മൊത്തത്തില്‍ മാറിയത് കണ്ട് നിരാശരായി.
 എല്‍.ഡി.എഫിന്‍െറ മുന്നേറ്റം ഇടതുപ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. എണ്ണത്തില്‍ കുറവായിരുന്നുവെങ്കിലും വിജയാഹ്ളാദത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. കണ്ണൂര്‍ ജില്ലയില്‍ പിണറായി വിജയന്‍, ഇ.പി ജയരാജന്‍, ടി.വി രാജേഷ് തുടങ്ങിയവര്‍ തുടക്കം മുതല്‍ വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ചത് ആഹ്ളാദത്തോടെയാണ് സംസ്കൃതി പ്രവര്‍ത്തകര്‍ കണ്ടത്. പേരാവൂര്‍, കൂത്തുപറമ്പ്, കണ്ണൂര്‍ മണ്ഡലങ്ങളും അഴീക്കോടും പിടിച്ചെടുക്കുമെന്ന പ്രതീതിയും അവരെ ഉത്സാഹത്തിലാക്കി. കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ പരമ്പരാഗത മണ്ഡലങ്ങളിലെ മുന്നേറ്റത്തിനിടക്ക് ഉദുമയില്‍ കെ. സുധാകരന്‍ നല്ല വോട്ടിന് മുന്നിട്ടുനിന്നതും കുറ്റ്യാടിയില്‍ കെ.കെ ലതിക പിന്നിലായതും ആവേശത്തിന് മങ്ങലുണ്ടാക്കി. എന്നാല്‍, അധികം വൈകാതെ സി.പി.എമ്മിന്‍െറ ആജന്‍മ വൈരിയായ സുധാകരന്‍ പിറകിലേക്ക് പോയതോടെ വീണ്ടും ആഹ്ളാദം. തൃശൂര്‍ ജില്ലയില്‍ യു.ഡി.എഫിന് ലഭിക്കുമെന്ന് കരുതിയ ചേലക്കര അടക്കം മുഴുവന്‍ മണ്ഡലങ്ങളും ചുവപ്പണിഞ്ഞ് നിന്നപ്പോള്‍ കൂടുതലും തൃശൂര്‍ സ്വദേശികളായ സംസ്കൃതിക്കാര്‍ക്കത് ഇരട്ടിമധുരമായി. മലപ്പുറത്തെ ചില മണ്ഡലങ്ങളിലെ ഇടത് മുന്നേറ്റവും കൊല്ലം ജില്ലയിലെ സമ്പൂര്‍ണ വിജയവും വി.എസ് അച്യുതാനന്ദന്‍ അടക്കം മുന്‍നിര നേതാക്കളുടെ വിജയവും ചുവന്ന ലഡു പങ്കുവെച്ചാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്. എല്‍.ഡി.എഫിന്‍െറ ചരിത്രവിജയം ആഘോഷിക്കാന്‍ രാത്രി സ്കില്‍സ് ഡെവലപ്മെന്‍റ് സെന്‍ററിലും പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു. കേക്ക് മുറിച്ചും ലഡുവിതരണം ചെയ്തുമാണ് ആഘോഷിച്ചത്.

പാറക്കലിന്‍െറ ജയം കൊണ്ടാടി കെ.എം.സി.സി
യു.ഡി.എഫിന്‍െറ തകര്‍ച്ചക്കൊപ്പം മലപ്പുറം ജില്ലയില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ വെല്ലുവിളി നേരിട്ടതും കെ.എം ഷാജി, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയും കോഴിക്കോട് സൗത്തും ഒഴികെയുള്ള മണ്ഡലങ്ങളില്‍ പിറകോട്ട് പോയതും തുടക്കത്തില്‍ കെ.എം.സി.സി ഓഫീസില്‍ മ്ളാനതയുണ്ടാക്കി. 

പാറക്കല്‍ അബ്ദുല്ല വിജയിച്ചതില്‍ കെ.എം.സി.സി പ്രവര്‍ത്തകരുടെ ആഹ്ളാദപ്രകടനം
 


കാസര്‍കോടും മഞ്ചേശ്വരത്തും തുടക്കത്തില്‍ എന്‍.ഡി.എ മുന്നേറിയത് ഇരുമുന്നണി പ്രവര്‍ത്തകരിലും ആശങ്കയുളവാക്കി. എന്നാല്‍, വൈകാതെ ഇരു മണ്ഡലങ്ങളിലും ലീഗ് സ്ഥാനാര്‍ഥികള്‍ തിരിച്ചുവന്നത് മുന്നണി ഭേദമന്യേ ആശ്വാസമായി. തുടക്കത്തില്‍ ഏറ്റവുമധികം ചര്‍ച്ചയായതും എന്‍.ഡി.എയുടെ മുന്നേറ്റം തന്നെയാണ്. നേമത്ത് ഒ. രാജഗോപാല്‍ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയതോടെ ബി.ജെ.പി അകൗണ്ട് തുറക്കുമെന്നത് ഏതാണ്ട് ഉറപ്പായിരുന്നു. തിരൂരങ്ങാടിയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബും താനൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിയും പിറകിലായതിന്‍െറ വിഷമത്തിനിടയിലും മണ്ണാര്‍ക്കാട് കാന്തപുരം വിഭാഗം തോല്‍പിക്കുമെന്ന് പ്രഖ്യാപിച്ച അഡ്വ. എന്‍. ശംസുദ്ദീന്‍ ആദ്യം മുതല്‍ മുന്നേറിയതിന്‍െറ ആശ്വാസം കെ.എം.സി.സിക്കാരിലുണ്ടായിരുന്നു. 
 കെ.എം.സി.സിക്ക് പുറത്തും ശംസുദ്ദീന് പിന്തുണക്കാര്‍ ഏറെയുണ്ടായിരുന്നു. കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് അതിലേറെ ആശ്വാസവും ആശങ്കയുമുണ്ടാക്കിയത് ഖത്തര്‍ കെ.എം.സി.സി നേതാവ് കൂടിയായ കുറ്റ്യാടി മണ്ഡലം സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ നേരിയ ലീഡിലുള്ള മുന്നേറ്റമാണ്. അതിനിടെ അവസാനം വരെ പിറകിലായിരുന്ന, കെ.എം ഷാജി അവസാനഘട്ടത്തില്‍ മുമ്പിലത്തെിയത് ആഹ്ളാദാരവങ്ങള്‍ക്ക് വഴിമാറി. സുരക്ഷിതമായ ലീഡ് നിലയിലായിരുന്ന മഞ്ചേശ്വരം സ്ഥാനാര്‍ഥി പി.ബി അബ്ദുറസാഖ് പെട്ടെന്ന് പിറകോട്ട് പോയതാണ് പിന്നീട് ഞെട്ടലുളവാക്കിയത്. എങ്കിലും ഫോട്ടോഫിനിഷില്‍ 89 വോട്ടിന് കെ. സുരേന്ദ്രന്‍ തോറ്റുവെന്ന വാര്‍ത്ത വന്നതോടെയാണ് പലരും ശ്വാസം നേരെ വിട്ടത്. അതിനിടെ പി.കെ അബ്ദുറബ്ബും ഒരുവിധം മുമ്പില്‍ കടന്നുകൂടി. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുല്ലയുടെയും കെ.കെ ലതികയുടെയും ലീഡ് നില മാറിമറിഞ്ഞതാണ് പിന്നീട് ആശങ്കയുളവാക്കിയത്. ഒരു ഘട്ടത്തില്‍ ലതിക വിജയിച്ചതായുള്ള പ്രചാരണം വരെയുണ്ടായി.
 എന്നാല്‍, പത്ത് മണിയോടെ വോട്ടെണ്ണലിന്‍െറ അവസാനഘട്ടത്തില്‍ പാറക്കലിന്‍െറ ജയം ഉറപ്പിച്ചു. ഇതോടെ കെ.എം.സി.സി ഓഫീസില്‍ ആഘോഷത്തിന്‍െറ അന്തരീക്ഷമായി. എന്നാല്‍, കൊടുവള്ളി മണ്ഡലത്തില്‍ വിമതനോട് പരാജയപ്പെടേണ്ടി വന്നതിന്‍െറ ക്ഷീണം ലീഗ് പ്രവര്‍ത്തകര്‍ മറച്ചുവെക്കുന്നില്ല. 
യു.ഡി.എഫിന്‍െറ പരാജയം അപ്രതീക്ഷിതമാണെന്നും എന്നാല്‍, ലീഗിന്‍െറ ശക്തിക്ക് ഉലച്ചിലൊന്നുമുണ്ടായില്ളെന്ന് തെളിയിച്ചതായും കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ജാഫര്‍ തയ്യില്‍ പറഞ്ഞു. പാറക്കല്‍ അ്ദുല്ലയുടെ വിജയം ആഘോഷിക്കാന്‍ രാത്രി കുറ്റ്യാടി മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ വീണ്ടും ഓഫീസില്‍ ഒത്തുചേര്‍ന്നു. 
കോണ്‍ഗ്രസ് പ്രതീക്ഷിച്ചതിലും വലിയ പരാജയമേറ്റുവാങ്ങിയതിനാല്‍ ഇന്‍കാസ് പ്രവര്‍ത്തകര്‍ക്ക് പരിപാടിയൊന്നുമുണ്ടായില്ല. 
എല്‍.ഡി.എഫ് തരംഗമോ ഭരണവിരുദ്ധ വികാരമോ ഇല്ലാതിരുന്ന തെരഞ്ഞെടുപ്പില്‍ ഇത്രവലിയ പരാജയം അപ്രതീക്ഷിതമായെന്ന് ഒ.ഐ.സി.സി ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി ജോപ്പച്ചന്‍ തെക്കേക്കൂറ്റ് പറഞ്ഞു. 

ബി.ജെ.പിയുടെ വളര്‍ച്ച തടയാന്‍ സി.പി.എമ്മിനാണ് കഴിയുക എന്നൊരു ധാരണ ന്യൂനപക്ഷങ്ങളില്‍ ഉണ്ടായതാണ് ഇത്രയും വലിയ വിജയം ഇടതിന് ഉണ്ടാവാന്‍ കാരണം. മലബാറില്‍ മുസ്ലിം മേഖലകളിലും മധ്യകേരളത്തില്‍ കൃസ്ത്യന്‍ മേഖലകളിലും ഇത് വ്യക്തമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വി.എം സുധീരന്‍ അടക്കമുള്ള ചിലര്‍ സ്വീകരിച്ച നിലപാടും ദോഷകരമായി. എന്തായാലും ജനവിധിയെ അംഗീകരിക്കുന്നു. ഉജ്ജ്വല വിജയം നേടിയ പാറക്കല്‍ അബ്ദുല്ലയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
 

Show Full Article
TAGS:election kerala 
Next Story