ഇന്‍റര്‍ കമ്യൂണിറ്റി വോളിബാള്‍ ചാലഞ്ച്: ഇന്ത്യക്ക് കിരീടം
text_fieldsദോഹ: അമീര്‍ കപ്പിനോടനുബന്ധിച്ച് ഖത്തര്‍ വോളിബാള്‍ അസോസിയേഷന്‍ അല്‍ സദ്ദിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള അലി ബിന്‍ ഹമദ് അല്‍ അത്വിയ അറീനയില്‍ പ്രവാസികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഇന്‍റര്‍ കമ്യൂണിറ്റി വോളിബാള്‍ ചാലഞ്ച് 2016ല്‍ കെ.എം.സി.സി പ്രായോജകരായ ഇന്ത്യന്‍ ടീം കപ്പില്‍ മുത്തമിട്ടു. വെള്ളിയാഴ്ച രാത്രി വൈകി അവസാനിച്ച കിരീടപ്പോരാട്ടത്തില്‍ മൂന്ന് ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ താരങ്ങള്‍ അണിനിരന്ന കെ.എം.സി.സി ഇന്ത്യന്‍സ് ശ്രീലങ്ക ടീമിനെയാണ് ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് അടിയറവ് പറയിച്ചത്.
സ്കോര്‍: 25-19, 20-25, 25-15, 25-21. ഇന്ത്യ, ഫിലിപ്പീന്‍സ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ള പ്രവാസികളുടെ ടീമുകളില്‍ ഓരോ രാജ്യത്തിന്‍െറയും മൂന്ന് വീതം ഇന്‍റര്‍നാഷണല്‍ താരങ്ങളെ ഉള്‍പ്പെടുത്താന്‍ അനുവാദമുള്ള ടൂര്‍ണമെന്‍റില്‍, ഇന്ത്യയുടെ തിളങ്ങുന്ന താരങ്ങളായ പ്രഭാകരന്‍, ജെറോം വിനീത്, രഞ്ജിത് സിങ് എന്നിവരായിരുന്നു ദോഹയിലെ വോളിഖ് താരങ്ങള്‍ക്കൊപ്പം കെ.എം.സി.സി ജഴ്സി ഇന്ത്യന്‍സ് ടീമിന്‍െറ അണിഞ്ഞത്.
ആദ്യറൗണ്ടിലെ മൂന്ന് മത്സരങ്ങളിലും പരാജയമറിയാതെയായിരുന്നു ഇന്ത്യയുടെ ചുണക്കുട്ടികള്‍ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യ റൗണ്ടിലെ ആദ്യ മത്സരത്തില്‍ നേപ്പാളുമായി 25-21, 27-25 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍സ് ടീമിന്‍െറ വിജയം.
ആദ്യദിവസത്തെ മത്സരത്തില്‍ പരസ്പരം ഒത്തിണക്കം കാട്ടാന്‍ സമയമെടുത്തെങ്കിലും രണ്ടാംദിവസം ഒരു ടീമായി അതിഥിതാരങ്ങളും വോളിഖ് താരങ്ങളും മാറുന്ന കാഴ്ചയണ് കണ്ടത്. രണ്ടാം ദിവസത്തെ ആദ്യമത്സരം ശ്രീലങ്കയുമായി നടന്നപ്പോള്‍ 25-23, 25-19 എന്ന രീതിയില്‍ മറ്റൊരു ഏകപക്ഷീയ ജയവുമായി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിരുന്നു ഇന്ത്യന്‍സ്. വ്യാഴാഴ്ച തന്നെ നടന്ന ലീഗ് റൗണ്ടിലെ മൂന്നാം മത്സരത്തില്‍ ഫിലിപ്പീന്‍സ് ടീമിനെയും 2-0 എന്ന സെറ്റിന് (25-16, 25-15) നിലംപരിശാക്കി നമ്മുടെ താരങ്ങള്‍ അധീശത്വം ഉറപ്പിച്ചു.
കലാശക്കളിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍സ് ആധിപത്യമുറപ്പിച്ചാണ് മുന്നേറിയത്. പ്രഭാകരന്‍ തുടരെതുടരെ എയ്സ് സര്‍വുകള്‍ ഉതിര്‍ത്തുകൊണ്ട് എതിരാളികളില്‍ ഭീതി പരത്തി. ആക്രമണത്തിലും പ്രതിരോധത്തിലും ഒരു പോലെ തിളങ്ങിയ ഇന്ത്യന്‍സ് ടീം ആറ് പോയിന്‍റ് ലീഡ് നിലനിര്‍ത്തിയായിരുന്നു മുന്നേറിയത്. ശ്രീലങ്കന്‍ അന്താരാഷ്ട്ര താരം ജാനിത് സുരാതിന്‍െറയും ഗയാന്‍ മദുസാങ്കയുടെയും ഒറ്റപ്പെട്ട ആക്രമണങ്ങളിലൂടെ വലിയൊരു ലീഡില്‍ വിജയിക്കുന്നതില്‍ നിന്ന് തടയാന്‍ ഒരു പരിധിവരെ സാധിച്ചു. രണ്ടാം സെറ്റില്‍ പക്ഷേ സ്ഥിതി മറിച്ചായി.
ഫസ്റ്റ് പാസുകള്‍ ഫലപ്രദമായി നല്‍കുന്നതില്‍ പരാജയപ്പെട്ട ഇന്ത്യന്‍സ് ഇടക്ക് ചില സബ്സ്റ്റിറ്റ്യൂഷനുകള്‍ പരീക്ഷിച്ചെങ്കിലും എതിരാളികളുടെ മുന്നേറ്റം ചെറുക്കുന്നതില്‍ വിജയം കണ്ടില്ല. മൂന്നാം സെറ്റില്‍ വര്‍ധിതവീര്യത്തോടെ ഇറങ്ങിയ ജെറോം വിനീതിനെയും പ്രഭാകരനെയുമാണ് കണ്ടത്. ആക്രമണത്തില്‍ കൂടുതല്‍ കരുത്തോടെ എതിരാളികളുടെ കോര്‍ട്ടില്‍ പന്തുകള്‍ കുത്തിയിറക്കി ഇരുവരും നാശം വിതച്ചു. മൂന്നും നാലും സെറ്റുകളില്‍ ഇന്ത്യന്‍സ് ടീമിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
വോളിഖ് താരങ്ങളായ സെബിന്‍ ജോസഫ്, ഫസല്‍, ഫവാസ്, എവിന്‍ എഡ്വേര്‍ഡ് എന്നിവര്‍ ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കി. ജേതാക്കള്‍ക്കുള്ള സമ്മാനദാനം ഖത്തര്‍ വോളിബാള്‍ അസോസിയേഷന്‍ ടെക്നിക്കല്‍ ഡയറക്ടര്‍ ഹുസൈന്‍ ഇമാം, മുന്‍ ഇന്ത്യന്‍ വോളി താരം ഡോ. ശശികല മുരളീധരന്‍, കെ.എം.സി.സി പ്രസിഡന്‍റ് എസ്.എ.എം ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജേതാക്കള്‍ക്കുള്ള ട്രോഫി ടീം ക്യാപ്റ്റന്‍ ആഷിക് അഹമദ്, മുഖ്യ കോച്ച് മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.