ഗസ്സയില്‍ ഖത്തര്‍ റെഡ്ക്രസന്‍റ് മന:ശാസ്ത്ര പിന്തുണ കേന്ദ്രം
text_fieldsദോഹ: ഫലസ്തീന്‍ റെഡ്ക്രസന്‍റുമായി സഹകരിച്ച് ഖത്തര്‍ റെഡ്ക്രസന്‍റ് ഗസ്സയില്‍ മന:ശാസ്ത്ര പിന്തുണ കേന്ദ്രം തുറന്നു. ദക്ഷിണ ഗസ്സയിലെ ഖാന്‍ യൂനിസിലാണ് സെന്‍റര്‍ ആരംഭിച്ചത്. ഗസ്സയിലെ ഖത്തര്‍ റെഡ്ക്രസന്‍റ് സൊസൈറ്റി മേധാവി ഡോ. അക്രം നാസര്‍, ഫലസ്തീന്‍ റെഡ്ക്രസന്‍റ് പ്രസിഡന്‍റ് ഡോ. യൂനിസ് അല്‍ ഖാതിബ്, ഇറ്റാലിയന്‍, ഡാനിഷ് റെഡ്ക്രോസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് സെന്‍ററിന്‍െറ ഉദ്ഘാടനത്തില്‍ സംബന്ധിച്ചു.
ഇസ്രായേലിന്‍െറ നിരന്തര ആക്രമണം നേരിടുന്ന ഫലസ്തീനികളുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ ഖത്തര്‍ റെഡ്ക്രസന്‍റും ഫലസ്തീന്‍ റെഡ് ക്രസന്‍റും തമ്മിലുള്ള സഹകരണം വലിയ പങ്കാണ് വഹിക്കുന്നത്.
ഗസ്സയിലെ മന:ശാസ്ത്ര സേവനരംഗത്തെ വികസനമാണ് ഇത്തരമൊരു കേന്ദ്രം ആരംഭിച്ചതിലൂടെ ലക്ഷ്യമിടുന്നത്. 2014ലെ ഗസ്സ ആക്രമണത്തില്‍ മാനസികമായി ദുര്‍ബലരായവരെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്നതും കേന്ദ്രത്തിന്‍െറ ലക്ഷ്യത്തിലുള്‍പ്പെടുമെന്ന് ഖത്തര്‍ റെഡ്ക്രസന്‍റ് മേധാവി ഡോ. നാസര്‍ അക്രം വ്യക്തമാക്കി. വിവിധ ചാരിറ്റി സംഘടനകളുമായി സഹകരിച്ച് ഫലസ്തീനില്‍ റെഡ്ക്രസന്‍റ് കൂടുതല്‍ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തുറക്കാന്‍ പദ്ധതിയിടുന്നതായി ഡോ. അല്‍ ഖാതിബ് പറഞ്ഞു.
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് ഫലസ്തീന്‍ പോലെയുള്ള നാടുകളില്‍ ദീര്‍ഘകാലമായി ഖത്തര്‍ റെഡ്ക്രസന്‍റ് മികച്ച സേവന പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. മാനസികമായി കരുത്ത് നേടുന്നതിന് ആവശ്യമായ പശ്ചാത്തലമൊരുക്കി നിര്‍മിച്ച പുതിയ കേന്ദ്രത്തില്‍ വിശാലമായ പൂന്തോട്ടവും സംവിധാനിച്ചിട്ടുണ്ട്. 135,000 ഡോളറാണ് ഇതിന്‍െറ നിര്‍മാണത്തിനായി ഖത്തര്‍ റെഡ്ക്രസന്‍റ് സൊസൈറ്റി ചെലവഴിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.