ആരോരുമില്ലാത്തവര്‍ക്ക് കൂടൊരുക്കുന്ന തണല്‍വീട്
text_fieldsദോഹ: വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണല്‍ പുനരധിവാസ കേന്ദ്രത്തിന്‍െറ ചെയര്‍മാനും മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള സംസ്ഥാന യുവജന ക്ഷേമ വകുപ്പിന്‍െറ ‘സ്വാമി വിവേകാനന്ദ’ പുരസ്കാര ജേതാവുമായ ഡോ. ഇദ്രീസ് ഹ്രസ്വസന്ദര്‍ശനാര്‍ഥം ദോഹയിലത്തെി. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് ജീവകാരുണ്യ-സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ വടകര, അരിക്കുളം, എടച്ചേരി എന്നിവിടങ്ങളിലും കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തും തണലിന്‍െറ വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പരിചരിക്കാന്‍ ബന്ധുക്കളോ താമസിക്കാന്‍ കൂര പോലുമോ ഇല്ലാത്ത തെരുവിലും ആശുപത്രി വരാന്തകളിലും ഉപേക്ഷിക്കപ്പെടുന്ന മാറാരോഗികളായ മനുഷ്യര്‍ക്ക് അത്താണിയാണ് വടകരയിലെ തണല്‍വീട്. ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റിന് കീഴില്‍ മാഹിയിലെ ഒരു വാടക കെട്ടിടത്തില്‍ ആരംഭിച്ച തണല്‍ വീട് ഒരു വര്‍ഷത്തിനകം അന്തേവാസികളുടെ ആധിക്യവും സ്ഥലപരിമിതിയും മൂലം വടകരയിലെ വിശാലമായ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. ഇതിനോടകം തണല്‍ ആയിരത്തിലധികം രോഗികളെ സ്വീകരിച്ചുകഴിഞ്ഞു. വന്നവരില്‍ ചിലരെയെങ്കിലും സ്വന്തം നാടും ബന്ധുക്കളെയും കണ്ടത്തെി തിരിച്ചയക്കാനായി. ഇപ്പോള്‍ 160 പേരാണ് തണലിലുള്ളത്. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഭിന്നശേഷികളുള്ള കുട്ടികള്‍ക്കായുള്ള സ്പെഷ്യല്‍ സ്കൂള്‍ എന്നിവയ്ക്കൊപ്പം, പാവപ്പെട്ടവര്‍ക്ക് തികച്ചും സൗജന്യമായും സാധാരണക്കാര്‍ക്ക് സൗജന്യനിരക്കിലും സേവനം ലഭിക്കുന്ന ഡയാലിസിസ് സെന്‍ററും വടകരയില്‍ ആരംഭിച്ചു. തുടര്‍ന്നാണ് പുരുഷന്മാര്‍ക്ക് മാത്രമായി കൊയിലാണ്ടിക്കടുത്തുള്ള അരിക്കുളത്ത് തണല്‍ വീടിന് ഉപകേന്ദ്രം തുറന്നത്. രണ്ട് വര്‍ഷത്തിന് ശേഷം വടകരയിലെയും അരിക്കുളത്തെയും മുഴുവനാളുകളെയും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ എടച്ചേരിയില്‍ തണലിന്‍്റെ കെട്ടിട സമുച്ചയം ഉയര്‍ന്നു. രോഗികളായ ഇവരെ ഒരേ സ്ഥലത്ത് തിരിച്ചുകൊണ്ടുവന്നത് മൂലം അവരുടെ ചികിത്സയും പുനരധിവാസത്തിനാവശ്യമായ മറ്റു പരിശീലനങ്ങലും എളുപ്പമുള്ളതാക്കി. വടകരയിലെയും അരിക്കുളത്തെയും കെട്ടിടങ്ങള്‍ സമീപ പ്രദേശത്തുകാര്‍ക്ക് ഉപകാരപ്പെടുംവിധം ഡയാലിസിസ് സെന്‍ററും മറ്റു ആരോഗ്യ പരിചരണ കേന്ദ്രങ്ങളുമാക്കാനാണ് പദ്ധതി.
വടകരയിലെ തണല്‍ ഡയാലിസിസ് സെന്‍റര്‍ 55 മെഷീനുകളോടെ തെക്കേ ഇന്ത്യയിലെ തന്നെ എറ്റവും വലിയ ഡയാലിസിസ് സെന്‍ററായി മാറിയിട്ടുണ്ട്. ദിവസേന നാല് ഷിഫ്റ്റുകളിലായി 325ഓളം ആളുകള്‍ക്ക് ഡയാലിസിസ് നല്‍കിവരുന്നു.
എടച്ചേരിയിലേക്ക് മാറ്റിയ സ്പെഷ്യല്‍ സ്കൂളില്‍ 260 കുട്ടികള്‍, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപേഷണല്‍ തെറാപ്പി, സൈക്കോ തെറാപ്പി എന്നീ സേവനങ്ങളും കാഴ്ചയും കേള്‍വിയുമില്ലാത്ത കുട്ടികള്‍ക്കുള്ള പ്രത്യേക സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നു. ഇത്രയും കുട്ടികള്‍ക്ക് സൗജന്യ നിരക്കില്‍ ഗതാഗതവും സൗജന്യമായി ഭക്ഷണവും പരിശീലനവും നല്‍കുന്നത് തണലാണ്.
അരിക്കുളത്ത് 15 മെഷീനുകളോടെ പുതിയ ഡയാലിസിസ് സെന്‍റര്‍, കേരളത്തിലെ മുഴുവന്‍ ഭാഗങ്ങളില്‍ നിന്നുമുള്ള കാന്‍സര്‍ രോഗികളെ, അവരുടെ ജീവിതത്തിലെ അവസാന കാലത്ത് കിടത്തി ചികിത്സിക്കാവുന്ന പാലിയേറ്റിവ് ഐ.പി സെന്‍റര്‍ എന്നിവയാണ് പുതിയ പദ്ധതികള്‍.
വടകരയില്‍ മൂന്നു നിലകളിലായി 22,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് ഇതിനായി വിഭാവനം ചെയ്തിരിക്കുന്നത്. തണലിന്‍െറ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന ദയ ഖത്തര്‍ ഡോ. ഇദ്രീസിന് സ്വീകരണം ഒരുക്കുന്നുണ്ട്.
ഏപ്രില്‍ ഒന്നിന് ഇന്ത്യന്‍ കോഫി ഹൗസിലും മൂന്നിന് രാത്രി എട്ട് മണിക്ക് കെ.എം.സി.സി ഹാളിലുമാണ് സ്വീകരണ പരിപാടികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. ഇദ്രീസിനെ ബന്ധപ്പെടാവുന്ന നമ്പര്‍ 33394879.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.