മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി അന്താരാഷ്ട്ര പ്രഖ്യാപനം
text_fieldsദോഹ: മാധ്യമരംഗത്ത് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് ഇന്‍റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ആഗോള സമ്മേളനത്തില്‍ അന്താരാഷ്ട്ര പ്രഖ്യാപനം പുറത്തിക്കി.
മാധ്യമരംഗത്തെ അന്താരാഷ്ട്ര നിലവാരം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തര്‍ക്കിടയില്‍ ബോധവല്‍കരണം നടത്തുക, മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പുവരുത്തി അവര്‍ക്ക് ന്യൂസ് റൂമുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന് പ്രോത്സാഹനം നല്‍കുക, ഭീതിതമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നത് സംബന്ധിച്ച് ബോധവല്‍കരിക്കുക തുടങ്ങിയവയാണ് പ്രഖ്യാപനത്തിന്‍െറ ഉള്ളടക്കം. അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്ക്, ഇന്‍റര്‍നാഷണല്‍ ന്യൂസ് സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ട്, ആഫ്രിക്ക മീഡിയ ഇനിഷ്യേറ്റീവ് എന്നിവയുമായി സഹകരിച്ചാണ് പ്രഖ്യാപനം പുറത്തിറിക്കിയത്.
മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായുള്ള അന്താരാഷ്ട്ര പ്രഖ്യാപനത്തിന്‍െറ കരട് രേഖ തയ്യാറാക്കാന്‍ ഐ.പി.ഐയും അതിന്‍െറ അന്താരാഷ്ട്ര പങ്കാളികളും സംയുക്തമായാണ് പ്രവര്‍ത്തിച്ചത്.
നിലവില്‍ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷക്കാവശ്യമായ അന്താരാഷ്ട്ര തലത്തിലെ സംവിധാനങ്ങളുടെയും പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനായി സംഘടനകളും മാധ്യമപ്രവര്‍ത്തകരും പരിചയിച്ചുപോന്ന നടപടിക്രമങ്ങളുടെയും ചുവടുപിടിച്ചാണ് പ്രഖ്യാപനം തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നടന്ന വട്ടമേശ സമ്മേളനത്തില്‍ പ്രഖ്യാപനം നിരൂപണം ചെയ്താണ് പ്രഖ്യാപനം തയാറാക്കിയത്. രണ്ട് ഘട്ടങ്ങളിലും ലോക മാധ്യമരംഗത്തെ പ്രമുഖരാണ് പങ്കെടുത്തത്. മൂന്ന് വിഭാഗങ്ങളെയാണ് പ്രധാനമായി പ്രഖ്യാപനത്തില്‍ അഭിസംബോധന ചെയ്യുന്നതെന്ന് വേള്‍ഡ് പ്രസ് ഫ്രീഡം ഹീറോയും ഐ.പി.ഐ എക്സിക്യുട്ടീവ് ബോര്‍ഡ് അംഗവുമായ ദാവുദ് കുതാബ് വ്യക്തമാക്കി.
തങ്ങളുടെ ജീവനേക്കാള്‍ വിലയുള്ള വാര്‍ത്തയില്ളെന്ന് ബോധ്യപ്പെടേണ്ട മാധ്യമപ്രവര്‍ത്തകരാണ് ഒന്ന്. ജോലി ചെയ്യാന്‍ പൂര്‍ണമായും തയ്യാറാല്ലാത്ത അന്തരീക്ഷത്തിലേക്ക് ഒരിക്കലും അവരെ അതിന് അയക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട മാധ്യമ സ്ഥാപനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ഏത് അതിക്രമങ്ങള്‍ക്കെതിരെയും മുഖം നോക്കാതെ നടപടിയെടുക്കേണ്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയാണ് രണ്ടും മൂന്നും വിഭാഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങള്‍ നടപ്പാക്കുന്നതിന് പുതിയ പ്രഖ്യാപനം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
