ഗള്‍ഫ് പ്രവാസി നാടകമത്സരം: ഖത്തറില്‍ നിന്ന് മികച്ച നടി
text_fieldsദോഹ: കേരള സംഗീത നാടക അകാദമിയുടെ ഗള്‍ഫ് പ്രവാസി നാടകമത്സരത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത് ഖത്തറിലെ മലയാളി അധ്യപികക്ക്. സംസ്കൃതി ഖത്തര്‍ അവതരിപ്പിച്ച ‘കടല്‍ കാണുന്ന പാചകക്കാരന്‍’ എന്ന നാടകത്തില്‍ ഇരട്ട വേഷങ്ങള്‍ അവതരിപ്പിച്ച ദര്‍ശന രാജേഷ് ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. പത്തു വര്‍ഷത്തിലേറെയായി ദോഹ ബിര്‍ള പബ്ളിക് സ്കൂളിലെ മലയാളം അധ്യാപിയായ ദര്‍ശന, ആയിശ എന്ന ഗദ്ദാമയുടെ വേഷത്തിലും പെണ്‍മീനിന്‍െറ വേഷത്തിലുമാണ് വേഷമിട്ടത്. അകാദമിയുടെ കഴിഞ്ഞ വര്‍ഷത്തെ നാടകോത്സവത്തില്‍ സംസ്കൃതി അവതരിപ്പിച്ച ‘ഒറ്റപ്പെട്ടവന്‍’ എന്ന നാടകത്തിലും വേഷമിട്ടിരുന്നു. സ്കൂള്‍ കലോത്സവങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി നാടകം എഴുതുകയും സംവിധാനം ചെയ്തിട്ടുമുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം ആദ്യമായാണ് അരങ്ങിലത്തെിയത്. ദോഹയില്‍ ബിസിനസ് നടത്തുന്ന ഭര്‍ത്താവ് രാജേഷും ‘കടല്‍ കാണുന്ന പാചകക്കാരനില്‍’ അഭിനേതാവായിരുന്നു. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് കൊച്ചി സ്വദേശിനിയായ ദര്‍ശന പ്രതികരിച്ചു.
ഇന്ത്യന്‍ കള്‍ചറല്‍ സെന്‍ററില്‍ നടന്ന നാടകോത്സവത്തില്‍ ഉള്ളടക്കംകൊണ്ടും അവതരണം കൊണ്ടും ‘കടല്‍ കാണുന്ന പാചകക്കാരന്‍’ നാടകപ്രേമികളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പ്രവാസലോകത്തെ അടുക്കളയില്‍ പാചകക്കാരനാവേണ്ടി വന്ന ഖലീല്‍ എന്ന കഥാപാത്രത്തിലൂടെയാണ് നാടകം മുമ്പോട്ടുപോകുന്നത്. സമകാലിക ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ പാശ്ചാത്തലങ്ങള്‍ അതിഭാവുകത്വത്തിന്‍െറ മേമ്പോടികളില്ലാതെ പക്വമായി അവതരിപ്പിച്ചത് നാടകത്തെ ശ്രദ്ധേയമാക്കി. 13 ദിവസം കൊണ്ടാണ് നാടകം ഒരുക്കിയെടുത്തതെന്ന് അവര്‍ പറഞ്ഞു. മുഖ്യകഥാപാത്രങ്ങളായി വേഷമിട്ടത് സംവിധായകനായ ഫിറോസ് മൂപ്പനാണ്. ബാബു വൈലത്തൂര്‍ രചന നിര്‍വഹിച്ചു. പശ്ചാത്തല സംഗീതം സുഹാസ് പാറക്കണ്ടിയും ദീപ നിയന്ത്രണം ഗണേഷ് ബാബുവും രംഗസജ്ജീകരണം വിനയന്‍ ബേപ്പൂരുമാണ് ഒരുക്കിയത്. ക്രിയേറ്റീവ് കോ ഓഡിനേറ്റര്‍ നൗഫല്‍ ഷംസ്. മനീഷ് സാരംഗി, ജെയിംസ് കിളന്നമണ്ണില്‍, ഫൈസല്‍ അരിക്കാട്ടയില്‍, ശ്രീലക്ഷ്മി സുരേഷ്, ഗൗരി മനോഹരി, നേഹ കൃഷ്ണ, അസ്ളേശ സന്തോഷ് , ശ്രീനന്ദ രാജേഷ്, സഞ്ജന എസ്. നായര്‍ , റഫീക്ക് തിരുവത്ര, മന്‍സൂര്‍ ചാവക്കാട്, ഷെറിന്‍ പരപ്പില്‍, താഹിര്‍, വിനയന്‍ ബേപ്പൂര്‍, നിതിന്‍, സുരേഷ്കുമാര്‍ ആറ്റിങ്ങല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ഖത്തര്‍ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ‘കാഴ്ചബംഗ്ളാവ്’, ക്യു മലയാളം നാടകവേദിയുടെ ‘കരടിയുടെ മകന്‍’ എന്നീ നാടകങ്ങളാണ് ഖത്തറില്‍ നിന്ന് മത്സരത്തിനുണ്ടായിരുന്ന മറ്റ് നാടകങ്ങള്‍. കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ച ് വീതമടക്കം ആകെ 13 നാടകങ്ങളാണ് ഈ വര്‍ഷം ഗള്‍ഫ് പ്രവാസി നാടക മത്സരത്തില്‍ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
