കനത്ത മഴയില്‍ ഖത്തറില്‍ കൃഷിനാശം
text_fieldsദോഹ: ഖത്തറില്‍ ബുധനാഴ്ച പെയ്ത ശക്തമായ മഴയില്‍ കൃഷിനാശമുണ്ടായതായി റിപ്പോര്‍ട്ട്. പച്ചക്കറി ഉല്‍പാദകരെയാണ് മഴ സാരമായി ബാധിച്ചത്. പുതിന, ക്യാബേജ്, ലെറ്റൂസ്, ഉള്ളി തുടങ്ങി വിവിധയിനം പച്ചക്കറികള്‍, ധാന്യവിളകള്‍, ശീതകാല തൈകള്‍ എന്നിവയെയാണ് മഴ കാര്യമായി ബാധിച്ചത്. എന്നാല്‍, ഹരിതഗൃഹ സംവിധാനത്തില്‍ മഴയും വെയിലുമേല്‍ക്കാത്ത രീതിയില്‍ കൃഷി ചെയ്ത വിളകള്‍ക്ക് നാശമുണ്ടായിട്ടില്ളെന്ന് അജാജ് ഫാം ഡയറക്ടര്‍ അഹമ്മദ് അല്‍ ഖുബൈസി പ്രാദേശിക പത്രത്തോട് പറഞ്ഞു. തുറസ്സായ സ്ഥലങ്ങളില്‍ അടുത്ത ആഴ്ചയോടെ വിളവെടുക്കാന്‍ പാകമായ കൃഷികളാണ് നശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ തുടങ്ങി ഏപ്രില്‍ അവസാനം വരെ നീളുന്ന അല്‍ ‘സിരിയത്ത്’ സീസണ്‍ വരാനിരിക്കെ ഇത്രയും മഴ പ്രതീക്ഷിച്ചിരുന്നില്ളെന്ന് കര്‍ഷകര്‍ പറഞ്ഞു.
പൂകൃഷിയെയും മഴ ബാധിച്ചതായി ഈ രംഗത്തുള്ളവര്‍ പറയുന്നു. പൂക്കാലത്തിനായി ഒരുക്കിയ ചെടികളെല്ലാം വളരെ വേഗത്തില്‍ ചീഞ്ഞുപോകുമെന്നതിനാല്‍ ശക്തമായ മഴയെ പ്രതിരോധിക്കാന്‍ ഇവക്കാകില്ല. എന്നാല്‍, വേനല്‍കാലത്തേക്ക് കരുതി നട്ട ചെടികള്‍ക്ക് മഴ ആശ്വാസമായതായും പ്രമുഖ നഴ്സറിയുടമ പറഞ്ഞു. ഈത്തപ്പനയുടെ പരാഗണ കാലമായ ഈ സമയത്ത് കുറഞ്ഞ ഇടമഴ ഗുണകരമാണെങ്കിലും ശക്തമായ മഴ പൂമ്പൊടി നശിച്ചുപോകാന്‍ കാരണമായേക്കുമെന്നും കര്‍ഷകര്‍ പറയുന്നു. ഈ വര്‍ഷത്തെ ശക്തമായ മഴ വിളകളെ കാര്യമായി ബാധിക്കുമെന്ന് ശഹാനിയയിലെ കര്‍ഷകന്‍ പറഞ്ഞു. കൃത്രിമമായി പരാഗണം സാധ്യമാണെങ്കിലും ഇതിന് പരിധിയുണ്ടെന്നും ഇവര്‍ പറയുന്നു.
തേനീച്ച കൃഷിയെയും മഴ പ്രതികൂലമായി ബാധിച്ചതായി അല്‍ ഖോറില്‍ തേന്‍കൃഷി ചെയ്യുന്ന കര്‍ഷന്‍ പറഞ്ഞു. ശക്തമായ മഴയിലും കാറ്റിലും പൂക്കള്‍ നശിച്ചത് തേന്‍ ശേഖരിക്കുന്ന തേനീച്ചകളെ ദോഷകരമായി ബാധിക്കുമെന്ന് ഇവര്‍ കരുതുന്നു.
ഖത്തറിലെ പച്ചക്കറി ഉല്‍പാദനം നാമമാത്രമായതിനാല്‍ രാജ്യത്തെ പച്ചക്കറി വിലയെ ഇത് കാര്യമായി ബാധിക്കാനിടയില്ളെന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വില്‍പനക്കാരന്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.