എല്ലാ മാളുകളിലും ഇനി ഒരേ പാര്‍ക്കിങ് ഫീസ്
text_fieldsദോഹ: മാളുകളിലടക്കം വിവിധയിടങ്ങളിലെ പാര്‍ക്കിങ്ങിനും വി.ഐ.പി വാലറ്റ് സര്‍വീസിനും ഏകീകൃത ഫീസ്ഘടന വാണിജ്യമന്ത്രാലയം പ്രഖ്യാപിച്ചു. ഏകീകൃത ഫീസ് ഘടന കൊണ്ടുവരുന്നതിന് പാര്‍ക്കിങിന് നിരക്ക് ഈടാക്കുന്ന സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന് അപേക്ഷ നല്‍കണമെന്ന് രണ്ട് മാസം മുമ്പ് അറിയിച്ചിരുന്നു. സിറ്റി സെന്‍റര്‍, എസ്ദാന്‍ മാള്‍, ലാന്‍ഡ്മാര്‍ക് മാള്‍ ഗള്‍ഫ് മാള്‍, ദാറുസ്സലാം മാള്‍, ഗേറ്റ് മാള്‍, സൂഖ് വാഖിഫ്, ദോഹ ഗോള്‍ഫ് ക്ളബ്, അല്‍ അഹ്ലി ഹോസ്പിറ്റല്‍, വില്ലാജിയോ മാള്‍, ലഗൂണ മാള്‍, പേള്‍ ഖത്തര്‍, കതാറ എന്നിവയാണ് പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്താന്‍ അപേക്ഷിച്ചത്. ഒരു ദിവസത്തേക്ക് പരമാവധി 70 റിയാല്‍ മാത്രമേ ഈടാക്കാവൂ എന്ന് മന്ത്രാലയം അറിയിച്ചു.
പാര്‍ക്കിങ് ഏരിയയിലേക്ക് കടന്ന് 30 മിനുട്ടിന് ശേഷം മാത്രമേ പണം ഈടാക്കാവൂ. പാര്‍ക്കിങിന് സ്ഥലം ലഭിക്കാതെ പുറത്തുപോകുകയാണെങ്കില്‍ പണം നല്‍കേണ്ടതില്ല.
ആദ്യത്തെ ഒന്ന്, രണ്ട് മണിക്കൂറുകള്‍ക്ക് യഥാക്രമം രണ്ട് റിയാലും മൂന്ന്, നാല് മണിക്കൂറുകള്‍ക്ക് യഥാക്രമം മൂന്ന് റിയാലും അഞ്ചാം മണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിനും അഞ്ച് ഖത്തര്‍ റിയാല്‍ വീതവും ഈടാക്കാം. ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ പരമാവധി 70 റിയാല്‍ ഈടാക്കാം. റഗുലര്‍ വാലറ്റ് പാര്‍ക്കിങിന് 30 റിയാലും വി.ഐ.പി വാലറ്റ് പാര്‍ക്കിങിന് 60 റിയാലും ഈടാക്കാം.
മന്ത്രാലയത്തിന്‍െറ അനുമതി കൂടാതെ പാര്‍ക്കിങ് സ്ഥലം മൂന്നാം കക്ഷിക്ക് വാടകക്ക് നല്‍കാന്‍ പാടില്ല. പാര്‍ക്കിങ്, വാലറ്റ് നിരക്കുകള്‍ കാണാവുന്ന തരത്തില്‍ സ്ഥാപനങ്ങളുടെ മുന്‍വശം പ്രദര്‍ശിപ്പിക്കണം. ചില സ്ഥാപനങ്ങള്‍ അമിത പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നതിനാലാണ് പ്രത്യേക കമ്മിറ്റിയെ വെച്ച് പഠനം നടത്തി പുതിയ പാര്‍ക്കിങ് നിരക്ക് ഘടന മന്ത്രാലയം പ്രഖ്യാപിച്ചത്. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ സോഷ്യല്‍ മീഡിയയിലൂടെ അടക്കം വിവിധ മാര്‍ഗങ്ങളിലൂടെ പരാതിപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.