ഈത്തപ്പഴങ്ങളെക്കുറിച്ച് ഗവേഷകര്‍ പഠനം നടത്തുന്നു
text_fieldsദോഹ: പ്രധാനപ്പെട്ട രണ്ട് ഇനം ഈത്തപ്പഴങ്ങളെക്കുറിച്ച് ഖത്തറിലെ ഗവേഷകര്‍ പഠനം നടത്തുന്നു. എന്ത് കൊണ്ടാണ് ഈത്തപ്പഴം ഇത്രയും ആരോഗ്യസമ്പുഷ്ടമായ ഭക്ഷണമായതെന്നും ഇതില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളെക്കുറിച്ചുമാണ് ഗവേഷണം നടക്കുന്നത്. വീല്‍കോര്‍ണര്‍ മെഡിസിന്‍ ഖത്തറിലെ (ഡബ്ള്യു.സി.എം.ക്യു) വിദഗ്ധരാണ് ഖലസ്, ദെഗ്ലിത് നൂര്‍ എന്നീ പ്രമുഖ ഇനങ്ങളില്‍ പഠനം നടത്തുന്നത്.
ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും അറിയപ്പെടുന്നതും പ്രിയമേറിയതുമായ ഈത്തപ്പഴ വിഭാഗമാണ് ഖലസ്. ഈര്‍പ്പത്തോട ചുവപ്പില്‍ ചാരനിറം കലര്‍ന്ന ഈ ഈത്തപ്പഴ വര്‍ഗം ഈത്തപ്പഴങ്ങളുടെ രാജ്ഞി എന്നാണ് അറിയപ്പെടുന്നത്. ഉത്തരാഫ്രിക്കയിലെ അറിയപ്പെട്ട തരം ഈത്തപ്പഴമാണ് ദെഗ്ലിത് നൂര്‍. അല്‍ജീരിയ, തുണീസ്യ എന്നീ രാജ്യങ്ങളിലാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്.
ഫ്ളവനോയിഡ്സ്, കരോട്ടിനോയിഡ്സ്, പോളി ഹിനോല്‍ഡ്സ്, സ്റ്റീറോള്‍സ് തുടങ്ങിയ ജൈവ ഘടകങ്ങളാണ് ഈത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നത്. ഇവ മനുഷ്യാരോഗ്യത്തിന് വളരെ ഉപകാരപ്പെട്ടതാണെന്നും ഒരാള്‍ ഈത്തപ്പഴം കഴിക്കുന്നതോടെ അയാളുടെ ശരീരരത്തില്‍ ഈ ഘടകങ്ങളെല്ലാം എത്തിച്ചേരുന്നുവെന്നതും തങ്ങളെ അല്‍ഭുതപ്പെടുത്തിയെന്ന് ഗവേഷകിരിലൊരാളായ സ്വീതി മാത്യൂ പറഞ്ഞു. നോമ്പ് തുറക്കുന്നത് ഈത്തപ്പഴം കൊണ്ടാവുന്നത് വളരെ നല്ലതാണെന്ന് പറയുന്നത് ഇതില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ പഞ്ചസാരയുടെ കാരണത്താലാണ്. കൊളസ്ട്രോള്‍ കുറക്കുന്നതിനും ഹൃദയ രോഗങ്ങള്‍ കുറക്കുന്നതിനും ഇതിലെ ഘടകങ്ങള്‍ സഹായിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ഖലസിലും ദെഗ്ലിതിലും അടങ്ങിയിരിക്കുന്ന ജൈവ ഘടകങ്ങളെക്കുറിച്ചും ഈ ഈത്തപ്പഴ ഇനങ്ങള്‍ മനുഷ്യന്‍ ഭക്ഷിക്കുമ്പോള്‍ എന്ത് പോഷകപരിണാമങ്ങളാണ് ശരീരത്തില്‍ ഉണ്ടാകുന്നത് എന്നുമാണ് തങ്ങള്‍ പരിശോധിക്കുന്നതെന്ന് സ്വീതി പറഞ്ഞു. ഈ രണ്ട് ഈത്തപ്പഴങ്ങളും മനുഷ്യന് നല്‍കുന്ന വൈറ്റമിനുകളെയും മിനറല്‍സിനെയും കുറിച്ചും കൂടാതെ 12 മണിക്കൂര്‍ നോമ്പെടുത്ത ശേഷം ഈത്തപ്പഴം ഭക്ഷിക്കുന്ന ഒരാളിലെ രക്തത്തിലുണ്ടാവുന്ന ജൈവപരിണാമങ്ങളെ കുറിച്ചുമാണ് തങ്ങള്‍ പ്രധാനമായും പരിശോധിക്കുന്നത്. വെറും പഞ്ചസാര വെള്ളം മാത്രം കുടിച്ച് നോമ്പ് മുറിച്ചയാളുടെ രക്തവുമായി താരതമ്യപ്പെടുത്തിയുള്ള പഠനവും തങ്ങള്‍ നടത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഈ പരീക്ഷണങ്ങള്‍ക്ക് ശേഷം ഏത് ഈത്തപ്പഴമാണ് മനുഷ്യശരീരത്തിലെ പോഷക പരിണാമത്തിന് കൂടുതല്‍ സഹായിക്കുന്നതെന്ന് പറയാന്‍ കഴിയുമെന്നും വളരെ സൂക്ഷ്മതയോടും ജാഗ്രതയോടെയുമാണ് പരീക്ഷണം നടക്കുന്നതെന്നും സ്വീതി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
