വികസിപ്പിച്ച നജ്മ സ്ട്രീറ്റും പുതിയ പാലവും തുറന്നു
text_fieldsദോഹ: ഈസ്റ്റ് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായി പുനര്‍നിര്‍മിച്ച നജ്മ സ്ട്രീറ്റും ഈസ്റ്റ് കോറിഡോര്‍ എക്സ്പ്രസ് ഹൈവേക്ക് കുറുകെ നിര്‍മിച്ച പാലവും ഗതാഗതത്തിനായി തുറന്നുകൊടുത്തതായി പബ്ളിക് വര്‍ക്സ് അതോറിറ്റി അറിയിച്ചു. ദോഹയുടെ തെക്ക് ഭാഗത്തെ ഗതാഗത സൗകര്യം വിപുലമാക്കുന്നതിന്‍െറയും അടിസ്ഥാന സൗകര്യവികസനപ്രവര്‍ത്തനങ്ങളുടെയും ഭാഗമാണിവ. അശ്ഗാല്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാന നാഴികക്കല്ലായാണ് ഇതറിയപ്പെടുക. നജ്മ സ്ട്രീറ്റില്‍ നിന്നും പുതുതായി നിര്‍മിച്ച റോഡ് എഫ് റിങ് റോഡുമായും അല്‍ വക്റ മെയിന്‍ റോഡുമായും ബന്ധിപ്പിച്ച നിലയിലാണുള്ളത്. ദോഹയുടെ തെക്ക് ഭാഗത്തെ ഓള്‍ഡ് എയര്‍പോര്‍ട്ടുമായും അല്‍ തുമാമയുമായും ബന്ധിപ്പിക്കുന്ന പ്രധാന പദ്ധതികൂടിയാണ് ഇത്.
പാത ഗതാഗതത്തിനായി തുറന്നതോടെ അല്‍ മതാര്‍ സ്ട്രീറ്റും റാസ് ബൂ അബൂദ് സ്ട്രീറ്റും പിടിക്കാതെ തന്നെ ദോഹയില്‍ നിന്നും വക്റയിലേക്കും തിരിച്ചും എത്താന്‍ സാധിക്കും. ഇത് ദക്ഷിണ ദോഹയിലെ തിരക്കും സമയ നഷ്ടവും കുറക്കാനും ഇടയാക്കും. പുതുതായി 2.4 കിലോമീറ്ററാണ് നജ്മ സ്ട്രീറ്റില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഇരുഭാഗത്തും മൂന്ന് വരി പാതകളും ചേര്‍ത്തിട്ടുണ്ട്. 117 മീറ്റര്‍ നീളത്തില്‍ പുതുതായി നിര്‍മിച്ച പാലം 10 മീറ്റര്‍ ഉയരവുമുണ്ട്. ഈസ്റ്റ് വെസ്റ്റ് കോറിഡോറിനും നജ്മ സ്ട്രീറ്റ് ഇന്‍റര്‍സെക്ഷനുമിടയില്‍ സ്ഥിതി ചെയ്യുന്ന പാലത്തിലടക്കം റോഡിലെ പരമാവധി വേഗത 80 കിലോമീറ്ററാണ്. ഈസ്റ്റ് വെസ്റ്റ് ഇടനാഴിയുടെ ഭാഗമായി ഈസ്റ്റ് കോറിഡോറിലാണ് നജ്മ സ്ട്രീറ്റ് പാലം നിര്‍മിച്ചിരിക്കുന്നത്. അശ്ഗാലിന്‍െറ ഏറ്റവും പ്രധാനപ്പെട്ട എക്സ്പ്രസ് വേ പദ്ധതിയാണ് ഈസ്റ്റ് വെസ്റ്റ് കോറിഡോര്‍ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.