അതിര്‍ത്തി സുരക്ഷക്കായി ഖത്തര്‍ ഡ്രോണുകള്‍ വികസിപ്പിക്കുന്നു
text_fieldsദോഹ: തീരദേശ അതിര്‍ത്തി സംരക്ഷണത്തിന്‍െറ ഭാഗമായി ആളില്ലാ വിമാനങ്ങളായ ഡ്രോണുകളുടെ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഖത്തര്‍. വിദൂരനിയന്ത്രിത വിമാനങ്ങള്‍ രാജ്യത്തിന്‍െറ അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കാനുള്‍പ്പെടെ സഹായകമാകുമെന്ന് ഖത്തര്‍ സായുധസേന റീകാനസന്‍സ് ആന്‍റ് സര്‍വയലന്‍സ് സെന്‍റര്‍ (ആര്‍.എസ്.സി) ഡയറക്ടര്‍ ജനറല്‍ ഖാലിദ് ബിന്‍ അഹ്മദ് അല്‍ കുവാരി പറഞ്ഞു. ഡ്രോണുകളുടെ ഉപയോഗം ഏതൊരു രാജ്യത്തിനും വളരെ പ്രധാനപ്പെട്ടതായി മറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡ്രോണുകള്‍ വികസിപ്പിക്കുന്നത് സംബന്ധിച്ച് ടെക്സാസ് എ ആന്‍ഡ് എം യൂനിവേഴ്സിറ്റിയുമായി ഗവേഷണ കരാറില്‍ അദ്ദേഹം ഒപ്പുവെക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഡ്രോണ്‍ സാങ്കേതിക വിദ്യ പ്രതിരോധം, വ്യവസായം, വാണിജ്യം എന്നിവയില്‍’ എന്ന വിഷയത്തിലാണ് അഞ്ച് വര്‍ഷത്തെ ഗവേഷണം നടത്തുക.
ചെറിയ രാജ്യമാണെങ്കിലും വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന വൈമാനിക മേഖലയാണ് ദോഹയിലേത്. കുറഞ്ഞ ചെലവില്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഉപകരണമാണ് ഡ്രോണ്‍. ഭൂമിശാസ്ത്രമുള്‍പ്പെടെയുള്ള വിവിധ പഠനങ്ങള്‍ക്കും ഡ്രോണുകള്‍ ഉപയോഗിക്കാം. വിമാനം ഉപയോഗിക്കുന്നതിനേക്കാള്‍ കുറഞ്ഞ സമയത്തിനകം ആവശ്യം നേടാന്‍ കഴിയും. ഈ സാഹചര്യങ്ങള്‍ മനസിലാക്കിയാണ് ഖത്തര്‍ ഡ്രോണുകള്‍ വികസിപ്പിക്കന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനാണ് ഖത്തര്‍ സ്വന്തം ഡ്രോണുകള്‍ ഇപ്പോള്‍ വികസിപ്പിക്കുന്നത്. സൈനിക ആവശ്യത്തിന് വേണ്ടി ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
ദോഹയില്‍ മാര്‍ച്ചില്‍ നടന്ന ഡിംഡെക്സ് സമുദ്രസുരക്ഷാ പ്രദര്‍ശന വേളയില്‍ ഡ്രോണുകള്‍ വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഖത്തര്‍ പോളിഷ് കമ്പനിയുമായി ഒപ്പു വെച്ചിരുന്നു. ജര്‍മനിയുമായി സഹകരിച്ച് ഖത്തര്‍ ഡ്രോണ്‍ ഉല്‍പാദനം തുടങ്ങുമെന്ന് പ്രതിരോധ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ എക്സിബിഷനിടെ അറിയിച്ചിരുന്നു. അമേരിക്കന്‍ കമ്പനിയായ അറോറയുമായി ഡ്രോണ്‍ സെന്‍സര്‍ ഇന്‍റഗ്രേഷനായി 3258 കോടി റിയാലിന്‍െറ കരാറില്‍ ബിയന്നല്‍ പ്രതിരോധ എക്സ്പോയില്‍ വെച്ചും ഖത്തര്‍ ഒപ്പുവെച്ചിട്ടുണ്ട്. ജര്‍മന്‍ കമ്പിനയായ റീനെര്‍ സ്റ്റെം യൂട്ടിലിറ്റി എയര്‍ സിസ്റ്റവുമായി 365 ദശലക്ഷം റിയാലിന്‍െറ കരാറിലും ഖത്തര്‍ ഇതേ പ്രദര്‍ശനത്തില്‍ വെച്ച് ഒപ്പിട്ടിട്ടുണ്ട്.
ഡ്രോണുകള്‍ വാണിജ്യം, സയന്‍സ്, വിനോദം, പൊലീസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായിഉപയോഗിച്ചു വരുന്നതായും എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തുമെന്നും ഖാലിദ് ബിന്‍ അഹ്മദ് അല്‍ കുവാരി പറഞ്ഞു. ദുബൈ വിമാനത്താവളത്തില്‍ സംഭവിച്ചത്പോലെ ആകാശ പാതയില്‍ ഡ്രോണുകള്‍ ചെറിയ ഭീഷണി സൃഷ്ടിക്കാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.